ADVERTISEMENT

തിരുവനന്തപുരം ∙ ‘ബിനീഷ് ഡോണുമല്ല, ബോസുമല്ല. സാധാരണ മനുഷ്യനാണ്. എന്റെ മക്കളുടെ അച്ഛനാണ്. കുറെ കൂട്ടുകാർ ഉണ്ടെന്നു മാത്രം. കൂട്ടുകാർ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം എന്റെ ഭർത്താവ് ഏറ്റെടുക്കണമെന്നു പറഞ്ഞാൽ അംഗീകരിക്കില്ല’ – വീട്ടിൽ 26 മണിക്കൂർ ഇഡി റെയ്ഡിനു പിന്നാലെ ബിനീഷിന്റെ ഭാര്യ റെനീറ്റ മാധ്യമങ്ങൾക്കു മുൻപിൽ വിങ്ങിപ്പൊട്ടി.

‘എന്റെ ഭർത്താവിനെ മനഃപൂർവം കുടുക്കാൻ ശ്രമിക്കുകയാണ്. അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ഇവിടെ വീട്ടിൽനിന്നു കണ്ടെടുത്തെന്നു പറയുന്നതു കളവാണ്. ഒരു സിൽവർ കാർഡ് കാണിച്ചു. അവർ കൊണ്ടുവന്നിട്ടതാണ്. അതു കണ്ടെടുത്തു എന്നു ഞാൻ ഒപ്പിട്ടു നൽകണമെന്നു പറഞ്ഞു മാനസികമായി പീഡിപ്പിച്ചു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് കുരുങ്ങുമെന്നു പറഞ്ഞു. ജയിലിൽ പോയാലും തല പോയാലും ഒപ്പിടില്ലെന്നു ഞാൻ അറിയിച്ചു. ഒപ്പിടാതെ പോകില്ലെന്ന് അവരും. നിങ്ങൾ പോകേണ്ട, പക്ഷേ ഒപ്പിടില്ലെന്നു ഞങ്ങൾ പറഞ്ഞു. നിങ്ങൾ കൊണ്ടുവന്നു വച്ചതാണെന്ന് എഴുതി ഒപ്പിട്ടു തരാമെന്നും പറഞ്ഞു’.

‘വീണ്ടും ഒരു ഓഫിസർ വന്ന് ഒറ്റയ്ക്കു സംസാരിച്ചു. ഒപ്പിട്ടാൽ ബിനീഷ് തിരിച്ചുവരും, ഇല്ലെങ്കിൽ വീണ്ടും കുരുങ്ങുമെന്നു പറഞ്ഞു. ബിനീഷ് വിളിച്ചു പറഞ്ഞാൽ ഒപ്പിടുമോയെന്നും ചോദിച്ചു. ആരു വിളിച്ചാലും ഒപ്പിടില്ലെന്നു മറുപടി പറഞ്ഞു. ബിനീഷ് ശനിയാഴ്ച തിരികെ വരണമെങ്കിൽ ഒപ്പിടണമെന്നു പറഞ്ഞു. വന്നില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ ഒപ്പിടില്ല എന്നു മറുപടി നൽകി. ഇഡി പരിശോധനയ്ക്കു വരുന്നതായി കഴിഞ്ഞ ദിവസം മുതൽ മാധ്യമങ്ങളിൽ കേൾക്കുകയാണ്. ഒളിക്കാൻ എന്തെങ്കിലുമുണ്ടെങ്കിൽ നേരത്തേ മാറ്റാമായിരുന്നില്ലേ’– റെനീറ്റ ചോദിച്ചു.

ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ ഇഡി ഉദ്യോഗസ്ഥർ ആദ്യം പോയതു ബിനീഷിന്റെ മുറിയിലേക്കാണെന്നു റെനീറ്റ പറഞ്ഞു. ‘അവിടെ കുറച്ചു നേരം പരിശോധിച്ച ശേഷം എല്ലാ മുറിയിലും വാരിവലിച്ചിട്ടു പരിശോധിച്ചു. വൈകിട്ട് ആറിനു മൊഴി രേഖപ്പെടുത്തി. അമ്മയുടെ ഐഫോൺ ഫൊറൻസിക് പരിശോധനയ്ക്കു കൊണ്ടുപോകുകയാണെന്നു പറഞ്ഞു. അത് ഒപ്പിട്ടു നൽകി. പിന്നീടു മറ്റൊരു രേഖയിൽ ഒപ്പിടാൻ പറഞ്ഞു. അതു വായിച്ചു നോക്കിയപ്പോഴാണ് അനൂപ് മുഹമ്മദിന്റെ കാർഡ് കണ്ടെടുത്തുവെന്ന് എഴുതിയിരിക്കുന്നതു കണ്ടത്.

ഞാൻ എതിർത്തപ്പോൾ അവരുടെ ഭാഗത്തുനിന്ന് സാക്ഷിയായി ഒരു ഓഫിസർ ഒപ്പിട്ടു. സാക്ഷിയായി അമ്മയോട് ഒപ്പിടാൻ പറഞ്ഞു. തല പോയാലും ഒപ്പിടില്ലെന്ന് അമ്മയും ഉറച്ചുനിന്നു. മൂത്ത മകൾ എന്റെ വീട്ടിൽ ഒറ്റയ്ക്കാണെന്നും പോകണമെന്നും രാത്രിയായപ്പോൾ ഉദ്യോഗസ്ഥരെ അറിയിച്ചു. ഒരാൾക്കു പോകാൻ അനുമതി നൽകി. അങ്ങനെയാണ് അച്ഛൻ പോയത്. അതിനു ശേഷം ഞങ്ങളോടു മുറിയിൽ പോയി വിശ്രമിക്കാൻ പറഞ്ഞു. നിറയെ ഉദ്യോഗസ്ഥരുള്ളപ്പോൾ ഞാനും കുഞ്ഞും എങ്ങനെ വിശ്രമിക്കും. അഭിഭാഷകനെ വിളിക്കാനും സമ്മതിച്ചില്ല. അവർ ആവശ്യപ്പെട്ടതെല്ലാം ഇഡിയുടെ കൊച്ചി, ബെംഗളൂരു ഓഫിസുകളിലേക്കു നേരത്തേ അയച്ചു കൊടുത്തിട്ടുണ്ട്. അതിന്റെയെല്ലാം പകർപ്പ് ബിനീഷ് കൊണ്ടുപോയിട്ടുണ്ട്’ – റെനീറ്റ പറഞ്ഞു.

ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന ഒരു മണിക്കൂർകൊണ്ടു കഴിഞ്ഞതാണെന്നു റെനീറ്റയുടെ അമ്മ മിനി പറഞ്ഞു. ‘രാവിലെ 11.30നു തന്നെ എല്ലാം കഴിഞ്ഞു. പിന്നീട് അവർ കൃത്യസമയങ്ങളിൽ ഭക്ഷണം കഴിച്ച് വീട്ടിനുള്ളിൽ വെറുതേ ഇരിക്കുകയായിരുന്നു. ഇത്രയും സമയമാകുമ്പോൾ ഇവിടെ എന്തോ കണ്ടുപിടിക്കാൻ റെയ്ഡ് നടക്കുകയാണെന്നു പുറത്തു മാധ്യമങ്ങൾ തെറ്റിദ്ധരിക്കുമെന്നും അവരോടു കാര്യം വിശദീകരിക്കണമെന്നും പറഞ്ഞിട്ടും ഇഡി ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. എന്റെ പേരിലുള്ള വസ്തു വച്ചു ബിനീഷ് വായ്പയെടുത്തിട്ടുണ്ട്. ഏതെങ്കിലും അമ്മായിയമ്മ മരുമകന് കഞ്ചാവ് ബിസിനസിനു പണം കൊടുക്കുമോ. കേസിൽ കുരുക്കാനാണു ശ്രമിക്കുന്നത്’ – മിനി ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com