ADVERTISEMENT

തിരുവനന്തപുരം ∙ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ 26 മണിക്കൂറിലേറെ നീണ്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയിൽ നാടകീയ രംഗങ്ങൾ. ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്റെ മുറിയിലെ മേശയിൽനിന്നു കണ്ടെടുത്തതായി ഇഡിയും അതു പരിശോധനാസംഘം കൊണ്ടുവച്ചതാണെന്നു ബിനീഷിന്റെ ഭാര്യ റെനീറ്റയും നിലപാടെടുത്തതോടെ ബുധനാഴ്ച വൈകിട്ടു തുടങ്ങിയ തർക്കം ഇന്നലെ രാവിലെ വരെ നീണ്ടു.

കാർഡ് കണ്ടെടുത്തതു സംബന്ധിച്ച മഹസറിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തിയെന്നും ജയിലിൽ പോകേണ്ടി വന്നാലും ഒപ്പിടില്ലെന്നു പറഞ്ഞുവെന്നും മാധ്യമങ്ങളോടു റെനീറ്റ വിശദീകരിച്ചു. ഇതിനിടെ, റെനീറ്റയുടെ അമ്മ മിനിയുടെ ഐഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി ഇഡി കസ്റ്റഡിയിലെടുത്തു. ബിനീഷിന്റെ കുടുംബം അന്വേഷണത്തോടു സഹകരിച്ചില്ലെന്നും അക്കാര്യം കോടതിയെ അറിയിക്കുമെന്നുമായിരുന്നു ഇഡി ഉദ്യോഗസ്ഥരുടെ പ്രതികരണം. ബുധനാഴ്ച രാവിലെ 9നു തുടങ്ങിയ പരിശോധന ഇന്നലെ പകൽ 11.30 നാണ് അവസാനിപ്പിച്ചത്.

റെനീറ്റയെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും മിനിയെയും നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് റെനീറ്റയുടെ പിതാവ് എസ്.ആർ. പ്രദീപ് ആദ്യം പൊലീസിലും പിന്നീട് മജിസ്ട്രേട്ട് കോടതിയിലും ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിരുന്നു. ഇഡി ഡയറക്ടർക്കും ഇ മെയിലിൽ പരാതി നൽകി.

രാവിലെ 8.45നു ബിനീഷിന്റെ മാതൃസഹോദരി ലില്ലിയും മറ്റു ബന്ധുക്കളും ഭക്ഷണവുമായെത്തിയെങ്കിലും വീട്ടിലേക്കു കടത്തിവിട്ടില്ല. ഭക്ഷണം സുരക്ഷാ ഉദ്യോഗസ്ഥർ വാങ്ങി അകത്തെത്തിച്ചു. ബന്ധുക്കൾ ഗേറ്റിനു മുന്നിൽ കുത്തിയിരുന്നതോടെ മാധ്യമങ്ങളെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ കന്റോൺമെന്റ് അസി.കമ്മിഷണർ ബി.എസ്.സുനീഷ് ബാബു ഇഡി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ബിനീഷിന്റെ ബന്ധുക്കൾ നിയമവിരുദ്ധ തടങ്കലിലാണെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചപ്പോൾ, റെയ്ഡ് ഉടൻ തീരുമെന്ന് ഇഡി ഉദ്യോഗസ്ഥർ മറുപടി നൽകി.

ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ 2 അംഗങ്ങളുമായെത്തി കുഞ്ഞിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സിആർപിഎഫ് ഇവരെ അകത്തേക്കു കടത്തിവിടാതിരുന്നതോടെ വാക്കുതർക്കമായി. കുഞ്ഞിനെ കാണാൻ അധികാരമുണ്ടെന്നു വാദിച്ച് കമ്മിഷൻ അംഗങ്ങൾ നോട്ടിസ് കാണിച്ചു. തുടർന്ന് 11.15നു റെനീറ്റയും മിനിയും കുഞ്ഞുമായി ഗേറ്റിനരികിലേക്കു വന്നു. അപ്പുറത്തു നിന്നു കമ്മിഷൻ ഇവരോടു സംസാരിച്ചു. കു‍ഞ്ഞിനു രാത്രി ഉറങ്ങാനായില്ലെന്നും മാനസിക സംഘർഷം നേരിട്ടെന്നും റെനീറ്റ അറിയിച്ചു. ഇതോടെ കമ്മിഷൻ ഇഡിക്കെതിരെ കേസെടുത്തു. പരാതി അന്വേഷിക്കാൻ പൊലീസിനു നിർദേശം നൽകി.

എല്ലാവരുംകൂടി കുടുംബം തകർക്കാൻ നോക്കുന്നു: ‌വിനോദിനി ബാലകൃഷ്ണൻ

തിരുവനന്തപുരം ∙ കുടുംബം തകർക്കാനാണ് എല്ലാവരുംകൂടി ശ്രമിക്കുന്നതെന്ന് ബിനീഷിന്റെ അമ്മ വിനോദിനി ബാലകൃഷ്ണൻ. മരിച്ചുകിട്ടിയാൽ മതിയെന്ന അവസ്ഥയിലായി. എല്ലാവരും കൂടി ഒരു മനുഷ്യനെയിട്ടു കൊല്ലുകയാണ്. എന്താണ് അയാൾ ചെയ്ത തെറ്റ് ? ഞാനായതുകൊണ്ടാണു പിടിച്ചു നിൽക്കുന്നത്. മരുമകൾ 24 മണിക്കൂർ അനുഭവിച്ച യാതന വിവരിക്കാനാകില്ല. ഭർത്താവിന്റെ അസുഖം മാറി വന്നപ്പോഴാണ് ഈ പ്രശ്നങ്ങളെന്നും വിനോദിനി പറഞ്ഞു.

ഇഡിയുടെ കയ്യിൽ എന്തെന്നറിയാതെ ഒന്നും പറയാനില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ ഇഡി പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുപിടിച്ചില്ല. അവരുടെ കയ്യിൽ എന്തുണ്ടെന്ന് അറിയാതെ അഭിപ്രായം പറയാനും പ്രവചിക്കാനുമാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഇടപെടൽ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ്. കുടുംബത്തിനു യോജിക്കാത്ത ചില കാര്യങ്ങളുണ്ടായിട്ടുണ്ട്. നിയമവിരുദ്ധമായതു നടന്നെങ്കിൽ നിയമപരമായി നേരിടാനുള്ള സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.‌

ബന്ധുക്കൾ ഒപ്പിട്ടില്ലെങ്കിലും പ്രശ്നമില്ലെന്ന് ഇഡി

തിരുവനന്തപുരം ∙ മഹസറിൽ ബന്ധുക്കൾ ഒപ്പിട്ടില്ലെങ്കിലും കേസിനെ ബാധിക്കില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ. ഏതെങ്കിലും 2 സാക്ഷികൾ ഒപ്പിട്ടാൽ മതി. സ്ഥലത്തെ പൊലീസിനെയോ മറ്റ് അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെയോ കൂടെ കൂട്ടുകയാണു പതിവ്. ബിനീഷിന്റെ കേസിൽ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ ഒപ്പു വാങ്ങും. ബന്ധുക്കൾ ഒപ്പിടാൻ വിസമ്മതിച്ച കാര്യം സത്യവാങ്മൂലമായി നൽകും. എത്രസമയം പരിശോധിക്കണമെന്നതൊക്കെ സംഘത്തിനു തീരുമാനിക്കാമെന്നും പറഞ്ഞു.

ഇന്നു ചോദ്യം ചെയ്യാനിരിക്കെ സി.എം. രവീന്ദ്രന് കോവിഡ്

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിന് ഇന്നു ഹാജരാകാനിരിക്കെ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനു കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച പരിശോധന നടത്തിയെന്നും ഇന്നലെ ഫലം വന്നുവെന്നുമാണ് അറിയിച്ചത്. 10 ദിവസം കഴിഞ്ഞുള്ള പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ 7 ദിവസം കൂടി കഴിഞ്ഞു പുറത്തിറങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com