സെക്രട്ടേറിയറ്റിലെ തീപിടിത്തം: പുകയടങ്ങാതെ സംശയങ്ങൾ

trivandrum-secretariat-office-file-1
SHARE

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തത്തിന്റെ കാരണത്തിന്റെ പേരിൽ സംശയത്തിന്റെ പുകച്ചുരുളുകൾ ഉയരുമ്പോൾ, ഏറെ നിർണായകമാകുന്നത് ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ കെമിസ്ട്രി, ഫിസിക്സ് ഡിവിഷനുകളുടെ പുറത്തുവരാനിരിക്കുന്ന പരിശോധനാഫലം. രണ്ടാഴ്ചയ്ക്കുള്ളിൽ ലാബ് റിപ്പോർട്ട് കോടതിക്കു കൈമാറും.

ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്ന സർക്കാർ വകുപ്പുകളുടെ റിപ്പോർട്ടുകളെ വീണ്ടും തള്ളുന്നതാണ് ഫൊറൻസിക് ഡിവിഷനുകളിലെ ഫലമെങ്കിൽ സർക്കാർ കൂടുതൽ വെട്ടിലാകും. തീപിടിത്തത്തെ തുടർന്ന്, സ്ഥലത്തുനിന്നു ശേഖരിച്ച ഇലക്ട്രിക് വയറിന്റെ കഷ‍്ണങ്ങളും മറ്റും വിശദമായി പരിശോധിച്ച ശേഷമാണ്, ഷോർട്ട് സർക്യൂട്ട് അല്ല കാരണമെന്ന പ്രാഥമിക നിഗമനത്തിൽ ഫിസിക്സ് വിഭാഗം എത്തിയത്. തുടർന്നു പ്രാഥമിക റിപ്പോർട്ടും കൈമാറി. കൂടുതൽ പരിശോധന നടത്താനും കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങൾക്ക് നിർദേശം ലഭിച്ചു.

ഇതിനിടെ ഫൊറൻസിക് ഡയറക്ടർ സ്ഥാനം കയ്യടക്കാൻ പൊലീസ് ആസ്ഥാനത്തു നിന്നു നടപടി ആരംഭിച്ചതും സംശയങ്ങൾക്കിടയാക്കുന്നു. ഫൊറൻസിക് ലാബിന്റെ തലപ്പത്ത് ഐജി അല്ലെങ്കിൽ ഡിഐജിയെ നിയമിക്കണമെന്നുള്ള ഡിജിപിയുടെ ശുപാർശയും വിവാദമായി.

തീപിടിത്തത്തിനു ശേഷമുള്ള ആദ്യ ഞായറാഴ്ച പൊലീസ് ആസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഫൊറൻസിക് ലാബിലെ ഉദ്യോഗസ്ഥരെ ഓഫിസിൽ വിളിച്ചു വരുത്തി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ആരാഞ്ഞതായും ആരോപണമുണ്ട്.

ഷോർട് സർക്യൂട്ട്: തള്ളിയത് ഫൊറൻസിക് വിഭാഗം

ദുരന്ത നിവാരണ കമ്മിഷണർ ഡോ. എ.കൗശികൻ, മരാമത്ത് വകുപ്പ്, ഫയർ ഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവരെല്ലാം നൽകിയ റിപ്പോർട്ടുകളിൽ ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമായി പറയുന്നത്. ഫൊറൻസിക് വിഭാഗം മാത്രമാണ് ‘ഷോർട്ട് സർക്യൂട്ട് തിയറി’ തള്ളിയത്. അന്വേഷണ റിപ്പോർട്ടുകൾക്ക് ഏകീകൃത സ്വഭാവം ഇല്ലെങ്കിൽ സർക്കാരിനു കോട്ടമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി ഒരു ഐജി, ഫൊറൻസിക് ലാബിലെ ഉദ്യോഗസ്ഥരെ നിരന്തരം സമ്മർദത്തിലാക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. അന്വേഷണത്തിനായി എഡിജിപി മനോജ് ഏബ്രഹാമിനെയും സർക്കാർ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.

Content highlights: Kerala secretariat fire: Investigation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA