ADVERTISEMENT

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന ഒറ്റക്കവിതയോടെയാണു പുരോഗമനവാദികൾ അക്കിത്തത്തിനു നേരെ നെറ്റിചുളിച്ചത്. മലയാളത്തിൽ ആധുനികതയുടെ വിത്തുപാകിയ കൃതിയെന്ന് ഉദ്ഘോഷിക്കപ്പെടുന്ന ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ നിശിതമായ വിമർശനത്തിനും വിഷയീഭവിച്ചു. 

‘ഇതിഹാസകാവ്യ’ത്തിൽനിന്ന് ഉതിർന്നുവീണ കണ്ണുനീർത്തുള്ളികൾ ചോരത്തുള്ളികൾ തന്നെയാണെന്നു ഡോ.എം. ലീലാവതി അഭിപ്രായപ്പെട്ടു. എന്നാൽ തായാട്ടു ശങ്കരനെപ്പോലുള്ളവർ ഈ കൃതിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. 

‘‘ഒരു പേനാക്കത്തിയാ–

ലൊരിളനീർക്കണ്ണുമാതിരി

പകയാലെൻ മനുഷ്യത്വ–

ക്കനി ചെത്തിത്തുരന്നു ഞാൻ

ശീതളം മധുരം ജീവ–

പ്രേമമാം പൂതവാസന

വാറ്റിക്കളഞ്ഞേനാവോളം

ഒടുക്കത്തെ കണംവരെ..’’ 

എന്നാണ് ആദർശ രാഷ്ട്രീയത്തിൽനിന്ന് അക്രമരാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച് അക്കിത്തം എഴുതിയത്. 

കമ്യൂണിസത്തെ കയ്യൊഴിയുകയായിരുന്നില്ല കവി. മറിച്ചു നഷ്ടമാകുന്ന മാനവികതയെപ്പറ്റി സങ്കടപ്പെടുകയായിരുന്നു. മാർക്സിസമോ ലെനിനിസമോ ഗാന്ധിസമോ അല്ല, വിനോബജിയുടെ ഇസമാണു തനിക്കു പ്രിയങ്കരമെന്ന് അദ്ദേഹം പിന്നീടു പറഞ്ഞു. സ്റ്റാലിന്റെ മേൽമീശയെയും സമഗ്രാധിപത്യത്തെയും വിമർശിച്ച ചങ്ങമ്പുഴയേക്കാൾ ഇടതുപക്ഷത്തിന് അനഭിമതനായത് അക്കിത്തമാണ്. 

എന്നാൽ തന്നെ വിമർശിച്ചവരോടു കടുത്ത ഭാഷയിൽ മറുപടി പറയുകയോ പഴയ കമ്യൂണിസ്റ്റ് അനുഭാവത്തെ തള്ളിപ്പറയുകയോ ചെയ്തില്ലെന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. 

ഒരിക്കൽ വിപ്ലവ പാർട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു കവിയെ ആവശ്യം കഴിഞ്ഞു പാർട്ടിക്കാർ തള്ളിപ്പറയുകയും അവഗണിക്കുകയും ചെയ്തപ്പോൾ കാണാൻ പോയതിന്റെ അനുഭവം അക്കിത്തം കവിതയായി എഴുതിയിട്ടുണ്ട്. 

ആ വിപ്ലവ കവി പൊൻകുന്നം ദാമോദരൻ ആയിരുന്നെന്ന് അദ്ദേഹത്തിന്റെ മരണാനന്തരം വെളിപ്പെടുത്തിയപ്പോൾ അതിന്റെ കാരണവും അക്കിത്തം പറഞ്ഞു; ‘അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ലല്ലോ. അതുകൊണ്ടു വ്യക്തിപരമായ സങ്കടം ആവില്ലെന്നു ബോധ്യമുള്ളതുകൊണ്ടു മാത്രം പറയുകയാണ്.’

ഒരു കാലത്തു നാസ്തികനും വിപ്ലവകാരിയുമായിരുന്ന അക്കിത്തം തർജമ ചെയ്ത ശ്രീമഹാഭാഗവതം ക്ഷേത്രങ്ങളിലിപ്പോഴും സപ്താഹഗ്രന്ഥമാണ്.  ഭാഗവതത്തെപ്പറ്റി അക്കിത്തത്തിന്റെ വാക്കുകൾ ഇങ്ങനെ– 

‘‘ഭാഗവതം ഭക്‌തി കാവ്യമല്ല. കാലമാണ് ഏറ്റവും വലിയ പ്രപഞ്ച സത്യം. അതാണ് ഈശ്വരൻ. ഭൗതികവാദവും ആത്മീയവാദവും ഒന്നാണ് എന്ന തത്ത്വവും ഭാഗവതത്തിലുണ്ട്. ഭാഗവത വ്യാഖ്യാനത്തിനുശേഷം പണ്ഡിറ്റ് കൊല്ലങ്കോട് ഗോപാലൻ നായരും മഹാഭാരതം വിവർത്തനത്തിനുശേഷം കുഞ്ഞുക്കുട്ടൻ തമ്പുരാനും ഒന്നും എഴുതിയിട്ടില്ല. എഴുതാനുള്ള ഊർജത്തിനായിട്ടാണു വായിക്കുന്നത്.’ 

അമേരിക്കയിൽ നാസ സന്ദർശിച്ചു തിരികെയെത്തിയ ശേഷം അക്കിത്തം പറഞ്ഞു– ‘അണുബോംബുമുണ്ടാക്കി വച്ചിട്ടുണ്ടെങ്കിലും അവ പൊട്ടിക്കാതിരിക്കാൻ ആയിരക്കണക്കിനുപേരെ അവിടെ ശമ്പളം കൊടുത്ത് ഇരുത്തിയിട്ടുണ്ട്. അണുബോംബുള്ള എല്ലാ രാജ്യങ്ങളിലും ഇങ്ങനെയാണ്.’  

മനുഷ്യ സ്നേഹത്തിന്റെ കവിയാണ് അക്കിത്തം. മറ്റുള്ളവർക്കായി കണ്ണീർക്കണം പൊഴിക്കുമ്പോൾ ഉള്ളിൽ ആയിരം സൗരമണ്ഡലമുദിക്കുന്ന കവി.

 ജ്ഞാനപീഠ പുരസ്കാരലബ്ധിയിൽ പുരോഗമനവാദികളായ പലരും അക്കിത്തത്തെ അംഗീകരിച്ചെങ്കിലും ചിലർ വിവാദത്തിനു തിരികൊളുത്തിയിരുന്നു. 

എന്നാൽ ആയുസ്സുണ്ടായതു കൊണ്ടാണു തനിക്കു പുരസ്കാരം ലഭിച്ചതെന്നു മാത്രമാണു വിനയത്തോടെ അദ്ദേഹം പ്രതികരിച്ചത്. 

പറയാനുള്ളതു വളച്ചുകെട്ടില്ലാതെ നേരെ പറയണമെന്നും ഓരോരുത്തരെയും അവരവർ തന്നെയാണു ശുദ്ധീകരിക്കേണ്ടതെന്നും വിശ്വസിച്ച നിഷ്കളങ്കനായ കവിയായിരുന്നു അക്കിത്തം. 

ഈ വരികൾ അതു വിളംബരം ചെയ്യുന്നു–

‘നന്മകളാശിച്ചീടുക പറയുക 

പറയാനുള്ളവ നേരെ, 

നമ്മുടെ മാർഗ്ഗം ചെത്തിക്കോരാൻ 

നാമല്ലാതില്ലാരും’

Content Highlight: Akkitham Achuthan Namboothiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com