കേരള കോൺഗ്രസിന്റെ ഇടത് പ്രവേശം; അനിഷ്ടം ആവർത്തിച്ച് സിപിഐ

jose-k-mani-new
SHARE

തിരുവനന്തപുരം ∙ കേരള കോൺഗ്രസിന്റെ (എം) എൽഡിഎഫ് പ്രവേശത്തിൽ സിപിഐ അനിഷ്ടം ആവർത്തിച്ചു. എന്നാൽ മുന്നണി എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്നും മുഖ്യമന്ത്രിയോടും കോടിയേരി ബാലകൃഷ്ണനോടും കാനം രാജേന്ദ്രൻ വ്യക്തമാക്കി. എകെജി സെന്ററിലെ കൂടിക്കാഴ്ച മുക്കാൽ മണിക്കൂറോളം നീണ്ടു.

കെ.എം. മാണിയുടെ പൈതൃകം പേറുന്ന ജോസ് പക്ഷം ഇടതുമുന്നണിയുടെ ഭാഗമാകുന്നതിലെ ഗുണവും ദോഷവും വിലയിരുത്തണമെന്നു കാനം ചൂണ്ടിക്കാട്ടി. മധ്യകേരളത്തിലെ അവരുടെ സ്വാധീനത്തെക്കുറിച്ചു സിപിഐക്കു വലിയ അഭിപ്രായമില്ല. ഇടതു രാഷ്ട്രീയത്തിന്റെ മൂർച്ച നഷ്ടപ്പെടുത്തുന്ന തീരുമാനമാകുമോ ഇതെന്ന് ആലോചിക്കണം. സീറ്റുകളുടെ കാര്യത്തിൽ അമിതമായ അവകാശവാദം വകവച്ചുകൊടുക്കരുത്. സിപിഐയുടെ ഒരു സീറ്റിനെക്കുറിച്ചും ഇപ്പോൾ ചർച്ചയ്ക്കു തയാറല്ലെന്നു കാനം വ്യക്തമാക്കി. എൽഡിഎഫിനോടു സഹകരിക്കുമെന്ന് അവർ പറയുമ്പോൾ എതിർക്കേണ്ട കാര്യമില്ല. ഘടകകക്ഷിയാക്കണമോ എന്നതിൽ സിപിഐ നിലപാട് 21നു നടക്കുന്ന നിർവാഹക സമിതിയോഗത്തിനു ശേഷമേ പറയാൻ കഴിയൂവെന്നും കാനം അറിയിച്ചു.

യുഡിഎഫിനെ ദുർബലപ്പെടുത്താനുള്ള സാധ്യത ഉപയോഗിക്കേണ്ടതിന്റെ ആവശ്യം മുഖ്യമന്ത്രിയും കോടിയേരിയും ചൂണ്ടിക്കാട്ടി. ഇതുവരെ എതിർത്തിരുന്നവർ സർക്കാർ കാർഷികരംഗത്തു ചെയ്ത നല്ല കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടുന്നു. എൽഡിഎഫിനെ എഴുതിത്തള്ളാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയാണു ജോസ് കെ. മാണി നൽകുന്നത്. നിയമസഭാ സീറ്റുകളെക്കുറിച്ചുള്ള പ്രചാരണം ഇരുനേതാക്കളും നിഷേധിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA