ADVERTISEMENT

കോട്ടയം ∙ മകൾ മിയയെയും കൂട്ടി തിരിച്ചുപോകാനായിരുന്നു അയർലൻഡിൽ നിന്ന് ജിഷ എത്തിയത്. ക്വാറന്റീൻ അമ്മയ്ക്കും മകൾക്കുമിടയിൽ വേലി തീർത്തു. ഏഴു ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ് മകളെ കാണാൻ കാത്തിരുന്ന ജിഷ ഇന്നലെ കണ്ണുനീരോടെ മിയയെ കണ്ടു– ആശുപത്രി മോർച്ചറിയിൽ. 

ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേൽ ജോമി ജോസിന്റെയും ജിഷയുടെയും മകളായ മിയ മേരി ജോമി (നാലര) കോതനല്ലൂരിൽ കാൽവഴുതി കിണറ്റിൽ വീണു മരിച്ചത് കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ്. 

ജോമിയും മൂത്തമകൻ ഡോണും അയർലൻഡിലാണ്. മിയയെ അയർലൻഡിലേക്കു കൊണ്ടുപോകാനായി ജിഷ മാത്രം നാട്ടിലെത്തുകയായിരുന്നു. വിദേശത്തു നിന്ന് എത്തിയതിനാൽ മൂവാറ്റുപുഴയിലെ വീട്ടിൽ ക്വാറന്റീനിലായിരുന്നു. നാട്ടിലെത്തിയിട്ടും മകളെ കാണാനും കഴിഞ്ഞിരുന്നില്ല. ജോമി രണ്ടു മാസം മുൻപു വരെ നാട്ടിലുണ്ടായിരുന്നു. കോതനല്ലൂരിലെ വീട്ടിൽ ജോമിയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു മിയ. 

ക്വാറന്റീൻ കാലാവധി കഴിഞ്ഞില്ലെങ്കിലും അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ജിഷ ഇന്നലെ മകളെ കാണാൻ കാരിത്താസ് ആശുപത്രി മോർച്ചറിയിൽ എത്തിയത്. ഇന്ന് മിയയുടെ പിതാവ് ജോമിയും ചേട്ടൻ ഡോണും അയർലൻഡിൽ നിന്ന് എത്തും. ഇവർക്കും കാരിത്താസ്  ആശുപത്രിയിൽ തന്നെ മിയയെ കാണാനാണു ക്രമീകരണമൊരുക്കുന്നത്. വിദേശത്തു നിന്ന് എത്തുന്നതിനാൽ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 

മിയയുടെ സംസ്‌കാര ശുശ്രൂഷകൾ ഇന്നു നാലിന് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നടക്കും. മൂവാറ്റുപുഴ ആരക്കുഴ റോഡിൽ മണ്ടോത്തിക്കുടിയിൽ കുടുംബാംഗമാണ് ജിഷ. ഡോൺ ജോമി അയർലൻഡിലെ കിൽക്കെനിയിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്. 

English Summary: 4 year old child fell into the well and died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com