വിപ് ലംഘനം: ജോസ്പക്ഷ എംഎൽഎമാർക്കും നോട്ടിസ്

Kerala-Assembly
SHARE

തിരുവനന്തപുരം ∙ വിപ് ലംഘനം സംബന്ധിച്ച പരാതിയിൽ ജോസ് കെ. മാണിക്കൊപ്പമുളള കേരള കോൺഗ്രസ് (എം) എംഎൽഎമാരോടും സ്പീക്കർ വിശദീകരണം തേടും. പി.ജെ. ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവർക്കു തിങ്കളാഴ്ച നോട്ടിസ് അയയ്ക്കുമെന്നു നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. റോഷി അഗസ്റ്റിന്റെ പരാതിയിൽ പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവരോടു നേരത്തേ വിശദീകരണം ചോദിച്ചിരുന്നു.

രാജ്യസഭാ വോട്ടെടുപ്പ്, അവിശ്വാസപ്രമേയ ചർച്ച എന്നിവയിൽ നിന്നു വിട്ടുനിൽക്കാൻ ജോസ് വിഭാഗവും യുഡിഎഫിന് വോട്ടു ചെയ്യാൻ ജോസഫ് വിഭാഗവും പരസ്പരം വിപ് നൽകിയിരുന്നു. വിപ് ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി ഇരുകൂട്ടരും നൽകിയ പരാതികളിലാണു നടപടി. ആരോപണം തെളിഞ്ഞാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം സഭാംഗത്വത്തിൽ നിന്നു പുറത്താക്കാം.

നോട്ടിസിനു മറുപടി വാങ്ങി തുടർനടപടികളിലേക്കു കടക്കാനാണു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ദേശിക്കുന്നത്. എൽഡിഎഫ് പാളയം പിടിച്ച ജോസ് വിഭാഗത്തിന്റെ പരാതി വച്ചു രാഷ്ട്രീയം കളിച്ചുവെന്ന ആക്ഷേപം ഒഴിവാക്കാൻ കൂടിയാണ് ഇരുവിഭാഗങ്ങൾക്കും നോട്ടിസ് നൽകുന്നത്. സ്പീക്കർ തീരുമാനമെടുത്താലും കോടതിയെ സമീപിക്കാം.

മുൻപ് അയോഗ്യത 2 പേർക്ക്

കേരള കോൺഗ്രസിലെ കലഹവും പിളർപ്പും തന്നെയാണു മുൻപു നിയമസഭയിലെ 2 പേരുടെ അയോഗ്യതയ്ക്കു വഴിതുറന്നത്. ആർ. ബാലകൃഷ്ണപിള്ളയും പി.സി. ജോർജുമാണ് സ്പീക്കർ അയോഗ്യത കൽപിച്ചവർ. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ 1990 ജനുവരി 15നു പിള്ളയെ അയോഗ്യനാക്കിയതു സ്പീക്കർ വർക്കല രാധാകൃഷ്ണനാണ്. കേരള കോൺഗ്രസ് (ജെ) യുഡിഎഫ് വിട്ടപ്പോൾ കൂടെ പോകാതിരുന്ന പിള്ള കേരള കോൺഗ്രസ് (ബി) പുനരുജ്ജീവിപ്പിച്ചുവെന്നു പ്രസ്താവന നടത്തിയതോടെ ജോസഫ് ഗ്രൂപ്പ് വിപ് ഡോ. കെ.സി. ജോസഫ് സ്പീക്കറെ സമീപിച്ചു.

കേരള കോൺഗ്രസ് (എം) വിട്ടു കേരള കോൺഗ്രസ് (സെക്കുലർ) പുനരുജ്ജീവിപ്പിച്ചുവെന്ന് ആരോപിച്ചാണു മാണി ഗ്രൂപ്പിന്റെ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ജോർജിനെതിരെ പരാതി നൽകിയത്. 2015 നവംബർ 14നു ജോർജിനെ സ്പീക്കർ എൻ.ശക്തൻ അയോഗ്യനാക്കിയെങ്കിലും അതിനു മുൻപ് അദ്ദേഹം രാജിക്കത്തു നൽകി. രാജിക്കത്തു കണക്കിലെടുക്കാതെ അയോഗ്യത കൽപിച്ച സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA