ചിതലരിക്കാത്ത ഓർമകൾ

marthoma
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കൊപ്പം
SHARE

ഓർമകളുടെ സെർവറായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ. ഓർമ വച്ച കാലം മുതൽ സംഭവിച്ച കാര്യങ്ങൾ തെളിനീർ പോലെ സൂക്ഷിക്കുന്ന അണക്കെട്ടായിരുന്നു ആ മനസ്സ്. ഓരോ സംഭവവും തീയതിയും സമയവും വച്ച്  ഓർത്തെടുത്തു പറയും. രാജപാളയം പട്ടിയുടെ ചരിത്രവും പാളയംകോടൻ പഴം കേരളത്തിൽ വന്നതിന്റെ വഴിയും അടക്കം ആ മനസ്സിലെ ഓർമച്ചെപ്പിൽ സൂക്ഷിച്ചിരിക്കുന്ന ചരിത്ര ശേഷിപ്പുകൾ ഏറെ.ഇതൊക്കെ എഴുതി സൂക്ഷിച്ചു കൂടേയെന്നു ചോദിച്ചാൽ, ഇനിയും സമയമുണ്ടല്ലോയെന്നായിരിക്കും മറുപടി. അദ്ദേഹം ആത്മകഥ എഴുതിയിരുന്നെങ്കിൽ കേരളത്തിന്റെ ചരിത്രത്തിലെ മികച്ച റഫറൽ ഗ്രന്ഥമാകുമായിരുന്നു അത്. 

അസാധാരണമായ ഓർമ ശക്തി പലഘട്ടത്തിലും മെത്രാപ്പൊലീത്തായെ സഹായിച്ചിട്ടുണ്ട്. പ്രായമായില്ലേ, ഓർമക്കുറവുണ്ടാകും എന്നു കരുതി ഓർമിപ്പിക്കാൻ പറയുന്ന ചില സൂചനകളെ മെത്രാപ്പൊലീത്ത വിലക്കും. എനിക്കറിയാം, ഇന്ന സ്ഥലത്തെ ഇന്നാരുടെ കാര്യമല്ലേയെന്നു തിരിച്ചു ചോദിക്കും. 

ഓരോ കാര്യത്തിലും നേരിട്ട് ഇടപെടണമെന്ന വാശിയുണ്ടായിരുന്നു മെത്രാപ്പൊലീത്തയ്ക്ക്. ഒരിക്കൽ,  മാരാമണ്ണിലെ തറവാട്ടു പറമ്പിലെ ചില മരങ്ങളുടെ കമ്പ് കോതുന്നതിനെപ്പറ്റി സംസാരിക്കാൻ മരം വെട്ടുകാരെ പുലാത്തീനിലേക്കു വിളിപ്പിച്ചു. ഞങ്ങളു പോയി കോതിക്കൊള്ളാമെന്നു വെട്ടുകാർ. അതുവേണ്ട, രാവിലെ 8 മണിയാകുമ്പോൾ  ഒരുമിച്ചു പോകാമെന്നു തിരുമേനി. പിറ്റേന്ന് മരം വെട്ടുകാർ വരും മുൻപേ അദ്ദേഹം റെഡി. സ്വന്തം കാറിൽ അവരുമായി പറമ്പിൽ പോയി. ശിഖരങ്ങൾ കോതി, വിറക് ആക്കി അടുക്കി വച്ചു. മാരാമൺ കൺവൻഷൻ വരുമ്പോൾ വെള്ളം തിളപ്പിക്കാനും ഭക്ഷണമുണ്ടാക്കാനുമൊക്കെ ആവശ്യം വരും. അതിനുള്ള കരുതലാണ്. 

ഒരിക്കൽ ഒരു മലയാളി കുടുംബം ചെന്നൈയിലേക്ക് പുറപ്പെടാൻ കോട്ടയം സ്റ്റേഷനിൽ നിൽക്കുന്നു. യുവ ദമ്പതികളും അവരുടെ കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം. ട്രെയിനിൽ കയറും മുൻപ് ടിടിഇ പറഞ്ഞു, ഫസ്റ്റ് ക്ലാസിൽ അവർ ബുക്ക് ചെയ്ത കൂപ്പെ ഒരു വിഐപിക്ക് കൊടുത്തെന്ന്, പകരം മറ്റൊരു കൂപ്പെയിലേക്ക് കുടുംബത്തെ മാറ്റി. കൂപ്പെ തട്ടിയെടുത്ത വിഐപി ആരെന്നറിയാൻ ചെറുപ്പക്കാരൻ ചെന്നു നോക്കിയപ്പോൾ കാണുന്നത് ജോസഫ് മാർത്തോമ്മായെയാണ്. വിവരം അറിഞ്ഞതോടെ മെത്രാപ്പൊലീത്ത ചെറുപ്പക്കാരനെ തേടിച്ചെന്നു. 

