ADVERTISEMENT

മാള ∙ അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന അച്ഛന്റെ ഫോൺ തിരികെത്തരണമെന്ന് ഒൻപതു വയസ്സുകാരൻ പറഞ്ഞപ്പോൾ ആ പൊലീസ് ഉദ്യോഗസ്ഥയുടെ നെഞ്ചൊന്നു പിടഞ്ഞു. അവൻ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാറുള്ളത് ആ ഫോണിലായിരുന്നു. തൊട്ടടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥർ പുത്തൻ ഫോണുമായി ആ കുട്ടിയെ തേടിയെത്തി. ഇരുൾ മൂടി നിന്ന അവന്റെ ജീവിതത്തിലേക്കൊരു വെളിച്ചമായി ആ സമ്മാനം.

പുത്തൻചിറ പിണ്ടാണിയിൽ കഴിഞ്ഞ മാസം നടന്ന കൊലപാതകത്തിൽ അമ്മയെ നഷ്ടപ്പെടുകയും അച്ഛൻ പ്രതിയായി ജയിലിൽ കഴിയുകയും ചെയ്യുന്ന കുട്ടിയെ തേടിയാണു പൊലീസിന്റെ സ്നേഹമനസ്സെത്തിയത്. മരണവുമായി ബന്ധപ്പെട്ട മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വാങ്ങാൻ പൊലീസ് ഉദ്യോഗസ്ഥ എം. ജി. ഷാലിക്കൊപ്പം തൃശൂരിലേക്കു പോകുമ്പോഴാണു തൊണ്ടിമുതലായി ഏറ്റെടുത്ത ഫോൺ തിരിച്ചുതരാമോ എന്നു കുട്ടി ചോദിച്ചത്. ഒപ്പമുള്ളതു സ്കൂളിലെ ടീച്ചറാണെന്നായിരുന്നു അവന്റെ വിചാരം. ഇന്നലെ യൂണിഫോമിൽ ഷാലി എത്തിയപ്പോഴാണു കുട്ടിക്ക് അത് പൊലീസാണെന്നു മനസ്സിലായത്. കുട്ടിയുടെ കഥയറിഞ്ഞ് ഫോൺ വാങ്ങി നൽകിയത് എസ്എച്ച്ഒ വി.സജിൻ ശശിയുടെ സുഹൃത്തായ ഡോ. കെ.പി. വർഗീസാണ്.

പഠിച്ചു മിടുക്കനായി പൊലീസ് സേനയിൽ ചേരണമെന്ന ആശംസ നൽകിയാണു പൊലീസ് സംഘം മടങ്ങിയത്. അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണിപ്പോൾ അവനും അനിയത്തിയും. വാടക വീട്ടിൽ കഴിയുന്ന ഇവർ വല്ലപ്പോഴുമുള്ള കൂലിപ്പണിയിലൂടെയാണു കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com