മാർത്തോമ്മാ സഭയെ ആധുനികമാക്കിയ ഡോ. ജോസഫ് മാർത്തോമ്മാ

joseph-marthoma
SHARE

തൊണ്ണൂറു വർഷത്തെ  വിശ്രമം ഇല്ലാത്ത വിശ്വാസ ജീവിതത്തിനു ഇന്ന് അന്ത്യം കുറിക്കുമ്പോൾ ജോസഫ് മാർത്തോമ്മാ ക്രൈസ്തവ സമൂഹത്തിനു മറക്കാൻ  കഴിയാത്ത  ഒരു മഹാമേരുവാണ്. മലങ്കരയിൽ ക്രൈസ്തവ വിശ്വാസവും നവീകരണവും  വിദേശ മേൽകൊയ്മയില്ലാത്ത  സ്വതന്ത്രവും  ജനാധിപത്യത്തിൽ  അധിഷ്ഠിതവുമായ ഒരു ഭാരത സഭ കെട്ടിപ്പടുക്കാൻ പാലക്കുന്നത് എബ്രഹാം മൽപ്പാനും മാത്യൂസ് മാർ അത്താനാസിയോസ്, തോമസ് മാർത്തോമ്മ, തീത്തൂസ് ഒന്നാമനും  രണ്ടാമനും കഴിഞ്ഞു ജോസഫ് മാർത്തോമ്മാ നൽകിയ നേതൃത്വം വിസ്മരിക്കാവുന്നതല്ല.

ജോസഫ് മാർത്തോമ്മായ്ക്ക് കശീശ്ശ പട്ടം നൽകിയത് 1957 ഒക്ടോബർ 17 നു ആണ്. തുമ്പമൺ ബെഥേൽ മാർത്തോമാ പള്ളിയിലായിരുന്നു അത്. തുമ്പമൺ വെളുത്തെടത്തു എൻ എസ് വർഗീസ്, ജോർജ് വർഗീസ്‌ ആയിരൂർ എന്നിവർക്കും കൂടെ ആണ്  പട്ടം നൽകിയത്.  1975 ൽ  ഈശോ മാർ തീമത്തിയാസിനും  ജോസഫ് മാർ ഐറെനിയോസിനും മെത്രാൻ പട്ടം നൽകിയ ഉടനെ തുമ്പമൺ ബഥേലിൽ വലിയ സ്വീകരണം നൽകി. 

ശ്രുതി മധുരമായ ശുശ്രൂഷ, ഘന ഗംഭീര  പ്രസംഗം,  ആർദ്രതയോടുള്ള പ്രവർത്തനങ്ങൾ, എതിർപ്പുകളെ  നേരിടാനുള്ള ധൈര്യം എന്നിവ സഭയ്ക്കും  സമൂഹത്തിനും വേണ്ട സമയത്ത് എന്തു ത്യാഗം സഹിച്ചും  കാര്യം നടത്താനുള്ള നൈപുണ്യവും ദീർഘവീക്ഷണവും മാർത്തോമാ സഭയെ കഴിഞ്ഞ കാലങ്ങളിൽ കിഴക്കൻ സഭാ സമൂഹത്തിലെ വേറിട്ടൊരു സഭയെന്ന ഖ്യാതിയും പെരുമയും നേടികൊടുത്തത്  ജോസഫ് മാർത്തോമയുടെ ധീരമായ നേതൃത്വമാണ്.

 മാർത്തോമ്മാ സഭക്ക് ഡൽഹിയിൽ അരമനക്കു സ്ഥലം സമ്പാദിച്ചതും തിരുവനന്തപുരത്തെ അരമനയുടെ ബാധ്യതകൾ തീർക്കുന്നതിനും മദ്രാസിൽ അണ്ണാ നഗറിലെ സ്ഥലം സമ്പാദിച്ചതും തിരുമേനിയുടെ ദീർഘ വീക്ഷണം കൊണ്ടാണ്. പന്തളം സെന്ററിന്റെ സ്ഥലം സമ്പാദിച്ചു  കെട്ടിടം നിർമിച്ചത്,  അടൂർ അരമന, തിരുവല്ലയിലെ പുലാത്തീൻ, കറ്റാനം ആശുപത്രി വികസനം, കാസർകോട്ടെ സ്പെഷ്യൽ സ്കൂളിന്റെ വികസനം, ആയൂർ കോളേജ്, മാർത്തോമാ പ്രസ്സ്, ഡിഎസ്എംസി,  മാരാമൺ  അരമന, വൈദികരുടെ ഹെർമിറ്റേജ് ഹോം, കോഴഞ്ചേരിയിൽ കുറുന്തോട്ടിക്കൽ അച്ചനു സ്മാരകം ഉണ്ടാക്കിയത്  തുടങ്ങി സഭയുടെ വിവിധങ്ങൾ ആയ സ്ഥാപനങ്ങളുടെ ആരംഭത്തിനും വികസനത്തിനും തിരുമേനി നൽകിയ നേതൃത്വം സ്മരണീയമാണ്.

