ADVERTISEMENT

കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിലേക്കു നിക്ഷേപകരെ ആകർഷിക്കാൻ മുഖ്യപ്രതി കെ.ടി.റമീസ് വാഗ്ദാനം ചെയ്തത് സ്കൂൾ ഐടി പദ്ധതിയിൽ കോടികളുടെ കരാർ. സ്വർണക്കടത്തു കേസിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത വരിക്കോടൻ അബ്ദുൽ ഹമീദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള കരാർ ഉറപ്പിക്കാൻ തിരുവനന്തപുരത്തെത്തിയ ഹമീദിനെ കൂട്ടിക്കൊണ്ടുപോയതു സന്ദീപ് നായരുടെ അടുത്തേക്കാണ്. ഐടി വകുപ്പിൽ ഉന്നത സ്വാധീനമുള്ള വ്യക്തിയെന്ന നിലയ്ക്കാണു സന്ദീപ് നായരെ അവതരിപ്പിച്ചത്. റമീസും സന്ദീപും നടത്തിയ ഈ നീക്കത്തിൽ ഐടി വകുപ്പു സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു പങ്കാളിത്തമുണ്ടോയെന്ന് ഏജൻസികൾ അന്വേഷണം തുടങ്ങി.

2019 നവംബറിൽ തന്നെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി, സ്വർണക്കടത്തിൽ നിക്ഷേപിക്കാൻ സന്ദീപ് ക്ഷണിച്ചെങ്കിലും വിസമ്മതിച്ചതായാണു ഹമീദിന്റെ മൊഴി. അതേസമയം, സ്വർണം ഒളിപ്പിച്ച നയതന്ത്ര പാഴ്സൽ ദുബായ് വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ എത്തിക്കാൻ സഹായിച്ചാൽ ഒരു കിലോഗ്രാം സ്വർണത്തിനു 10,000 രൂപ വീതം നൽകാമെന്ന റമീസിന്റെ വാഗ്ദാനം സ്വീകരിച്ചതായും ഹമീദ് മൊഴി നൽകി. എന്നാൽ, കടത്തിയ സ്വർണത്തിൽ 9 കിലോഗ്രാം ഹമീദ് വാങ്ങിയെന്നാണു കസ്റ്റംസും ദേശീയ അന്വേഷണ ഏജൻസിയും നടത്തിയ അന്വേഷണത്തിലെ നിഗമനം.

സ്വർണക്കടത്തിനു പിന്നിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹമീദിന്റെ മൊഴികൾ പരിശോധിക്കുന്നുണ്ട്. സർക്കാരിന്റെ വികസനപദ്ധതികളുടെ ഫയലുകൾ ശിവശങ്കർ സ്വർണക്കടത്തു കേസിലെ പ്രതികൾക്കു മുൻകൂട്ടി ചോർത്തിനൽകിയെന്ന ഇഡിയുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ ഹമീദിനെ വീണ്ടും ചോദ്യം ചെയ്തേക്കും.

English Summary: Gold smuggling case, Abdul Hameed interrogation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com