കോവിഡ് മരണം: ബന്ധുക്കൾ നിയമ നടപടിക്ക്

1200-covid-corona-virus
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി ∙ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ കോവിഡ് പോസിറ്റീവായ ആളുടെ മരണത്തിന് വെന്റിലേറ്റർ ട്യൂബുകൾ മാറിക്കിടന്നതു കാരണമായെന്ന ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ നിയമ നടപടിയിലേക്കു നീങ്ങുന്നു. മെഡിക്കൽ കോളജിലെ കോവിഡ് ഐസിയുവിൽ ചികിത്സയിലിരുന്ന സി.കെ.ഹാരിസിന്റെ മരണമാണ് വിവാദമായത്. 

മെ‍ഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസർ ആശുപത്രിയിലെ വാട്സാപ് ഗ്രൂപ്പിൽ കൈമാറിയ ശബ്ദസന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. സുഖംപ്രാപിച്ചു വന്ന ആൾ ഇത്തരത്തിൽ മരിച്ചതെന്നും ഡോക്ടർമാർ വിവരം പുറത്തുവിടാതിരുന്നതിനാലാണു പിഴവിന് ഉത്തരവാദികളായവർ രക്ഷപ്പെട്ടതെന്നും സന്ദേശത്തിലുണ്ട്. ആശുപത്രിയിൽ കേന്ദ്രസംഘത്തിന്റെ സന്ദർശനത്തോടനുബന്ധിച്ചു സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചു കീഴ്ജീവനക്കാർക്കുള്ള നിർദേശങ്ങളാണു പ്രധാനമായും സന്ദേശത്തിലുള്ളത്. ഇതിന്റെ ഒടുവിലായാണ്, ഈ മരണത്തെപ്പറ്റി വിശദീകരിക്കുന്നത്. ഇത്തരത്തിൽ പല പിഴവുകളും സംഭവിക്കുന്നതായും അവ ഒഴിവാക്കണമെന്നും പറയുന്നു.

ശബ്ദസന്ദേശത്തിന്റെ പ്രസക്തഭാഗം: ‘പല രോഗികളുടെയും ഓക്സിജൻ മാസ്ക്കുകൾ മാറിക്കിടക്കുന്നതായി സൂപ്പർവിഷനു പോയ ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെന്റിലേറ്ററിന്റെ ട്യൂബുകൾ ശരിക്കാണോ ഉള്ളതെന്ന് ഐസിയുവിലുള്ളവർ കൃത്യമായി പരിശോധിക്കണം. നമ്മുടെ ഭാഗത്തുനിന്നുള്ള ചെറിയ വീഴ്ച കൊണ്ടു പല രോഗികളുടെയും ജീവൻ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ഇക്കാര്യം ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എന്നാൽ അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ ശിക്ഷണ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. നമ്മൾ കഷ്ടപ്പെടുന്നതു കൊണ്ടാണിത്.’’

കേന്ദ്രസംഘമെത്തുന്നതിനു മുൻപ് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ ആശുപത്രി അധികൃതർ ഓൺലൈൻ യോഗം നടത്തിയിരുന്നു. ഇതിലെ തീരുമാനങ്ങളാണു പങ്കുവയ്ക്കുന്നതെന്നാണു ശബ്ദസന്ദേശത്തിൽ വിശദീകരിക്കുന്നത്.

ഇതു കൊലപാതകം: ബന്ധുക്കൾ

∙ ഹാരിസിന്റെ മരണത്തിൽ മുൻപു തന്നെ സംശയമുണ്ടായിരുന്നതായും ആശുപത്രി അധികൃതരുടെ പിഴവു മൂലമുള്ള കൊലപാതകമാണ‌ിതെന്നും അടുത്ത ബന്ധു എച്ച്.അൻവർ മനോരമയോടു പറഞ്ഞു. നിയമനടപടി സ്വീകരിക്കാനാണു കുടുംബത്തിന്റെ തീരുമാനം.

‘ശബ്ദസന്ദേശം ആശുപത്രിയിലെ ഹെഡ് നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പിൽ കൈമാറിയതാണ്. ഇതു സ്റ്റാഫ് നഴ്സുമാർക്കു കൈമാറുകയായിരുന്നു. അവധി ആയതിനാലാണു വാട്സാപ്പിൽ സന്ദേശം നൽകിയത്. രോഗിയുടെ മരണത്തിനു പിന്നിൽ വീഴ്ചകളൊന്നുമില്ല.’

  നഴ്സിങ് ഓഫിസർ

Content highlights: Covid death: complaints kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA