ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിലെ ഗുരുതര വീഴ്ചയുടെ ഫലമാണു കേരളം അനുഭവിക്കുന്നതെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ്‌ വർധന്റെ വിമർശനം. മറ്റു സംസ്ഥാനങ്ങൾ ഇതിൽനിന്നു പാഠം ഉൾക്കൊള്ളണമെന്നും ‘സൺഡേ സംവാദ്’ എന്ന സമൂഹമാധ്യമ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ജനുവരി 30 മുതൽ മേയ് 3 വരെ 499 പോസിറ്റീവ് കേസുകളും 2 മരണവും മാത്രമാണു കേരളത്തിൽ നിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും കാസർകോ‍ട്, കണ്ണൂർ ജില്ലകളിലായിരുന്നു. എന്നാൽ തുടർന്നു യാത്രാ ഇളവുകൾ അനുവദിച്ചതോടെ മറ്റു ജില്ലകളിലേക്കും കോവിഡ് വ്യാപിച്ചു. 

ഓണക്കാലത്തു മുൻകരുതലില്ലാതെ ജനം കൂട്ടം കൂടിയതോടെ വ്യാപനം രൂക്ഷമായി. ഉത്സവകാലം ആരംഭിക്കാനിരിക്കെ മറ്റു സംസ്ഥാനങ്ങൾ ഈ വീഴ്ചയിൽ നിന്നു പാഠം ഉൾക്കൊണ്ടില്ലെങ്കിൽ രാജ്യമെങ്ങും കോവിഡ് രൂക്ഷമാകും. അടുത്ത 3 മാസമെങ്കിലും ജാഗ്രത തുടരണം. കേരളത്തിലെ സ്ഥിതിയെക്കുറിച്ച് യുപി സ്വദേശി ദീപക് യാദവ് ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

അതിനിടെ, രാജ്യവ്യാപകമായി സമൂഹ വ്യാപനമുണ്ടെന്ന വാദം തെറ്റാണെന്നും ജനസാന്ദ്രതയേറിയ ഏതാനും ജില്ലകളിൽ മാത്രമാണു പ്രശ്നമുള്ളതെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ കേന്ദ്രമന്ത്രി വിമർശിച്ചിട്ടില്ല

തിരുവനന്തപുരം∙ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ വിമർശിച്ചിട്ടില്ലെന്നും ആ വിധത്തിൽ പ്രചരിച്ച വാർത്തകൾ കേന്ദ്രമന്ത്രി നിഷേധിച്ചുവെന്നും മന്ത്രി കെ.കെ. ശൈലജ.

ഹർഷ് വർധനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഓണാഘോഷത്തിലെ വീഴ്ച അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനും ഇതേ നിലപാടാണ്. നവരാത്രി സീസണിൽ മറ്റു സംസ്ഥാനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നാണു മന്ത്രി പറഞ്ഞത്.

കോവിഡ് മരണനിരക്കു പിടിച്ചു നിർത്തുന്നതിൽ കേരളം വിജയിച്ചു. ഒക്ടോബർ വരെയുള്ള മരണനിരക്ക് 0.34% ആണ്. ഒക്ടോബറിൽ ഇതുവരെ 0.28%. രോഗവ്യാപനം ഒറ്റയടിക്കു വർധിക്കാതെ തടയുകയായിരുന്നു ലക്ഷ്യം. അതു നടപ്പായി. മരണനിരക്കു പിടിച്ചു നിർത്തുന്നതിലാണു കോവിഡ് പ്രതിരോധത്തിന്റെ വിജയമെന്നും മന്ത്രി പറഞ്ഞു.

Content highlights: Covid: KK Shailaja response to Harsh Vardhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com