പമ്പയാറിനൊപ്പം ഒഴുകിയ ജീവിതം

marthoma-2
SHARE

പ്രാ യവും പദവിയും ഉത്തരവാദിത്തങ്ങളും കൂടി വന്നപ്പോഴും ശീലങ്ങൾക്കു മാറ്റമില്ലാത്ത മനുഷ്യനായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ. സമയം കിട്ടുമ്പോഴൊക്കെ പമ്പയാറ്റിൽ മുങ്ങിക്കുളിക്കും. കുളിച്ചു വളർന്ന പമ്പയാറിനെ അദ്ദേഹം ഒരിക്കലും മറന്നില്ല. മുൻപൊക്കെ പുഴയുടെ അക്കരയിക്കരെ നീന്തുമായിരുന്നു. അത് വ്യായാമമല്ല, ആറ്റു തീരത്തു ജനിച്ചവരുടെ ശീലമാണെന്നാണു മെത്രാപ്പൊലീത്തയുടെ പക്ഷം.

പണ്ട് തെളിനീരു പോലെ കിടന്ന പമ്പയിലെ വെള്ളം ഇന്നു കരി ഓയിൽ പോലെ ഒഴുകുന്നതിൽ ആ മനസ് വല്ലാതെ വേദനിച്ചിരുന്നു. എന്നിട്ടും ആ കരി നീരിലും ഒന്നു മുങ്ങി കുളിക്കാൻ അദ്ദേഹം 90–ാം വയസ്സിലും താൽപര്യപ്പെട്ടിരുന്നു എന്നത് പമ്പയാറിനോടുള്ള മാരാമണ്ണുകാരന്റെ ആത്മബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. 

നീന്തൽ പോലെ മറ്റൊരു ശീലമാണ് ഡ്രൈവിങ്. കാറേതായാലും വേഗത്തിൽ പോകാനാണ് ഇഷ്ടം. വൈദികനായിരിക്കെ സ്കൂട്ടറിലായിരുന്നു സഞ്ചാരം. ബിഷപ്പായപ്പോൾ 7000 രൂപയ്ക്ക് ഹെറാൾഡ് കാർ വാങ്ങി.  അത് 7500 രൂപയ്ക്കു വിറ്റു. പിന്നെ വാങ്ങിയത് അംബാസഡർ. ഡൽഹി ഭദ്രാസനത്തിന്റെ ചുമതലയുണ്ടായിരുന്നപ്പോൾ വാങ്ങിയ ആദ്യ മോഡൽ മാരുതി 800 ഇപ്പോഴും ഔദ്യോഗിക വസതിയായ പുലാത്തീനിന്റെ മുറ്റത്തുണ്ട്. മെഴ്സിഡസിന്റെ പല സീരിസുകൾ ഉപയോഗിച്ചെങ്കിലും മെത്രാപ്പൊലീത്തയ്ക്കു പ്രിയപ്പെട്ടത് മാരുതി 800 തന്നെ. സ്വന്തമായി ഓടിക്കുന്നതാണ് കൂടുതൽ ഇഷ്ടം. ലൈസൻസ് പുതുക്കാൻ 88–ാം വയസ്സിൽ അദ്ദേഹം സ്വയം കാറോടിച്ചു തന്റെ ഡ്രൈവിങ് ക്ഷമത മോട്ടോർ വാഹന വകുപ്പിനെ ബോധ്യപ്പെടുത്തി. എങ്കിലും 41 വർഷമായി മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി രാജു ഡ്രൈവിങ് സീറ്റിലുണ്ട്. ശീലത്തിന്റെ ഭാഗമാണ് ഡ്രൈവർ രാജുവും. 

ഏതു നാട്ടിൽ പോയാലും ഒരു ചെടിയുടെ കമ്പ്, അല്ലെങ്കിൽ ഒരു പഴത്തിന്റെ വിത്ത്, അങ്ങനെയെന്തെങ്കിലുമൊന്ന് മെത്രാപ്പൊലീത്തയുടെ പെട്ടിയിൽ ഉണ്ടാകും. കൊണ്ടുവരുന്നതെല്ലാം പുലാത്തിന്റെ (അരമനയുടെ) ഉള്ളിലും പുറത്തുമായി നട്ടു പിടിപ്പിക്കും. പുലാത്തീന്റെ മുറ്റം നിറയെ പുൽത്തകിടിയാണ്, ഉള്ളിലേക്കു കയറുമ്പോൾ സ്വാഗതം ചെയ്യുന്നത് 10 അടി ഉയരമുള്ള വിളക്കാണ്. അതു കഴിഞ്ഞാൽ, വർണ മത്സ്യങ്ങൾ നീന്തിത്തുടിക്കുന്ന പൊയ്കയും. ആ കാഴ്ചകൾ മതി, ശീലങ്ങൾ നെഞ്ചോടു ചേർത്ത ഒരു നാടൻ മനുഷ്യനെ അറിയാൻ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA