ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്തു കേസിന്റെ ഭാഗമായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ (പിഎംഎൽഎ) ശിവശങ്കർ അറസ്റ്റിലായതോടെ സ്വപ്ന പ്രതിയായ മറ്റു കേസുകളിലും ശിവശങ്കറിന്റെ പങ്കാളിത്തം അന്വേഷിക്കും.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കള്ളക്കടത്തു കേസിലും ഡോളർ കടത്തുകേസിലും കസ്റ്റംസും വിദേശസംഭാവന ചട്ടലംഘനക്കേസിൽ സിബിഐയും നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) റജിസ്റ്റർ ചെയ്ത കേസിൽ എൻഐഎയുമാണ് അന്വേഷണം നടത്തുന്നത്. ഇതിൽ സിബിഐ ഒഴികെയുള്ള 3 ഏജൻസികളും ശിവശങ്കറിനെ ചോദ്യം ചെയ്തു.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനനിർമാണവുമായി ബന്ധപ്പെട്ട കമ്മിഷൻ തുകയാണു സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയതെന്ന മൊഴി ശരിയാണെന്നു തെളിഞ്ഞാൽ കേസിൽ ശിവശങ്കറും കുടുങ്ങും. സ്വപ്നയുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകളുടെ സൂത്രധാരൻ ശിവശങ്കറാണെന്ന സംശയം അന്വേഷണ ഏജൻസികൾ കോടതി മുൻപാകെ ബോധിപ്പിച്ചിട്ടുണ്ട്.

ജോലിത്തിരക്കുള്ള ദിവസങ്ങളിൽ പോലും സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങൾക്കുവേണ്ടി പലതവണ ശിവശങ്കർ ചാർട്ടേഡ് അക്കൗണ്ടന്റുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. കള്ളപ്പണമായ 30 ലക്ഷം രൂപ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലെത്തിക്കാൻ സ്വപ്നയ്ക്കൊപ്പം ശിവശങ്കർ പോയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സ്വർണക്കടത്ത് ഇടപാടുകൾ ശിവശങ്കറിന് അറിയില്ലെന്നാണു സ്വപ്നയുടെ ആവർത്തിച്ചുള്ള മൊഴി. 

നയതന്ത്ര ബാഗേജിൽ വന്ന സ്വർണം കസ്റ്റംസ് പിടിച്ചപ്പോൾ ശിവശങ്കർ ഇടപെട്ടെന്നാണ് ഇഡി പറയുന്നത്. എങ്കിൽ അതും സ്വർണക്കടത്തു കേസിൽ നേരിട്ടുള്ള ഇടപെടലാകും.

ഡോളർ  കടത്തലിലും സംശയം

ശിവശങ്കറിനെ കസ്റ്റംസ് നോട്ടമിടുന്നതു ഡോളർ കടത്ത് കേസിൽ. യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റ് 7ന് 1.90 ലക്ഷം ഡോളർ (1.34 കോടി രൂപ) മസ്കത്ത് വഴി കയ്റോയിലേക്കു കടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന മറികടക്കാൻ ഖാലിദിനു സഹായം നൽകിയതു പി.എസ്. സരിത്ത് ആണെന്നും സരിത്തും സ്വപ്നയും മസ്കത്ത് വരെ അനുഗമിച്ചതായും കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്. കേസിൽ എം. ശിവശങ്കറിന്റെ പങ്ക് അന്വേഷിക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡോളർ നൽകിയത്  ശിവശങ്കർ പറഞ്ഞിട്ട്

എം. ശിവശങ്കർ നിർദേശിച്ച പ്രകാരം സ്വപ്നയ്ക്ക് ഇന്ത്യൻ രൂപ ഡോളറിലേക്കു മാറ്റി നൽകിയതായി തിരുവനന്തപുരത്തെ ബാങ്ക് മാനേജർ മൊഴി നൽകി. ഖാലിദ് മസ്കത്തിലേക്കു കടത്തിക്കൊണ്ടു പോയ ഡോളർ ആണോ ഇതെന്നാണു കസ്റ്റംസ് പരിശോധിക്കുന്നത്.

ഡോളർ കടത്ത് കേസിൽ കസ്റ്റംസ് എം. ശിവശങ്കറിനെ പ്രതി ആക്കിയിട്ടില്ല. 

അറസ്റ്റ്: സുപ്രീം കോടതിവിധി ചൂണ്ടിക്കാട്ടി ഹൈക്കോടതി

കസ്റ്റംസ് അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന ശിവശങ്കറിന്റെ വാദം പദം നരെയ്ൻ അഗർവാൾ കേസിലെ സുപ്രീം കോടതി വിധി ആധാരമാക്കിയാണു ഹൈക്കോടതി തള്ളിയത്. കസ്റ്റംസ് നിയമപ്രകാരം കുറ്റത്തിനു വ്യക്തമായി തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർക്കു നിയമത്തിന്റെ പിൻബലമുണ്ടെന്നും കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നുമാണു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com