ശിവശങ്കറിനെ രക്ഷിക്കാൻ ശ്രമമെന്നു സംശയം: സ്വപ്നയുടെ മൊഴി വീണ്ടും പരിശോധിക്കുന്നു
Mail This Article
കൊച്ചി ∙ പലരിൽ നിന്നു വൻതുക കമ്മിഷൻ ലഭിച്ചതായി സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതി പരിശോധിക്കുന്നു. ബാങ്ക് ലോക്കറുകളിൽ കണ്ടെത്തിയ ഒരു കോടി രൂപ സ്വർണക്കടത്തിലൂടെ സമ്പാദിച്ചതല്ലെന്നു സ്ഥാപിക്കാനുള്ള ശ്രമമാണോ ഇതെന്നാണു സംശയം.
സ്വപ്നയുടെ വഴിവിട്ട ഇടപാടുകളുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവാണ് അദ്ദേഹത്തിന്റെ നിർദേശപ്രകാരം എടുത്ത ബാങ്ക് ലോക്കർ. ഇതിൽ കണ്ടെത്തിയ പണം സ്വർണക്കടത്തിലൂടെ നേടിയതാണെന്നു തെളിഞ്ഞാൽ കേസിൽ ശിവശങ്കറും പ്രതിയാകും. ഇതൊഴിവാക്കാനാണോ ആ പണം ലൈഫ് മിഷൻ ഇടപാടിൽ ലഭിച്ചതാണെന്ന് സ്വപ്ന പറയുന്നതെന്നു കണ്ടെത്താനാണ് അന്വേഷകരുടെ ശ്രമം.
കോൺസുലേറ്റിന്റെ വീസ സ്റ്റാംപിങ് സ്ഥാപനമായ യുഎഎഫ്എക്സ് സൊലൂഷൻസ് 35,000 ഡോളറും (24.50 ലക്ഷം രൂപ) ഫോർത്ത് ഫോഴ്സ് 30,000 ഡോളറും ( 21 ലക്ഷം രൂപ), കാർ പാലസ് ഗ്രൂപ്പ് 70,000 ഡോളറും (49 ലക്ഷം രൂപ) കമ്മിഷൻ നൽകിയതായി സ്വപ്ന ആദ്യഘട്ടത്തിൽ തന്നെ വെളിപ്പെടുത്തിയിരുന്നു.
English Summary: Examining Swapna Suresh statement regarding commission