ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രിമാരായ ഇ.പി. ജയരാജനും കെ.ടി..ജലീലും ഉൾപ്പെടെ പ്രതികളായ 2015 ലെ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന സർക്കാർ അപേക്ഷ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. പൊതുമുതൽ നശിപ്പിച്ച കേസ് എഴുതിത്തള്ളാനാവില്ലെന്നു സർക്കാരിനു കനത്ത തിരിച്ചടിയായുള്ള വിധിയിൽ കോടതി വ്യക്തമാക്കി. മന്ത്രിമാരടക്കം 6 പ്രതികളും അടുത്ത മാസം 15നു ഹാജരാകണം. അന്നു പ്രതികൾ ജാമ്യമെടുക്കേണ്ടി വരും.

നിയമസഭാംഗങ്ങൾ പൊതുമുതൽ നശിപ്പിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ സമൂഹം കണ്ടതാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും 8 പേജ് ഉത്തരവിൽ പറയുന്നു. പൊതുമുതൽ നശിപ്പിച്ച കേസ് എഴുതിത്തള്ളാൻ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവും കോടതി കണക്കിലെടുത്തു.

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാൻ സ്പീക്കറുടെ വേദി ഉൾപ്പെടെ തകർത്തതിന്റെ പേരിലാണു കേസ്. ബാർ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അതിക്രമം. അന്ന് എംഎൽഎമാരായിരുന്ന കെ.അജിത്, കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, വി.ശിവൻകുട്ടി എന്നിവരാണ് മന്ത്രിമാർക്കു പുറമേയുള്ള പ്രതികൾ. 

നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ, പൊതുമുതൽ നശിപ്പിച്ച കുറ്റത്തിനു ജാമ്യമില്ലാ വകുപ്പാണു ചുമത്തിയത്. കേസ് പിൻവലിക്കണമെന്നു വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നൽകിയതിനെത്തുടർന്നാണ് സർക്കാർ കോടതിയിലെത്തിയത്.

പരാതി നൽകേണ്ടതു സ്‌പീക്കറാണെന്നായിരുന്നു വാദം. സഭാംഗങ്ങളുടെ ഐക്യം നിലനിർത്താനാണു കേസ് പിൻവലിക്കുന്നതെന്നും വാദിച്ചു. സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ തടസ്സ ഹർജി നൽകിയിരുന്നു. പൊതുമുതൽ നശിപ്പിക്കുന്നതു തടയേണ്ട സർക്കാർ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതു ജനങ്ങളെ കബളിപ്പിക്കുന്നതിനു തുല്യമാണെന്നും ഇവർ വാദിച്ചു. 

സർക്കാർ അപ്പീലിന്

ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ തീരുമാനം. കോടതി ഉത്തരവിന്റെ പകർപ്പും മറ്റു രേഖകളും സർക്കാർ അഭിഭാഷക ഇന്നലെത്തന്നെ വാങ്ങി. അതേസമയം, അപ്പീൽ നീക്കം സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.  

അടിച്ചു തകർത്തത്  2.2 ലക്ഷത്തിന്റെ പൊതുമുതൽ

സ്പീക്കറുടെ കസേര 20,000

എമർജൻസി ലാംപ് 2185 

മൈക്ക് യൂണിറ്റ് (4)   1,45,920 

സ്റ്റാൻഡ്ബൈ മൈക്ക് 22,000 

ഡിജിറ്റൽ ക്ലോക്ക് (2) 200 

മോണിറ്റർ (2) 28,000 

ഹെഡ് ഫോൺ (3) 1788 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com