ADVERTISEMENT

ഹരിപ്പാട് ∙ കരുവാറ്റ സഹകരണ ബാങ്ക് കവർച്ച കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്ക‌ട കട്ടക്കോട് പറക്കാണി മേക്കുംകരയിൽ ആൽബിൻ രാജിനെ (36) ഇന്നലെ ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(2)യിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽനിന്നു പിടിയിലായ ഇയാളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

പൊലീസ് കോയമ്പത്തൂരിലെ വീടു വളഞ്ഞപ്പോൾ ആൽബിൻ വീടിനു മുകളിൽനിന്ന് അടുത്ത  കെട്ടിടങ്ങളുടെ മുകളിലേക്കു ചാടി ഓടിയിരുന്നു. പൊലീസിനു നേരെ കത്തി വീശുകയും ചെയ്തു. കിലോമീറ്ററുകളോളം ഓ‌ടിച്ചാണു പ്രതിയെ പിടിച്ചത്. ആൽബിന്റെ രണ്ടു കാലിലും പരുക്കേറ്റിട്ടുണ്ട്.

ഇയാളിൽ നിന്ന് 1.850 കിലോഗ്രാം സ്വർണം കണ്ടെടുത്തെന്നു പൊലീസ് പറഞ്ഞു. മറ്റു 2 പ്രതികളിൽ നിന്നായി 1.5 കിലോഗ്രാമോളം സ്വർണം നേരത്തെ കണ്ടെത്തിയിരുന്നു.

ബാങ്കിൽനിന്ന് 4.830 കിലോഗ്രാം സ്വർണവും 4.5 ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നാണു വിവരം. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ബാക്കി സ്വർണവും പണവും കണ്ടെത്താനാകുമെന്ന് ഡിഐജി കാളിരാജ് മഹേഷ് കുമാറും ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവും പറഞ്ഞു.

മോഷ്ടാക്കൾ സ്വർണം വിൽക്കുന്നതിനു മുൻപ് പിട‌ികൂടാനായിരുന്നു പൊലീസിന്റെ ശ്രമം. തൊണ്ടിമുതലുകൾ എവിടെനിന്നൊക്കെയാണു കണ്ടെത്തിയതെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ഡിഐജി പറഞ്ഞു. ആൽബിൻ രാജിന്റെ കോയമ്പത്തൂരിലെ വാടക വീട്ടിൽനിന്നും മറ്റുമാണിതെന്നാണു വിവരം.‌ കോടതിയിൽനിന്നു പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ ബാക്കി സ്വർണം കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ.

‌ബാങ്കിലെ കണക്കും പ്രതികളുടെ മൊഴിയും പരിശോധിച്ചപ്പോൾ 700 ഗ്രാം സ്വർണത്തിന്റെ വ്യത്യാസമുണ്ടെന്നു പൊലീസ് പറഞ്ഞു. ബാങ്ക് രേഖകൾ വീണ്ടും പരിശോധിച്ചാൽ കൃത്യമായ വിവരം കിട്ടും. ബാങ്കിൽ ചിലർ പണയം പുതുക്കി വച്ചിട്ടുണ്ടാവാമെന്നും അതിന്റെ അളവ് ഇരട്ടിച്ചതാവാം വ്യത്യാസത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com