ADVERTISEMENT

കോട്ടയം ∙ കോൺഗ്രസിലെ ഐ ഗ്രൂപ്പാണു ബാർ കോഴയ്ക്കു പിന്നിലെന്ന ആരോപണവുമായി കേരള കോൺഗ്രസിന്റെ (എം) പേരിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. എന്നാൽ പാർട്ടി തയാറാക്കിയ റിപ്പോർട്ട് അല്ല ഇതെന്നു കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി. കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയ സമിതി ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ലെന്ന് സമിതിയിൽ അംഗമായിരുന്ന ജോയ് ഏബ്രഹാം പറഞ്ഞു. 

കെ.എം.മാണിയെയും കേരള കോൺഗ്രസിനെയും (എം) ഇല്ലായ്മ ചെയ്യാൻ കോൺഗ്രസിലെ ഐ ഗ്രൂപ്പ് നടത്തിയ നീക്കമാണ് ബാർ കോഴ ആരോപണം എന്ന സ്വകാര്യ അന്വേഷണ ഏജൻസി റിപ്പോർട്ടാണ് പുറത്തുവന്നത്. സി.എഫ്.തോമസ് അധ്യക്ഷനായ അന്വേഷണ സമിതിയിൽ ജോയ് ഏബ്രഹാം, അറയ്ക്കൽ ബാലകൃഷ്ണപിള്ള, പി.ടി.ജോസ്, ആന്റണി രാജു, ഫ്രാൻസിസ് ജോർജ്, ടി.എസ്.ജോൺ എന്നിവരാണ് അംഗങ്ങൾ.

അന്ന് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, ചീഫ് വിപ്പ് പി.സി.ജോർജ്, മന്ത്രി അടൂർ പ്രകാശ്, ജോസഫ് വാഴയ്ക്കൻ എന്നിവർ ഗൂഢാലോചനയ്ക്കു നേതൃത്വം നൽകി. കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള, പി.സി.ജോസഫ്, ഫ്രാൻസിസ് ജോർജ്, മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്, വിജിലൻസ് എസ്പി ആർ. സുകേശൻ, ബിജു രമേശ് തുടങ്ങിയവരും പങ്കാളികളായി. 

ഈ കാര്യങ്ങൾ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് അറിവുണ്ടായിരുന്നു. ആദ്യം മൗനാനുമതി നൽകിയെങ്കിലും മാണിയെ സമ്മർദത്തിലാക്കി മുഖ്യമന്ത്രിയാകാനുള്ള രമേശിന്റെ നീക്കം തിരിച്ചറിഞ്ഞതോടെ എ ഗ്രൂപ്പ് ഇതിനു പ്രതിരോധം തീർത്തെന്നും റിപ്പോർട്ട് പറയുന്നു. 2014 നവംബർ 16നു ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്.

2016 മാർച്ച് 31നു കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിക്കു സമർപ്പിച്ച റിപ്പോർട്ടിൽ യുഡിഎഫിൽ തുടരുന്നതു പാർട്ടിക്കു ഗുണം ചെയ്യില്ലെന്ന നിർദേശവുമുണ്ട്. സമിതി അംഗങ്ങളായിരുന്ന ആന്റണി രാജു, ഫ്രാൻസിസ് ജോർജ് എന്നിവർ അന്വേഷണ കാലാവധി കഴിയും മുൻപുതന്നെ പാർട്ടി വിട്ട് ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ചിരുന്നു.

‘പാർട്ടിയുടെ പക്കൽ ഒരു അന്വേഷണ റിപ്പോർട്ട് ഉണ്ട്. അത് ഔദ്യോഗികമായി പുറത്തുവിടാൻ തീരുമാനിച്ചിട്ടില്ല. ഇപ്പോൾ വന്ന  റിപ്പോർട്ട് നേരത്തേയും പ്രചരിച്ചിട്ടുണ്ട്.’

  ജോസ് കെ.മാണി

‘സമിതി യോഗം ചേർന്നിരുന്നെങ്കിലും കരട് റിപ്പോർട്ട് പോലും തയാറായില്ല. കമ്മിറ്റിയുടെ കണ്ടെത്തൽ എന്ന തരത്തിൽ നേരത്തേ ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതിൽ ആരുടെയും ഒപ്പ് ഇല്ലായിരുന്നു.’  

  ജോയ് ഏബ്രഹാം 

Content highlights: Kerala Congress investigation report on Bar scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com