ADVERTISEMENT

തിരുവനന്തപുരം ∙ യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണത്തിനു കൊണ്ടുപോയതുമായി ബന്ധപ്പെട്ടു കൂടുതൽ വ്യക്തത തേടി എൻഐഎ വീണ്ടും സിആപ്റ്റിലെത്തും. കസ്റ്റംസിനും എൻഐഎക്കും ഉദ്യോഗസ്ഥർ നൽകിയ മൊഴിയിലെ വൈരുധ്യവും സിആപ്റ്റിലെ ചിലരുടെ സംശയാസ്പദ നീക്കങ്ങളുമാണു എൻഐഎ അന്വേഷിക്കുന്നത്.

കോൺസുലേറ്റിൽ നിന്നു ഗ്രന്ഥം കൊടുത്തുവിട്ട ഉദ്യോഗസ്ഥന്റെ ഫോൺ വിളികൾ പരിശോധിക്കും. സിആപ്റ്റിന്റെ മുൻ എംഡി എം. അബ്ദുൽറഹ്മാനെയും ഈയിടെ പിരിഞ്ഞ ചില ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും. കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിൽ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് എൻഐഎയുടെ നിർണായക നീക്കങ്ങൾ.

32 പാക്കറ്റ് മതഗ്രന്ഥമാണു സിആപ്റ്റിലെത്തിച്ചത്. ഇതിൽ ഒരു പാക്കറ്റ് പൊട്ടിച്ചു ഗ്രന്ഥങ്ങൾ സിആപ്റ്റ് ജീവനക്കാരെടുത്തെന്നാണു മൊഴി. ബാക്കി 31 പാക്കറ്റുകൾ മലപ്പുറത്തെ 2 സ്ഥാപനങ്ങളിലേക്കു കൊണ്ടുപോയി. ഒരു പാക്കറ്റിൽ 32 മതഗ്രന്ഥങ്ങളാണെന്നും ഒരു ഗ്രന്ഥത്തിന് 567 ഗ്രാം തൂക്കമെന്നും കണ്ടെത്തിയിരുന്നു. അങ്ങനെ ഒരു പാക്കറ്റിന് 18 കിലോഗ്രാം ഭാരം. ഇത്തരം 31 പാക്കറ്റുകൾ മലപ്പുറത്തേക്കു മിനി ലോറിയിൽ കൊണ്ടുപോയി എന്നായിരുന്നു ഒരാളുടെ മൊഴി. ആകെ ഏകദേശം 580 കിലോ ഭാരം.

Sarith | Swapna Suresh | Sandeep Nair

എന്നാൽ, ഇതേ ആവശ്യത്തിനു പലപ്പോഴായി 6 വാഹനങ്ങൾ ഓടിയിട്ടുണ്ടെന്നു മറ്റൊരാളുടെ മൊഴിയും അന്വേഷണ സംഘത്തിനു ലഭിച്ചു. 

ഇതിൽ കസ്റ്റംസിനു തോന്നിയ സംശയമാണ് അന്വേഷണത്തിലേക്ക് എൻഐഎയും എത്തിച്ചത്. വാഹനങ്ങളുടെ ലോഗ്ബുക്കും ജിപിഎസ് റെക്കോർഡുകളും പിടിച്ചെടുത്തു. ചില വാഹനങ്ങളുടെ ജിപിഎസ് ഓഫ് ആക്കിയിട്ടതും കണ്ടെത്തി. സിആപ്റ്റിന്റെ വാഹനം മതഗ്രന്ഥവുമായി ബെംഗളൂരുവിലേക്കു പോയതായും ഒരു വാഹനത്തിൽ നിന്നു മറ്റൊരു സ്വകാര്യ വാഹനത്തിലേക്കു പാക്കറ്റുകൾ മാറ്റിയതായും നേരത്തേ അന്വേഷണ സംഘത്തിനു സംശയം ഉണ്ടായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥരുടെ മൊഴിയിൽ വൈരുധ്യവും. ആകെ വന്ന 250 പാക്കറ്റിൽ 32 എണ്ണം സിആപ്റ്റിലെത്തിച്ചു. ബാക്കി കോൺസുലേറ്റിൽ ഉണ്ടെന്നാണു വെളിപ്പെടുത്തൽ. കോൺസുലേറ്റിലെ പരിശോധനയ്ക്കു പക്ഷേ, അനുമതി വേണം.

ഇൗന്തപ്പഴം ഏറ്റുവാങ്ങാൻ സ്വപ്ന തുറമുഖത്ത്

2017 ൽ വിതരണം ചെയ്ത 17,000 കിലോ ഇൗന്തപ്പഴം സംബന്ധിച്ചും അന്വേഷണം വിപുലമാക്കി. കൊച്ചിയിൽ തുറമുഖത്തു കണ്ടെയ്നറിലെത്തിയ ഇൗന്തപ്പഴം ഏറ്റുവാങ്ങാൻ സ്വർണക്കടത്തു കേസ് മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിതും നേരിട്ട് തുറമുഖത്ത് എത്തിയിരുന്നു. ഇതാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. 

ഇൗന്തപ്പഴം വിതരണത്തിലും കസ്റ്റംസ് പ്രത്യേകം കേസ് എടുത്തിരുന്നു. വിതരണത്തിന്റെ കണക്കു നൽകാൻ സാമൂഹികനീതി വകുപ്പിനു നോട്ടിസ് നൽകി. 

8 ജില്ലകളിൽ നിന്നു മാത്രമാണു ഭാഗികമായെങ്കിലും കണക്കു കിട്ടിയതെന്നാണു വിവരം. ഇൗന്തപ്പഴം വിതരണത്തിന് ആരാണ് അനുമതി നൽകിയതെന്നും ആരാഞ്ഞിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com