ADVERTISEMENT

കൊച്ചി ∙ എ.പി.അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചതിൽ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ അമർഷം. ഇന്നലെ കൊച്ചിയിൽ നടന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവരിൽ പലരും ഇക്കാര്യം തുറന്നു പറഞ്ഞു. മിസോറം ഗവർണർ പദവി വിട്ടു സജീവ രാഷ്ട്രീയത്തിലേക്കുവന്ന കുമ്മനം രാജശേഖരനു ദേശീയ നേതൃത്വത്തിൽ പദവി നൽകാതിരുന്നതിലും പ്രതിഷേധമുണ്ടായി.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കുമ്മനത്തിനു കാബിനറ്റ് മന്ത്രിപദം നൽകണമെന്ന ആവശ്യം ആർഎസ്എസ് സംസ്ഥാന നേതൃത്വം ബിജെപി ദേശീയ നേതൃത്വത്തിനു മുന്നിൽ വച്ചതായാണു വിവരം. ഇന്നലെ കോർ കമ്മിറ്റി യോഗത്തിനു കൊച്ചിയിലുണ്ടായിരുന്ന സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിലെത്തിയപ്പോഴാണ് നേതൃത്വം ഈ ആവശ്യം മുന്നോട്ടുവച്ചത്. കുമ്മനത്തിനു സംഘടനാ പദവി നൽകാതിരുന്നതിലെ അതൃപ്തിയും ആർഎസ്എസ് സംസ്ഥാന നേതൃത്വം പ്രകടിപ്പിച്ചു.

കോർ കമ്മിറ്റി യോഗത്തിൽ നിന്നു മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ വിട്ടുനിന്നു. അദ്ദേഹത്തെ നേരിട്ട് അറിയിക്കാതെയായിരുന്നു യോഗമെന്നാണറിയുന്നത്. യോഗത്തിലേക്കു ക്ഷണിച്ചു വാട്സാപ് സന്ദേശമാണത്രെ അദ്ദേഹത്തിനു ലഭിച്ചത്. അബ്ദുല്ലക്കുട്ടിയുടെ സ്ഥാനലബ്ധിയിൽ കൂടുതൽ അതൃപ്തി പ്രകടിപ്പിച്ചതു കൃഷ്ണദാസ് പക്ഷമാണ്. പി.കെ.കൃഷ്ണദാസ് പക്ഷത്തെ അവഗണിക്കുകയാണെന്ന പരാതി ആ വിഭാഗത്തിനുണ്ട്. സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന പ്രമുഖ വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ അവഗണിക്കപ്പെടുന്നുവെന്ന പരാതിയുള്ളവരാണ്.

English Summary: Kerala BJP not happy on AP Abdullakkutty's new post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com