ADVERTISEMENT

തിരുവനന്തപുരം∙ആർഎസ്പി ലെനിനിസ്റ്റിനെയും അവരുടെ ഏക എംഎൽഎ കോവൂർ കുഞ്ഞുമോനെയും പാർട്ടിയിലേക്കു ക്ഷണിച്ച് സിപിഐ. കൊല്ലം ജില്ലയിലെ സിപിഎം–സിപിഐ കിടമത്സരത്തിന്റെ ഭാഗമായിക്കൂടിയാണു നീക്കം. എന്നാൽ ആർഎസ്പി വിടാനാവില്ലെന്നു കുഞ്ഞുമോൻ മറുപടി നൽകി.

കൊല്ലം ജില്ലാനേതൃത്വം സംസാരിച്ചതിനു പിന്നാലെ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ നേരിട്ടു കുഞ്ഞുമോനെ സ്വാഗതം ചെയ്തു.തന്റെ പാർട്ടിക്ക് എൽഡിഎഫിൽ കയറിപ്പറ്റാനുള്ള സഹായമാണു തിരിച്ചു കാനത്തോടു കുഞ്ഞുമോൻ തേടിയത്. എന്നാലും സിപിഐ ശ്രമം വേണ്ടെന്നു വച്ചിട്ടില്ല.നിയമസഭാസീറ്റ് വിഭജനത്തിൽ സിപിഎമ്മിനു തുല്യം സീറ്റുള്ള ജില്ലയെന്ന വിശേഷണം നഷ്ടപ്പെടുത്താനാവില്ലെന്ന തീരുമാനമാണു സിപിഐ നീക്കത്തിനു പിന്നിൽ.

കൊല്ലത്തു നാലു സീറ്റിൽ വീതമാണു സിപിഎമ്മും സിപിഐയും മത്സരിക്കുന്നത്. നേരത്തേ സിപിഐക്ക് ഒരു സീറ്റ് കൂടുതലുണ്ടായിരുന്നു. സിപിഎമ്മിനൊപ്പമുള്ള സ്വാധീനമാണു കൊല്ലത്തു സിപിഐ അവകാശപ്പെടുന്നതും.2016 ൽ ഇടതുമുന്നണി സമ്പൂർണവിജയം ജില്ലയിൽ നേടിയപ്പോൾ ഇരു പാർട്ടികൾക്കും 4 വീതം എംഎൽഎമാരായി. 

എന്നാൽ സിഎംപി സിപിഎമ്മിൽ ലയിച്ചതോടെ എംഎൽഎമാരുടെ എണ്ണത്തിൽ സിപിഎം മുന്നിലായി.സിഎംപിയുടെ ഏക എംഎൽഎ ആയിരുന്ന കെ. വിജയൻ പിള്ളയുടെ (ചവറ)നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചവറ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന സ്ഥിതി വന്നു. ഇതിൽ സിപിഐക്കു വിയോജിപ്പുണ്ടായി. ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ തർക്കം പുറത്തേക്കു വന്നില്ലെങ്കിലും നിയമസഭാസീറ്റ് വിഭജനത്തിൽ വിഷയം പുകഞ്ഞു കത്തും .

 എൽഡിഎഫ് ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടു നാലാമതും നൽകിയ കത്തിന്മേലുള്ള തീരുമാനം കാക്കുകയാണ് കുഞ്ഞുമോൻ. ആർഎസ്പി 2014 ൽ യുഡിഎഫിലേക്കു പോയപ്പോൾ ഇടതുമുന്നണിക്കൊപ്പം നിന്ന വിഭാഗം എന്ന പരിഗണനയാണു കു‍ഞ്ഞുമോൻ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com