ആ കുടുംബത്തെ തനിക്ക് അനുവദിച്ച കൂപ്പെയിൽ ഇരുത്തിയ ശേഷമേ അദ്ദേഹം അടങ്ങിയുള്ളു. 

ചിലരെ സന്ദർശിച്ചു മടങ്ങുമ്പോൾ കീശയിൽ ഒരു കവർ വയ്ക്കുന്നതും പതിവായിരുന്നു. 10,000 രൂപയിൽ കുറയാത്ത പണം ഉണ്ടാകുമതിൽ. ആവശ്യം അനുസരിച്ചു നൽകുന്ന തുകയും വർധിക്കും. രോഗികൾ, സഹായിക്കാൻ ആരുമില്ലാത്തവർ ഉൾപ്പെടെ ജാതി മത പരിഗണനകൾക്ക് അപ്പുറം ആ സഹായ ഹസ്തം തേടിയെത്തിയിരുന്നു. ചെയ്തതൊന്നും ആരോടും അദ്ദേഹം പറഞ്ഞില്ല. സഹായം കിട്ടിയവരിൽ ചിലർ വഴിയാണ് ആ വലിയ മനസ്സിനെ കുറച്ചു പേരെങ്കിലും അറിഞ്ഞത്. 

പദവികൾ, ചുമതലകൾ

കൊല്ലം – കൊട്ടാരക്കര ഭദ്രാസനത്തിന്റെയും സൺഡേസ്കൂൾ സമാജം, യുവജന സഖ്യം, കേരള ക്രിസ്ത്യൻ കൗൺസിൽ എന്നിവയുടെയും അധ്യക്ഷ പദം വഹിച്ചു. ഡൽഹിയിലും മുംബൈയിലും ചെന്നൈയിലും സഭാ ഭദ്രാസന മന്ദിരങ്ങൾക്കു സ്ഥലം സമ്പാദിക്കുന്നതിനു നേതൃത്വം നൽകി. പിന്നീട് തിരുവനന്തപുരം – കൊല്ലം ഭദ്രാസനാധിപനായി. 1997 മുതൽ അടൂർ മാവേലിക്കര ഭദ്രാസനാധ്യക്ഷനായിരുന്നു. 

∙അഞ്ചലിൽ ഐടിസിയും ശാസ്താംകോട്ട, പന്തളം എന്നിവിടങ്ങളിൽ സ്റ്റുഡന്റ്സ് സെന്ററുകളും സ്ഥാപിക്കുന്നതിനു നേതൃത്വം നൽകി. 

∙സ്റ്റാർഡ് എന്ന പേരിൽ വികസന പരിപാടികൾക്കായി സംഘടന രൂപീകരിച്ചു. 

∙ആയൂരിൽ മാർത്തോമ്മാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി തുടങ്ങാൻ മുൻകൈയെടുത്തു. 

∙തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിന്റെ വികസനത്തിനു നേതൃത്വം നൽകി. 

∙നാഗർകോവിലിൽ സ്റ്റുഡന്റ്സ് സെന്റർ തുടങ്ങി. കറ്റാനത്തും ഹോസ്ക്കോട്ടിലും നഴ്സിങ് സ്കൂളുകൾ തുടങ്ങാൻ നേതൃത്വം നൽകി. 

∙മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ പ്രസിഡന്റായിരുന്നു. 

∙3 തവണ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ അധ്യക്ഷനായിരുന്നു. നാഷനൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ ഉപാധ്യക്ഷ, അധ്യക്ഷ പദവികളും വഹിച്ചു. 

∙ക്രിസ്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ ആക്‌ഷൻ‍ (കാസാ) അധ്യക്ഷനായിരുന്നു. 

∙നാഗാലാൻഡ്, മണിപ്പൂർ, ഈസ്റ്റ് ടിമോർ മേഖലകളിലെ സംഘർഷ കാലത്ത് സമാധാന ദൗത്യ സംഘത്തിലെ അംഗമായി. 

∙മഹാരാഷ്ട്രയിലെ ലത്തൂർ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഒഡീഷ, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ പ്രകൃതി ക്ഷോഭത്തെ തുടർന്നും ദക്ഷിണേന്ത്യൻ തീരദേശങ്ങളിൽ സുനാമിയിലും 2018ലെ മഹാപ്രളയത്തിലും ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

∙ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ വിളിച്ചു ചേർത്ത ലോക മത സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA