ADVERTISEMENT

കൊച്ചി ∙ കള്ളക്കടത്തിന് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സഹായം കിട്ടുമോയെന്നു കെ.ടി. റമീസ് തിരക്കിയതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ മൊഴി. കസ്റ്റംസിനു നൽകിയ മൊഴി ഇങ്ങനെ: ‘സ്വർണം കടത്താൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ഉപയോഗിക്കാൻ കഴിയുമോയെന്നാണു സന്ദീപിനോടു റമീസ് ചോദിച്ചത്. ഇക്കാര്യം സന്ദീപ് എന്നോടും സരിത്തിനോടും ചർച്ച ചെയ്തു. പറ്റില്ലെന്നു ഞങ്ങൾ മറുപടി നൽകി. എന്നാൽ, നയതന്ത്ര പരിരക്ഷയുള്ളതിനാൽ കോൺസുലേറ്റിലേക്കുള്ള ബാഗേജുകൾ കസ്റ്റംസ് പരിശോധിക്കില്ലെന്നു പറഞ്ഞു. ഇക്കാര്യം സന്ദീപ്, റമീസിനെ അറിയിച്ചു. തുടർന്ന്, തിരുവനന്തപുരത്തെ ഹോട്ടലിൽ റമീസും സന്ദീപും നേരിട്ടു ചർച്ച നടത്തി. 2019 ജൂണിലെ ഒരു ദിവസമാണിത്. പിറ്റേന്ന്, ഒരു ജിംനേഷ്യത്തിന്റെ പാർക്കിങ് ഏരിയയിൽ വച്ച് ഞാനും സരിത്തും സന്ദീപും റമീസും കള്ളക്കടത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തു.

കോൺസൽ ജനറലിനെ അറിയിക്കാതെ, നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ കഴിയില്ലെന്നു ഞാനും സരിത്തും തീർത്തു പറഞ്ഞു. കിലോഗ്രാമിന് 1000 ഡോളർ കോൺസൽ ജനറലിനു നൽകേണ്ടി വരുമെന്നും ഞാൻ പറ‍ഞ്ഞു. ഇതു കൂടിപ്പോയെന്നു പറഞ്ഞ റമീസ്, കോൺസൽ ജനറലിനും സരിത്തിനും എനിക്കും ചേർത്ത് 1000 ഡോളർ വീതം നൽകാമെന്നു സമ്മതിച്ചു. 

2 കിലോഗ്രാം സ്വർണമാണ് ഓരോ തവണയും കടത്തുകയെന്നാണു റമീസ് പറഞ്ഞത്. ഓരോ കടത്തിനും 50,000 രൂപ വച്ച് സന്ദീപിനു നൽകാമെന്നും റമീസ് ഏറ്റു. റമീസിന്റെ ആവശ്യപ്രകാരം കോൺസൽ ജനറലിനെ സന്ദർശിക്കാൻ അവസരമൊരുക്കിയെങ്കിലും നടന്നില്ല.

സ്വർണക്കടത്തിൽ മുതൽമുടക്കുന്നവരുടെ നിർബന്ധപ്രകാരമാണു സ്വർണമില്ലാത്ത ഡമ്മി പരീക്ഷണം നടത്തിയത്. ഡമ്മി ബാഗേജുകൾക്ക് ആവശ്യമായ കോൺസുലേറ്റ് രേഖകൾ റമീസിനു നൽകി. കോൺസൽ ജനറലിന്റെ അനുമതി ലഭിച്ചുവെന്ന് ഞാനാണു സന്ദീപിനെ അറിയിച്ചത്.

ഭക്ഷ്യവസ്തുക്കളടങ്ങളിയ 2 ഡമ്മി ബാഗേജുകൾ ഒരേ ദിവസമാണു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ എത്തിയത്. സരിത്താണ് ബാഗേജുകൾ ഏറ്റുവാങ്ങി സന്ദീപിനെ എൽപിച്ചത്. കോൺസുലേറ്റിന്റെ വാഹനമാണുപയോഗിച്ചത്’.

English Summary: Customs interrogate Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com