കേരളത്തിലോടുന്ന 9 പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളാക്കി മാറ്റും

train
SHARE

കൊച്ചി∙റെയിൽവേ ടൈംടേബിൾ പരിഷ്കരണത്തിന്റെ ഭാഗമായി കേരളത്തിലോടുന്ന 9 പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളാക്കി മാറ്റും. നാഗർകോവിൽ– കോട്ടയം, കോയമ്പത്തൂർ–മംഗളൂരു, കോട്ടയം–നിലമ്പൂർ, പുനലൂർ–ഗുരുവായൂർ,തൃശൂർ–കണ്ണൂർ, കണ്ണൂർ–കോയമ്പത്തൂർ, മംഗളൂരു–കോഴിക്കോട്, മധുര–പുനലൂർ, പാലക്കാട് ടൗൺ–തിരുച്ചിറപ്പള്ളി പാസഞ്ചർ എന്നിവയാണു പട്ടികയിലുള്ളത്. 200 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കുന്ന പാസഞ്ചർ ട്രെയിനുകളാണു എക്സ്പ്രസാക്കാൻ നിർദേശിച്ചിരിക്കുന്നത്. ഈ ട്രെയിനുകളുടെ ഹാൾട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകളാണ് കേരളത്തിൽ പിൻവലിക്കുന്ന സ്റ്റോപ്പുകളിൽ ഏറെയും. യാത്രക്കാർ കുറവുളള 5 ജോഡി പാസഞ്ചർ ട്രെയിനുകളും റദ്ദാക്കും. 56387/88 എറണാകുളം– കായംകുളം, 56043/44 തൃശൂർ–ഗുരുവായൂർ, 66315/16 എറണാകുളം–കായംകുളം മെമു, 56333/34 പുനലൂർ–കൊല്ലം പാസഞ്ചർ, 56377/78 ആലപ്പുഴ–കായംകുളം എന്നിവയാണു റദ്ദാക്കുക. പാലക്കാട്–തിരുച്ചെന്തൂർ പാസഞ്ചർ മധുര വരെയാക്കി ചുരുക്കി. പാലക്കാടിനും പൊളളാച്ചിക്കുമിടയിൽ പാസഞ്ചറായും പൊളളാച്ചിക്കും മധുരയ്ക്കുമിടയിൽ എക്സ്പ്രസുമായി സർവീസ് നടത്തും. 

    കേരളത്തിൽ എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പുകൾ കാര്യമായി കുറച്ചിട്ടില്ല. മയ്യനാട്, ഡിവൈൻ നഗർ സ്റ്റോപ്പുകളാണു പ്രധാനമായും ഒഴിവാക്കിയത്. ചെന്നൈ എഗ്‌മൂർ–കൊല്ലം എക്സ്പ്രസിന്റെ ഇടമൺ‍,തെൻമല സ്റ്റോപ്പുകളും തിരുനെൽവേലി–പാലക്കാട് പാലരുവിയുടെ ന്യൂ ആര്യൻകാവ്, തെൻമല സ്റ്റോപ്പുകളും പിൻവലിക്കും. 56375 ഗുരുവായൂർ– എറണാകുളം പാസഞ്ചർ എറണാകുളം–തൃശൂർ, തൃശൂർ–ഗുരുവായൂർ എന്നിങ്ങനെ രണ്ടാക്കും. മുംബൈ ഐഐടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റെയിൽവേ, ടൈംടേബിൾ ഉടച്ചു വാർക്കുന്നത്. എല്ലാ വർഷവും സ്റ്റോപ്പുകളും സർവീസുകളും പുനപരിശോധിച്ചു നഷ്ടത്തിലായവ ഒഴിവാക്കും. ലാഭമായാലും നഷ്ടമായാലും സർവീസുകൾ മാറ്റമില്ലാതെ തുടരുന്ന സ്ഥിതിയാണ് ഇപ്പോഴുളളത്. യാത്രക്കാരുടെ എണ്ണം ഇടയ്ക്കു എടുക്കാറുണ്ടെങ്കിലും യാത്രക്കാർ കുറവുളള സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ പിൻവലിക്കാനുളള സോണുകളുടെ ശുപാർശ രാഷ്ട്രീയ എതിർപ്പുകൾ മൂലം നടപ്പാക്കാറില്ല. 

    ലിങ്ക് ട്രെയിനുകൾ ഒഴിവാക്കുന്നതോടെ 5 ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂടും. എറണാകുളം–കാരയ്ക്കൽ, ചെന്നൈ എഗ്‌മൂർ–ഗുരുവായൂർ, കന്യാകുമാരി– കത്ര ഹിമസാഗർ എക്സ്പ്രസ്, കൊച്ചുവേളി–ഡറാഡൂൺ, ധൻബാദ്–ആലപ്പുഴ എന്നിവയിലെ കോച്ചുകളുടെ എണ്ണമാണു കൂടുക. 2 മുതൽ 4 വരെ കോച്ചുകൾ ആദ്യഘട്ടത്തിൽ കൂട്ടും. യാത്രക്കാർ കുറവായതിനാൽ മംഗളൂരു–കത്ര നവയുഗ് എക്സ്പ്രസ് റദ്ദാക്കും. എറണാകുളം–ടാറ്റ പുതിയ സർവീസ് ആരംഭിക്കും. ലിങ്ക് ട്രെയിനുകൾക്കായി പ്രധാന ജംക്‌ഷനുകളിൽ കോച്ചുകൾ യോജിപ്പിക്കുന്നതും വേർപ്പെടുത്തുന്നതും മൂലമുണ്ടാകുന്ന സമയ നഷ്ടവും സുരക്ഷാ പ്രശ്നങ്ങളും ഒഴിവാക്കാനാണു അവ പൂർണമായും റെയിൽവേ ഒഴിവാക്കുന്നത്. ട്രെയിനുകൾ കൃത്യസമയം പാലിക്കാനും ഇതു സഹായിക്കുമെന്നു ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.

      ടൈംടേബിൾ പരിഷ്കരണത്തിന്റെ ഭാഗമായി ന്യൂഡൽഹി–തിരുവനന്തപുരം കേരള എക്സ്പ്രസിന്റെ സമയമാറ്റവും പരിഗണനയിലുണ്ട്. കേരളത്തിലേക്കു ഡൽഹിയിൽ നിന്നു വൈകുന്നേരം പ്രതിദിന ട്രെയിനില്ലെന്ന പരാതി പരിഹരിക്കാൻ കേരള രാത്രിയിൽ പുറപ്പെടുന്ന രീതിയിൽ പുനക്രമീകരിക്കാനാണു ശ്രമം. രാജധാനി, മംഗള, കേരള ഉൾപ്പെടെയുളള പ്രധാന ട്രെയിനുകൾ ഇപ്പോൾ രാവിലെ 9നും 12നും ഇടയിലാണു ഡൽഹിയിൽ നിന്നു പുറപ്പെടുന്നത്. ഡൽഹിയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കു ജോലി തീർത്തു വൈകിട്ടു നാട്ടിലേക്കു മടങ്ങാൻ സൗകര്യപ്രദമായ ട്രെയിനില്ലാത്തതിനാൽ ഒരു ദിവസം കൂടി ഹോട്ടലുകളിൽ തങ്ങേണ്ടി വരുന്നുണ്ട്. രാജധാനി ഉൾപ്പെടെ കൊങ്കൺ വഴിയുളള ഡൽഹി ട്രെയിനുകൾ 6 മണിക്കൂറോളം സമയം ലാഭിക്കും. 

Content highlights: Kerala passenger trains

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA