ADVERTISEMENT

തിരുവനന്തപുരം ∙ ‘‘എന്നെ ചോദ്യം ചെയ്യുമെന്ന പൂതി മനസ്സിലിരിക്കട്ടെ’’– മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ കേട്ടു പകച്ചു പോയി, സംസ്ഥാന വിജിലൻസ്. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാൻ വലതുകാൽ വച്ചപ്പോഴാണു വിജിലൻസ് ഇതു കേട്ടത്. മുഖ്യമന്ത്രി പറഞ്ഞതു മാധ്യമപ്രവർത്തകരോടോ ജനങ്ങളോടോ അതോ തങ്ങളോടോ എന്നതിൽ ‘പ്രാഥമികാന്വേഷണ’ത്തിലാണു വിജിലൻസ്. ‌

ലൈഫ് മിഷൻ പദ്ധതി ക്രമക്കേട്, കമ്മിഷൻ ഇടപാട്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ പങ്ക്, സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഇടപാടുകൾ എന്നിവയെല്ലാമാണു വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ വരുന്നത്. കോട്ടയം വിജിലൻസ് എസ്പി: വി.ജി.വിനോദ് കുമാറിന്റെ സംഘത്തിനാണ് അന്വേഷണച്ചുമതല. ആവശ്യമുള്ളവരെ സംഘത്തിൽ ഉൾപ്പെടുത്താൻ വിജിലൻസ് മേധാവി അനുമതി നൽകിയിട്ടുണ്ട്. 

ലൈഫ് മിഷന്റെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ തദ്ദേശമന്ത്രിയുമാണ്. യുഎഇയിലെ റെഡ്ക്രസന്റും ലൈഫ് മിഷനുമായുള്ള 20 കോടിയുടെ ധാരണാ പത്രം കൈമാറിയതു മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതരുടെ സാന്നിധ്യത്തിലാണ്. തുടർകരാറുകൾ ഉണ്ടാകുമെന്ന് ഇതിൽ പറഞ്ഞെങ്കിലും അതൊന്നും വെളിച്ചം കണ്ടില്ല. പകരം കൊച്ചിയിലെ ഒരു സ്ഥാപനവുമായി ഉപകരാർ വന്നു. പദ്ധതി ലഭിക്കാൻ 4.5 കോടി രൂപ കമ്മിഷൻ നൽകിയെന്നു കമ്പനി ഉടമ എൻഐഎക്കു മൊഴിയും നൽകി. 

 മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് പണം കൈമാറിയ സ്ഥലം വരെ പാർട്ടി ചാനലിൽ വെളിപ്പെടുത്തി. അപ്പോൾ  അദ്ദേഹം ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യണം. യുഎഇ മുതൽ വടക്കാഞ്ചേരി വരെ നീണ്ടു കിടക്കുന്ന കേസിൽ ഭാരിച്ച അന്വേഷണമാണു കോട്ടയത്തെ എസ്പി നടത്തേണ്ടത്. സർക്കാരുമായി ഏറെ അടുപ്പമുള്ളയാളാണ് അന്വേഷണസംഘ മേധാവിയെന്നു സഹപ്രവർത്തകർ പറയുന്നതിൽ സത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും കേസിൽ സത്യമറിയണമെങ്കിൽ ഉന്നതരിൽ പലരെയും ചോദ്യം ചെയ്യേണ്ടി വരും.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനു കീഴിലെ വിജിലൻസ് അദ്ദേഹം അധ്യക്ഷനായ മിഷനിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നുവെന്നതാണ് വൈരുധ്യം. വിജിലൻസ് ഡയറക്ടർ അന്വേഷണ റിപ്പോർട്ട് നൽകേണ്ടത് ആഭ്യന്തര സെക്രട്ടറിക്കാണ്. അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറും. പ്രാഥമിക റിപ്പോർട്ട് സർക്കാരിനു തള്ളുകയോ കൊള്ളുകയോ ചെയ്യാം. തൽക്കാലം പൊലീസ് ഉന്നതരുടെ ഉപദേശത്തിൽ വെറും ഒരു അന്വേഷണം മാത്രം. 

സിബിഐ വരും

ലൈഫ് മിഷൻ പദ്ധതിയുടെ പ്രാഥമിക വിവരങ്ങൾ സിബിഐ ശേഖരിച്ചു തുടങ്ങി. പദ്ധതിയിൽ 9 കോടിയുടെ അഴിമതി നടന്നെന്ന പരാതി സിബിഐക്കു ലഭിച്ചു. വിദേശസഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നതായാണു പരാതിയിൽ പറയുന്നത്. ഇതനുസരിച്ചു കേസ് റജിസ്റ്റർ ചെയ്യാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രാഥമിക അനുവാദം സിബിഐക്കു വേണ്ട. ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിൽ അനുമതി തേടിയാൽ മതിയാകും.

ഏതു വിദേശരാജ്യത്തു നിന്നും സഹായം സ്വീകരിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. വിദേശസഹായം വേണ്ടെന്നാണു കേന്ദ്ര നിലപാട്. പിന്നെങ്ങനെ സംസ്ഥാനം യുഎഇ റെഡ് ക്രസന്റിൽ നിന്നു സഹായം സ്വീകരിച്ചെന്ന കാര്യവും അന്വേഷണ പരിധിയിൽ വരും.  വിദേശ രാജ്യങ്ങളുമായുള്ള കരാർ കേന്ദ്രപട്ടികയിൽ പെടുന്നതിനാൽ ധാരണാപത്രത്തിനു കേന്ദ്രാനുമതി വാങ്ങേണ്ടതുണ്ട്. കേന്ദ്രാനുമതിയില്ലാതെ കരാറുണ്ടാക്കാൻ കോൺസുലേറ്റിനും നിർമാണ കമ്പനിയായ യൂണിടാക്കിനും അധികാരമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com