ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ, അദ്ദേഹത്തിനു സിആർപിഎഫ് സുരക്ഷ ആവശ്യപ്പെട്ട് കസ്റ്റംസ് അധികൃതർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു. സിആർപിഎഫ് ഇന്നു തന്നെ എത്തിയേക്കും. ശിവശങ്കറിനു നൽകുന്ന ചികിത്സയുടെയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുടെയും വിവരങ്ങൾ അപ്പപ്പോൾ അറിയിക്കണമെന്നു നിർദേശിച്ചു മെഡിക്കൽ കോളജ് അധികൃതർക്കു കസ്റ്റംസ് കത്തു നൽകി. വെളളിയാഴ്ച ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്കും ഇതുപോലെ കത്ത് നൽകിയിരുന്നു.

അറസ്റ്റ് ഭയന്ന് ശിവശങ്കർ നാളെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുമെന്നു സൂചന ലഭിച്ചതിനെ തുടർന്ന് അതിനെതിരെ വാദിക്കാൻ പ്രത്യേക നിയമവിദഗ്ധരെയും നിയോഗിച്ചു. ഇതോടെ വെളളിയാഴ്ച കസ്റ്റംസ് നടത്തിയത് അറസ്റ്റ് നീക്കം തന്നെയായിരുന്നുവെന്നു വ്യക്തമായി. ചോദ്യം ചെയ്യലിനു കൂട്ടിക്കൊണ്ടുപോകവെയാണ് ശിവശങ്കറെ ദേഹാസ്വാസ്ഥ്യത്തിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹൃദ്രോഗ ലക്ഷണങ്ങളില്ലെന്ന് ഇന്നലെ ആൻജിയോഗ്രാം പരിശോധനയിൽ കണ്ടെത്തി. രക്തസമ്മർദവും സാധാരണ നിലയിലാണ്. എന്നാൽ കടുത്ത നടുവേദനയുണ്ടെന്നു ശിവശങ്കർ പറഞ്ഞതിനെത്തുടർന്നു നടത്തിയ പരിശോധനയിൽ നട്ടെല്ലിനു നേരിയ പ്രശ്നം കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കു ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടെങ്കിലും സാങ്കേതികമായ അസൗകര്യം വന്നു. ഇതോടെയാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അവിടെ ന്യൂറോ പരിശോധനയിലും വ്യക്തമായി. തുടർന്ന് നട്ടെല്ലിന്റെ പ്രശ്നം പരിശോധിക്കാൻ ഓർത്തോ ഐസിയുവിൽ പ്രവേശിപ്പിച്ചു. 

കസ്റ്റംസ് കുരുക്ക് കറൻസി കടത്തിൽ

കൊച്ചി ∙ ‌‌കറൻസി കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ കസ്റ്റംസ് പിന്തുടരുന്നത്. കഴിഞ്ഞ വർഷം 1.90 ലക്ഷം ഡോളർ (1.40 കോടി രൂപ) യുഎഇയിലേക്കു കടത്തിയ കേസിൽ അദ്ദേഹത്തെ സംശയിക്കുന്നതായും വിശദമായി ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

കമ്മിഷനായി കിട്ടിയ പണം വിദേശത്തേക്കു കടത്താൻ സ്വപ്ന സുരേഷിനു ഡോളറായി മാറ്റിനൽകിയതു ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്നു തിരുവനന്തപുരത്തെ ഒരു ബാങ്ക് മാനേജർ മൊഴി നൽകിയതായാണു സൂചന.

സ്വപ്നയ്ക്കൊപ്പം ശിവശങ്കർ 6 വിദേശയാത്രകൾ നടത്തിയതായി കണ്ടെത്തിയിരുന്നു. 3 യാത്രയിൽ സരിത്തും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com