കമ്യൂണിസ്റ്റ് പാർട്ടി നൂറാം വാർഷികം ; കേരളത്തിന്റെ സംഭാവനകൾ വീരോചിതം: യച്ചൂരി

cpm
കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എകെജി സെന്ററിനു മുന്നിൽ സിപിഎം കേന്ദ്രകമ്മറ്റിയംഗം എം.വി.ഗോവിന്ദൻ പതാക ഉയർത്തുന്നു.
SHARE

തിരുവനന്തപുരം ∙ ഇരുട്ടിൽ നിന്നു പ്രകാശം നിറഞ്ഞ ഭാവിയിലേക്ക് ഇന്ത്യയെ നയിക്കുക എന്ന ദൗത്യമാണു രാജ്യത്തെ പൗരന്മാർ ഏറ്റെടുക്കേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സിപിഎം കേരള ഘടകം സംഘടിപ്പിച്ച ആഘോഷങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കു വീരോചിത സംഭാവനകൾ നൽകുന്ന കേരളത്തിനു നേതൃപരമായ പങ്ക് വഹിക്കാനുണ്ടെന്നു യച്ചൂരി പറഞ്ഞു. മതവും രാഷ്ട്രീയവും കലർത്തിയുള്ള ആർഎസ്എസ്– ബിജെപി കക്ഷികളുടെ അപകടകരമായ രാഷ്ട്രീയക്കളി അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനാധിപത്യത്തെ സംരക്ഷിക്കാനാവില്ല. മതം പൗരന്റെ വ്യക്തിപരമായ വിഷയമാണ്. യുക്തിവാദിയായി ജീവിക്കാൻ കമ്യൂണിസ്റ്റിന് അവകാശമുള്ളതു പോലെ ഏതു മതത്തിൽ വിശ്വസിക്കണമെന്നും ഏത് ഈശ്വരനെ ഭജിക്കണമെന്നും വിശ്വാസിയാണു തീരുമാനിക്കേണ്ടത്. അതിൽ രാഷ്ട്രീയം കലർത്താനുള്ള ശ്രമം അപകടകരമാണ്. സ്വാതന്ത്ര്യസമരത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചു എന്നതടക്കം കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ നടത്തുന്ന ദുഷ്പ്രചാരണങ്ങൾക്കുള്ള മറുപടി പാർട്ടിക്കുണ്ട്. 1957 ൽ കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ വന്നതു മുതൽ ഇപ്പോഴത്തെ സർക്കാരിനെ വരെ ഞെരുക്കാൻ നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധിക്കണമെന്നു യച്ചൂരി പറഞ്ഞു .

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. എകെജി സെന്ററിനു മുന്നിൽ കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ പതാക ഉയർത്തി. ബ്രാഞ്ച് തലത്തിലും ആഘോഷങ്ങൾ നടന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA