ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്ത് കേസിലെ പ്രതികളുമായി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനുള്ള ബന്ധത്തെക്കുറിച്ച് കസ്റ്റംസിനു കൂടുതൽ തെളിവു ലഭിച്ചു. ജൂലൈ 5നു സ്വർണക്കടത്ത് പിടിച്ച ശേഷം, കേസിലെ പ്രതി സന്ദീപ് നായരുമായി ബന്ധപ്പെട്ടെന്ന സാക്ഷിമൊഴി കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം ശിവശങ്കർ കഴിഞ്ഞദിവസം നടന്ന ചോദ്യം ചെയ്യലിൽ നിഷേധിച്ചു. മറ്റൊരു പ്രതി കെ.ടി. റമീസിനൊപ്പമുള്ള ഫോട്ടോ കാണിച്ചപ്പോൾ, യഥാർഥമല്ലെന്നായിരുന്നു മറുപടി.

ഔദ്യോഗിക യാത്രകൾക്ക് സ്വകാര്യ പാസ്പോർട്ടും ടൂറിസ്റ്റ് വീസയും ഉപയോഗിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ, സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയാണെന്നു ശിവശങ്കർ വിശദീകരിച്ചു. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാത്ത യാത്രകളുടെ മുഴുവൻ ചെലവും വഹിച്ചതു സംസ്ഥാന  സർക്കാരാണെന്നും അദ്ദേഹം കസ്റ്റംസിനു മൊഴി നൽകി. ഈ വാദങ്ങൾ തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നു കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ശിവശങ്കറിനു സ്വപ്ന ഐഫോൺ സമ്മാനിച്ചിരുന്നുവെന്നും യൂണിടാക് ഉടമ സന്തോഷ്  ഈപ്പനാണ് ഫോൺ സ്വപ്നയ്ക്കു നൽകിയതെന്നും കസ്റ്റംസ് കണ്ടെത്തി. എന്നാൽ, സ്വപ്നയ്ക്കു കൈമാറിയെന്നു സന്തോഷ് ഈപ്പൻ പറഞ്ഞ 5 ഐ ഫോണുകളിൽപ്പെട്ടതാണോ ഇതെന്നു വ്യക്തമല്ല.

മതഗ്രന്ഥങ്ങൾ കോൺസുലേറ്റ് വഴി ഇറക്കുമതി ചെയ്ത ശേഷം പുറത്തു വിതരണം ചെയ്തതിൽ ശിവശങ്കറിനു പങ്കില്ലെന്നു വ്യക്തമായിട്ടുണ്ട്.

ഈന്തപ്പഴം അനാഥാലയങ്ങളിൽ വിതരണം ചെയ്തതു തന്റെ നിർദേശപ്രകാരമാണെന്നു കസ്റ്റംസിനോടു ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസിൽ ശിവശങ്കറിൽനിന്നു പിഴ ഈടാക്കാനാണു കസ്റ്റംസ് തീരുമാനം. 

3.80 കോടി രൂപ ഡോളറാക്കി സ്വപ്ന കടത്തി

കൊച്ചി ∙ സ്വപ്ന സുരേഷും സംഘവും 2019 ഓഗസ്റ്റ് പകുതിയോടെ വിദേശത്തേക്കു ഡോളർ കടത്തിയതായി യൂണിടാക് ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അന്വേഷണ സംഘങ്ങൾക്കു മൊഴി നൽകി. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ ലഭിക്കാൻ കമ്മിഷൻ നൽകിയ 3.80 കോടി രൂപയും ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു മൊഴി.

യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായ ഈജിപ്ത് പൗരൻ ഖാലിദ് അലി ഷൗക്രിയും മറ്റു 3 പേരുമാണു ഖത്തർ വിമാനത്തിൽ പണവുമായി പോയത്. ഖത്തറിൽ നിന്ന് ഖാലിദ് കയ്റോയിലേക്കും മറ്റു 3 പേർ ദുബായിലേക്കും പണവുമായി പോയതായും സന്തോഷ് വെളിപ്പെടുത്തി. 

ഒന്നൊന്നായി കേസുകൾ; ഒടുവിൽ  ഡോളർ കടത്തും

കൊച്ചി ∙ സ്വർണക്കടത്തു കേസിന് അനുബന്ധമായി കസ്റ്റംസ് റജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ കേസാണു ഡോളർ കടത്തിന്റേത്. മുൻപ് ഈന്തപ്പഴം, മതഗ്രന്ഥം ഇറക്കുമതി കേസുകളിലും എം. ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഡോളർ കടത്തു കേസിൽ ശിവശങ്കറിനെ കസ്റ്റംസ് പ്രതി (റെസ്പോണ്ടന്റ്) ആക്കിയിട്ടില്ല. കസ്റ്റംസ് നിയമപ്രകാരം, കേസിൽ പങ്കുണ്ടെന്നു സംശയിക്കുന്നയാളുടെ (പഴ്സൻ ഓഫ് ഇന്ററസ്റ്റ്) മൊഴിയെടുത്ത ശേഷമേ പ്രതി ചേർക്കണോയെന്നു തീരുമാനിക്കൂ.

ഡോളർ കടത്തിയത് യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥനായിരുന്ന ഖാലിദ് അലി ഷൗക്രിയുടെ നേതൃത്വത്തിലായിരുന്നുവെന്നും സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും സഹായം ലഭിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രൂപ ഡോളറാക്കി മാറ്റിയതിൽ ശിവശങ്കറിനു പങ്കുണ്ടോയെന്നാണു കസ്റ്റംസ് അന്വേഷിക്കുന്നത്.

ജയിലിലുള്ള സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും അനുമതിക്കായി കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശിച്ച ഭേദഗതികൾ വരുത്തി നാളെ പുതിയ അപേക്ഷ നൽകും. 

ജലീലിന്റെ ഗൺമാന്റെ  ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു

എടപ്പാൾ (മലപ്പുറം) ∙ മന്ത്രി കെ.ടി. ജലീലിന്റെ ഗൺമാൻ വട്ടംകുളം സ്വദേശിയുടെ ഫോൺ കസ്റ്റംസ് സംഘം പരിശോധനയ്ക്കായി കൊണ്ടുപോയി. വിവാദ കിറ്റ് വിതരണം നടന്ന സമയത്ത് ഗൺമാൻ ഉപയോഗിച്ച ഫോണാണു കൊണ്ടുപോയത്. ഗൺമാന്റെ 2 സുഹൃത്തുക്കളെ ചോദ്യം ചെയ്തു. ഇതിൽ ഒരാൾ കിറ്റിനായി തുണിസഞ്ചികൾ നിർമിച്ചു നൽകിയ വ്യാപാരിയാണ്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഗൺമാൻ വീട്ടിൽ ക്വാറന്റീനിലാണ്.

തിരിച്ചടി പാടില്ല: കേന്ദ്രം

തിരുവനന്തപുരം ∙ ശിവശങ്കറുമായി ബന്ധപ്പെട്ട ഇഡി കേസിൽ ഉണ്ടായ തിരിച്ചടി ഇനിയുണ്ടാകരുതെന്നു കസ്റ്റംസിനു കേന്ദ്രത്തിന്റെ കർശന നിർദേശം. ചോദ്യംചെയ്യലിനു ഹാജരാകാമെന്നു പറഞ്ഞ ശേഷം ഹാജരാകാതെ ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടുകയായിരുന്നു. 

കോടതി മറുപടി ആരാഞ്ഞപ്പോൾ ഇഡി സാവകാശം ചോദിച്ചു. ഇതോടെയാണ് കോടതി 23 വരെ അറസ്റ്റ് തടഞ്ഞത്. ഡോളർ കടത്തു കേസിൽ ഇത്തരം പഴുതുകൾ ഉണ്ടാകരുതെന്നാണു നിർദേശം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com