ADVERTISEMENT

കൊച്ചി ∙ യുഎഇ കോൺസുലേറ്റിലേക്കു വരുന്ന നയതന്ത്ര പാഴ്സലിൽ സ്വർണം ഒളിപ്പിച്ചു കടത്താനുള്ള തന്ത്രം അവതരിപ്പിച്ചു കെ.ടി. റമീസിന്റെ വിശ്വാസം നേടിയതു സ്വപ്ന സുരേഷാണെന്നു കൂട്ടുപ്രതി സന്ദീപ് നായർ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനു (ഇഡി) മൊഴി നൽകി. ഇത്തരം പാഴ്സലുകൾ സുരക്ഷിതമാണെന്ന സ്വപ്നയുടെ ഉറപ്പു പരിശോധിക്കാനാണു 2 തവണ സ്വർണമില്ലാത്ത ഡമ്മി അയച്ചതെന്നും സന്ദീപ് പറഞ്ഞു. 2019 ഡിസംബറോടെ കോൺസൽ ജനറൽ സ്ഥലം മാറി പോകുമെന്നും അതിനു മുൻപു തുടർച്ചയായി സ്വർണം കടത്താനും റമീസിനു നിർദേശം നൽകിയത് സ്വപ്നയാണ്. 2019 മേയ്, ജൂൺ മാസങ്ങളിലാണു ഗൂഢാലോചന നടന്നത്.

സന്ദർശക വീസയിൽ 2014 ൽ ദുബായിൽ എത്തിയപ്പോഴാണു സ്വർണക്കടത്തുകാരനായ കെ.ടി. റമീസിനു വേണ്ടി ആദ്യമായി സ്വർണം കടത്തിയതെന്നു സന്ദീപ് പറയുന്നു. 3.5 കിലോഗ്രാം സ്വർണമാണ് അന്നു കടത്തിയത്. സന്ദീപ് പിടിക്കപ്പെടാതെ തിരുവനന്തപുരം വിമാനത്താളത്തിനു പുറത്തു കടന്നെങ്കിലും ഒപ്പംവന്ന കാരിയർ കുടുങ്ങി. ഇയാൾ നൽകിയ മൊഴിയെ തുടർന്നു സന്ദീപിനെയും കസ്റ്റംസ് കേസിൽ പ്രതിയാക്കി. കെ.ടി. റമീസുമായുള്ള ഈ പരിചയമാണു നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിനു വഴിയൊരുക്കിയത്.ഗ്രീൻചാനലിൽ സ്വർണം കടത്തുന്നതിന്റെ സാധ്യത റമീസ് ആരാഞ്ഞപ്പോഴാണു നയതന്ത്ര പാഴ്സൽ മാർഗം സ്വപ്ന അവതരിപ്പിച്ചത്.

എയർ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയതിന്റെ പേരിലുണ്ടായ ക്രിമിനൽ കേസിൽ സ്വപ്ന പ്രതിയാണെന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു നേരത്തേ തന്നെ അറിയാമെന്ന പി.എസ്. സരിത്തിന്റെ മൊഴി സന്ദീപും ആവർത്തിച്ചു.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനപദ്ധതിയുടെ നിർമാണ കരാർ ലഭിക്കാൻ 5 % കമ്മിഷൻ വാഗ്ദാനം ചെയ്തതു യൂണിടാക് എംഡി സന്തോഷ് ഈപ്പനാണെന്നും 3 തവണയായി 45 ലക്ഷം രൂപ യൂണിടാക് നൽകിയിട്ടുണ്ടെന്നും സന്ദീപ് മൊഴി നൽകി.

3 പ്രതികളെ എൻഐഎ  കസ്റ്റഡിയിൽ വാങ്ങി

കൊച്ചി ∙ ഭീകരബന്ധം ആരോപിക്കപ്പെടുന്ന നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസിൽ പ്രതികളുടെ ടാൻസനിയ, യുഎഇ യാത്രകളെക്കുറിച്ചു വിശദമായ അന്വേഷണം നടത്താൻ 3 പ്രതികളെ വെള്ളിയാഴ്ച വരെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി. കെ.ടി. റമീസ്, പി.എസ്. സരിത്, എ.എം. ജലാൽ എന്നിവരെയാണു കസ്റ്റഡിയിൽ വാങ്ങിയത്. ‍

വിദേശത്തേക്കു ഡോളർ കടത്തിയ കേസിൽ സരിത്, സ്വപ്ന എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്താനായി കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയുടെ അനുവാദം വാങ്ങി. 

സ്വപ്നയുടെ  ബാങ്ക് ഇടപാട് ശിവശങ്കർ അറിഞ്ഞിരുന്നു: ഇഡി

കൊച്ചി ∙ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ പണം വയ്ക്കുന്നതും എടുക്കുന്നതും സംബന്ധിച്ച വിവരങ്ങൾ ശിവശങ്കറിനെ അറിയിച്ചിരുന്നെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയതായി ഇഡി. ഇക്കാര്യം ചോദിച്ചപ്പോൾ ശിവശങ്കർ ഒഴിഞ്ഞുമാറിയെന്നും സ്വപ്നയുടെ പേരിൽ ബാങ്ക് ലോക്കർ തുറക്കാൻ താൻ നിർദേശം നൽകിയിട്ടില്ലെന്നും പറഞ്ഞു. എന്നാൽ വാട്സാപ് സന്ദേശങ്ങൾ കാണിക്കുന്നതു തിരിച്ചാണ്.

സ്വർണക്കടത്തിൽ പ്രതിയായിട്ടുള്ളയാളുടെ പല പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തയാളാണ് ശിവശങ്കറെന്ന് ഇഡി ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തിനു വിഘ്നമുണ്ടാക്കും.

ശിവശങ്കറിനു ബന്ധമുണ്ടെന്നു കരുതുന്ന ഗുരുതര സാമ്പത്തിക കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ട്. ഇതുവരെ കണ്ടെത്തിയ വസ്തുതകൾ കോടതിയിൽ മുദ്രവച്ച കവറിൽ നൽകാമെന്നും ഇഡി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com