ADVERTISEMENT

മണ്ണും ജലവും പ്രകൃതിയും ചേർന്നു രൂപപ്പെടുത്തിയ പരുക്കൻ മനുഷ്യനായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. തെറ്റുകളോടും അനീതിയോടും സന്ധിയില്ലാതെ പ്രതികരിക്കുന്ന മെത്രാപ്പൊലീത്ത ക്ഷിപ്ര കോപിയും ക്ഷിപ്ര ശാന്തനുമായി അറിയിപ്പെട്ടു. ദുഃഖിതരോടും ക്ഷീണിതരോടും അതിവേഗം അനുരൂപപ്പെടും.

ദേഷ്യം ദേഷ്യപ്പെട്ടു തന്നെ തീർക്കും. പച്ച മനുഷ്യർ അങ്ങനെയാണ്. അസ്ഥാനങ്ങളിലുള്ള പ്രകോപനങ്ങളെ ഒരിക്കലും സഹിച്ചിരുന്നില്ല. സുക്ഷ്മമായ നോട്ടം, ഉഗ്രമായ ശബ്ദം എന്നിവയിലൂടെ സഭയെ അദ്ദേഹം അച്ചടക്കത്തോടെ നയിച്ചു. 21–ാം നൂറ്റാണ്ടിൽ മാർത്തോമ്മാ സഭയെ നയിക്കാൻ നിയോഗിക്കപ്പെട്ട മെത്രാപ്പൊലീത്ത 63 വർഷത്തെ പട്ടത്വ ജീവിതത്തിലൂടെ തഴക്കവും മെരുക്കവും വന്ന ഭരണാധികാരി കൂടിയായിരുന്നു.  

joesph-marthoma
ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീനിലെ അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഹാളിൽ പൊതുദർശനത്തിനു വയ്ക്കുന്നതിനു മുൻപായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ ശുശ്രൂഷ നടത്തുന്നു. ഡോ. ഐസക് മാർ പീലക്‌സിനോസ്, തോമസ് മാർ തിമോത്തിയോസ്, ഡോ. യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവർ സമീപം. ചിത്രം: നിഖിൽരാജ് ∙ മനോരമ

മാർത്തോമ്മാ സഭയുടെ മുഴുവൻ ഭരണത്തിനൊപ്പം 4 ഭദ്രാസനങ്ങളുടെ ചുമതലയും ജോസഫ് മാർത്തോമ്മായുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഭാരിച്ച ചുമതലകൾ നിർവഹിക്കുമ്പോഴും ഓർമയും വിവേകവും സഭയെ നയിക്കാനുള്ള ശക്തി നൽകണമേയെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രാർഥന. കാലം ചെയ്ത മാത്യുസ് ദ്വിതീയൻ കാതോലിക്കാ ബാവായും യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പൊലീത്തയും നൽകിയ ഉപദേശങ്ങളിൽ അടിസ്ഥാനമിട്ടായിരുന്നു ജോസഫ് മാർത്തോമ്മാ മേൽപ്പട്ടക്കാരന്റെ ജീവിതത്തെ രൂപപ്പെടുത്തിയത്. 1975 ഫെബ്രുവരി ഏഴിനു മെത്രാഭിഷേകത്തിനു മുന്നോടിയായി ജോസഫ് മാർത്തോമ്മ‍ായെ വിളിച്ച മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ ആശംസിച്ചു:‘‘ മാർത്തോമ്മാ സഭയിൽ എപ്പിസ്കോപ്പൽ സ്ഥാനത്തേക്ക് വിളിക്കപ്പെട്ടതിൽ സന്തോഷിക്കുന്നു, സഹതാപം അറിയിക്കുന്നു’’. ‌

‘‘ഭ്രാന്ത് പിടിപ്പിക്കുന്ന സാഹചര്യങ്ങളിലേക്ക് ഇറങ്ങാൻ തയാറായിക്കൊള്ളുക, കാറ്റിനാലും കോളിനാലും അന്തരീക്ഷം മുഖരിതമായിരിക്കും. ഒരിടത്ത് ഉറച്ചു നിന്ന് ദൈവം നല്ലവനെന്നു രുചിച്ചറിഞ്ഞു മുന്നോട്ടു പോവുക’’ – യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത ഉപദേശം എഴുതി നൽകി. രണ്ടുപദേശങ്ങളും ജീവിതത്തിൽ അദ്ദേഹം  അനുഭവിച്ചറിഞ്ഞു. സഭ സാമൂഹിക ദർശനത്തിൽ കൂടുതൽ സജീവമായി എന്നതാണ് ജോസഫ് മാർത്തോമ്മായുടെ ഭരണ നേട്ടങ്ങളിൽ ആദ്യത്തേത്. ദുരിതങ്ങളിൽ കഴിയുന്ന ജനതയുടെ ജാതിയോ മതമോ തിരക്കാതെ അദ്ദേഹം സമാധാന ദൂതനായി ഇറങ്ങി. 

ഓർത്തഡോക്സ് – യാക്കോബായ സഭകൾ തമ്മിലെ ഭിന്നത നിർഭാഗ്യകരമെന്നു വിശേഷിപ്പിച്ച മെത്രാപ്പൊലീത്ത ഒരു മേശയ്ക്കു ചുറ്റും ഇരുന്നു സംസാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നം മാത്രമായി സഭാ തർക്കത്തെ കണ്ടു. വേദശാസ്ത്ര, വിശ്വാസ തർക്കങ്ങളല്ല ഇന്നു സഭകളിൽ നിലനിൽക്കുന്നത് എന്നതു യാഥാർഥ്യമാണെന്ന സത്യവും അദ്ദേഹം വിളിച്ചു പറഞ്ഞു. വിശ്വാസ സമൂഹത്തിലെ പ്രശ്നങ്ങൾ ഒഴിഞ്ഞു പോകാൻ സഭകൾക്ക് ദൈവകൃപ നൽകണേയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാർഥന.   

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com