സ്റ്റേറ്റ് കോൺഗ്രസ്‌ സാരഥിയും കേരള ചരിത്രത്തിലെ അതികായകനും ആയ ടി എം വർഗീസിന്റെ പ്രതിമ തിരുവനന്തപുരത്തെ കേശവദാസപുരത്തു സ്ഥാപിച്ചത് തിരുമേനിയുടെ ശ്രമഫലമാണ്. മാർത്തോമ്മാ സഭയുടെ പ്രതിസന്ധികാലത്തു വ്യവഹാരങ്ങളിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ കേസ് നടത്തിയ ചെങ്ങന്നൂർ കെ ടി തോമസ് വക്കീലിന്റെ ഓർമ നിലനിർത്തുവാനായി എൻഡോവമെന്റ്  ആരംഭിച്ചതിലും ജോസഫ് മാർത്തോമ്മായുടെ  സജീവ നേതൃത്വം  ഉണ്ട്. ലാത്തൂരിൽ ഭൂകമ്പം മൂലം തകർന്നടിഞ്ഞ ഒരു ഗ്രാമം പുനർനിർമിച്ചു.  കാൻസർ രോഗികൾക്കുള്ള സ്നേഹകരം പദ്ധതി ആരംഭിച്ചു.

 എക്യൂമെനിക്കൽ രംഗത്ത്  നേതൃത്വം കൊടുക്കാത്ത പ്രസ്ഥാനങ്ങൾ ഇല്ല.  ഇസിഎൽഒഎഫ്, കെസിസി, കാസാ, എൻസിസിഐ, ബൈബിൾ സൊസൈറ്റി,  നിലക്കൽ എക്യൂമെനിക്കൽ ട്രസ്റ്റ്‌ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ  പ്രസിഡന്റ്‌ പദവി  തേടിയെത്തുകയായിരുന്നു. നിലക്കലിലെ പഴയ പള്ളി പുതുക്കി പണിതതിൽ  നൽകിയ നേതൃത്വം ശ്രദ്ദേയമായിരുന്നു. 

ഏഷ്യൻ സഭകളുടെ കൂട്ടായ്മയായ ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ എന്ന സംഘടനയുടെ പ്രസിഡന്റ്‌ ആയി സേവനം അനുഷ്ഠിക്കുകയും ശ്രീലെങ്കയിലേക്കും കംബോഡിയയിലേക്കും  മറ്റു പല രാജ്യങ്ങളിലേക്കും പ്രശ്നപരിഹാരത്തിനായി നടത്തിയ ആലോചനകളിലും അതിന്റെ നേതൃത്വത്തിലും തിരുമേനി ഉണ്ടായിരുന്നു.

സുറിയാനി ഭാഷയിലുള്ള ആരാധന മാർത്തോമ്മ സഭാ ഉപേക്ഷിച്ചെങ്കിലും സുറിയാനി ഭാഷയുടെ ഒരു താല്പര്യക്കാരൻ അകയാൽ പല പട്ടകാരെനെയും  സുറിയാനി പഠിപ്പിക്കുന്നതിലും മൂല ഗ്രന്ഥങ്ങളിലുള്ള    സുറിയാനി ഭാഷയുടെ ശരിയായ മലയാള വ്യാഖ്യാനം എപ്രകാരം എന്ന് ജോസഫ് മാർത്തോമ്മാ  പറയുക പതിവായിരുന്നു.

എത്ര തിരക്കുണ്ടെങ്കിലും അതാത് ദിവസത്തെ സഭയുടെ കാര്യങ്ങളും കാത്തുകളും കൃത്യമായി എഴുതുകയും മറുപടി നൽകുകയും ചെയ്യുന്ന ശീലം  ഉണ്ടായിരുന്നു. അനാവശ്യമായ ചർച്ചകളെ  പ്രോത്സാഹിപ്പിച്ചിരുന്നില്ല.  ദീർഘമായ ഭരണ പരിചയം കൊണ്ടാണ് ഇത് എങ്കിലും  പലരുടെയും എതിർപ്പിനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ സ്ഥലങ്ങളിൽ എല്ലാം തിരുമേനി കാസയുടെ ആനുകൂല്യങ്ങൾ സംഘടിപ്പിച്ചു നൽകിയിട്ടുണ്ട്. ദിവ്യാംഗം ആയ കലാകാരനെ തിരുമേനി പ്രോത്സാഹിപ്പിച്ചത് ഏവർക്കും അറിവുള്ള കാര്യമാണ്.

 ഞാൻ സഭാ ട്രസ്റ്റി ആയപ്പോൾ എന്നെ പ്രാത്ഥിച്ചു ചുമതല ഏൽപിച്ചത് തിരുമേനി ആണ്.  ആർക്കും നേരിട്ട് ടെലിഫോണിൽ വിളിക്കാൻ അനുവാദം നൽകിയിട്ടുള്ള ഒരാളായിരുന്നു മെത്രാപ്പൊലിത്ത. അത്  വിശാല ഹൃദയത്തിന്റെ ഭാഗമാണ്.

അദ്ദേഹത്തിന്റെയും  എന്റെയും ജന്മ ദിനം ജൂൺ 27 ആണ്. മിക്കവാറും വർഷങ്ങളിൽ ആ ദിനം ഞാൻ തിരുമേനിയുടെ കുർബാന സ്വീകരിക്കാൻ കൂടെ പോകുവ പതിവുണ്ട്. ഈ വർഷം കോവിഡ് ആയതിനാൽ പങ്കെടുക്കാൻ സാധിക്കില്ല  എന്ന് വിചാരിച്ചു തിരുമേനിയെ വിളിച്ചപ്പോൾ കുർബാനയിൽ സംബന്ധിക്കുവാൻ എന്നെ ക്ഷണിക്കുകയും  കുർബാന മദ്ധ്യേ  എനിക്ക് വേണ്ടി പ്രാത്ഥിക്കുകയും ചെയ്തത് ലോകം മുഴുവനും ടിവിയിലൂടെ വന്നപ്പോൾ അത് എനിക്ക്  നൽകിയ ഒരു വലിയ അനുഗ്രഹമായി  കരുതുന്നു. അവസാനമായി പങ്കെടുത്ത വൈദിക തെരഞ്ഞെടുപ്പു കമ്മിറ്റിയിൽ പങ്കെടുക്കാൻ സാധിച്ചു. സഭയുടെയും പട്ടാത്വ സമൂഹത്തെയും കുറിച്ചു വ്യക്തമായ  കാഴ്ചപാട്   ഉണ്ടായിരുന്നു. മാർത്തോമാ സഭയുടെ ഭൗതിക വളർച്ചയിൽ ഉണ്ടായ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു സഭയ്ക്കു കെട്ടുറപ്പ് ഉണ്ടാക്കാനും സഭയുടെ പ്രശസ്തി വർധിപ്പിക്കാനും തിരുമേനിയെ ദൈവം എടുത്തുപയോഗിച്ചു.

ലോകമെങ്ങും ചിതറി ചേക്കേറിയ മാർത്തോമാ സമൂഹത്തെ കരുതുവാനും ദൈവത്തിന്റെ മാനുഷിക മുഖം മനുഷ്യനിൽ കാണണമെന്നും പ്രകൃതിയെ വികലമാക്കരുതെന്നും മറ്റുള്ള തിരുമേനിയുടെ വാക്കുകളും പ്രസംഗകളും  കരുതലും എന്നും സഭാ മക്കളും സമൂഹവും ഓർക്കും. 

മാർത്തോമാ സഭാ ഒരു ആഗോള സഭയായി വളർച്ച പ്രാപിച്ച ഈ ഘട്ടത്തിൽ സഭയുടെ അമരക്കാരനായി ശക്തമായ നേതൃത്വം നൽകിയ വലിയ ഇടയൻ എന്ന വിശേഷണത്തിന് തികച്ചും അനുയോജ്യനായിരുന്നു. തിരുമേനിക്ക് ആദരവോടെ എന്റെ സ്നേഹഞ്‌ജലി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA