ADVERTISEMENT

തിരുവനന്തപുരം ∙ രാഷ്ട്രീയ എതിരാളികൾക്കൊപ്പം കോവിഡിനോടും പൊരുതേണ്ട അസാധാരണ ബലപരീക്ഷണത്തിനു മുന്നണികൾ കച്ച മുറുക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്ത് വ്യക്തമാക്കുന്ന തദ്ദേശ പടക്കളം ഉണർന്നുകഴിഞ്ഞു. കോവിഡിനിടെ വോട്ടർമാരെ പരമാവധി ബൂത്തിലെത്തിക്കുകയാണ് മുന്നണികൾക്കുള്ള വൻ വെല്ലുവിളി. പതിവു വിട്ടുള്ള ഡിജിറ്റൽ പ്രചാരണ രീതികളിൽ മുന്നിലെത്തേണ്ടതും അനിവാര്യം,

വ്യത്യസ്ത ‘പാറ്റേൺ’ ഉണ്ടായിട്ടുണ്ടെങ്കിലും തദ്ദേശ പോരാട്ടം, തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതാണ് ഏറെയും കണ്ടിട്ടുള്ളത്. ഡിസംബർ 16നു ഫലം വന്നാൽ പിന്നെ നിയമസഭാ അങ്കത്തട്ടിലേക്ക് ഏറിയാൽ 3 മാസം മാത്രം.

എൽഡിഎഫ്: ജില്ലകളിൽ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും ഏറെക്കുറെ പൂർത്തിയായി. ബാക്കി കാര്യങ്ങൾ വിലയിരുത്താൻ എൽഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച. കഴിഞ്ഞ തവണ 6 ഘടക കക്ഷികളുണ്ടായിരുന്ന മുന്നണി 11 പാർട്ടികളുടേതായതോടെ ചിലയിടത്തു സീറ്റ് വിഭജനം കീറാമുട്ടിയായി. സിപിഎം– കേരള കോൺഗ്രസ് (എം) രാഷ്ട്രീയ പരീക്ഷണത്തിന്റെ ഉരകല്ലായിരിക്കും ഈ തിരഞ്ഞെടുപ്പ്. സിപിഎമ്മും എൽഡിഎഫും വൻ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും പാർട്ടിക്കകത്തും മുന്നണിയിലും അപശബ്ദങ്ങളില്ല. എങ്കിലും 2015 ലെ മുന്നേറ്റം നിലനിർത്തുക വലിയ വെല്ലുവിളിയാണ്.

യുഡിഎഫ്: 11നു തീർക്കാനിരുന്ന ജില്ലാ നേതൃയോഗങ്ങൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ 9 നു തിരക്കിട്ടു തീർക്കാൻ തീരുമാനം. 12 നുശേഷം യുഡിഎഫ് നേതൃയോഗം. ഇന്നു ചേരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ ‍അജൻഡയും തിരഞ്ഞെടുപ്പു തന്നെ. 2 ദിവസത്തിനുളളിൽ സീറ്റ് വിഭജനം പൂ‍ർത്തിയാക്കാൻ യുഡിഎഫ് ജില്ലാ ഘടകങ്ങൾക്ക് അടിയന്തര നിർദേശം നൽകി. അനുകൂല രാഷ്ട്രീയ സാഹചര്യം മുതലാക്കി ജില്ലാ പഞ്ചായത്തുകളും കോർപറേഷനുകളും കൂട്ടത്തോടെ പിടിച്ച് 2010 ലെ മികച്ച പ്രകടനം ആവർത്തിക്കുകയാണു ലക്ഷ്യം. അതേസമയം, മുന്നണി ബാഹ്യ ബന്ധങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾ പിന്തുടരുന്നു.

എൻഡിഎ: ഏറിയ സീറ്റുകളും ബിജെപിയും പ്രധാന സഖ്യകക്ഷി ബിഡിജെഎസും പങ്കിടുന്നു. 6000 വാർഡുകൾ പ്രത്യേകമായി തിരഞ്ഞെടുത്തു ശ്രദ്ധ കേന്ദ്രീകരിക്കാനാണു ബിജെപി തീരുമാനം. മുഴുവൻ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തും. 2015 ൽ 1300 വാർഡുകളിൽ ജയിച്ച പാർട്ടി ഇക്കുറി വിജയം ഇരട്ടിയാക്കാമെന്നു പ്രതീക്ഷിക്കുന്നു. തദ്ദേശ മുന്നേറ്റത്തിലൂടെ നിയമസഭാ പോരാട്ടത്തിൽ മുന്നണികൾക്കു വെല്ലുവിളി ഉയർത്താമെന്നും കണക്കുകൂട്ടുന്നു. ബിജെപിയിലെ വിമത നീക്കങ്ങൾ ‘ശോഭ’ കെടുത്തുമോയെന്ന ആശങ്ക ശക്തം.

2015 ലെ ഫലം

ജില്ലാ പഞ്ചായത്ത് (14): 

യുഡിഎഫ് 7, എൽഡിഎഫ് 7

ബ്ലോക്ക് പഞ്ചായത്ത് (152): 

എൽഡിഎഫ് – 92, യുഡിഎഫ്– 60

ഗ്രാമ പഞ്ചായത്ത് (941): 

എൽഡിഎഫ് 577, യുഡിഎഫ് 347, 

ബിജെപി 12, മറ്റുള്ളവർ 5

മുനിസിപ്പാലിറ്റി (86): എൽഡിഎഫ് 45, യുഡിഎഫ് 40,   ബിജെപി 1

 കോർപറേഷൻ (6): 

എൽഡിഎഫ് 5, യുഡിഎഫ് 1

യുഡിഎഫ് തൂത്തുവാരും. കേരളം അഴിമതി സർക്കാരിനെതിരെ വിധിയെഴുതും. രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)

വിവാദങ്ങൾ ഏശില്ല; വികസനമാകും ജനം ചർച്ച ചെയ്യുക. എ‍ൽഡിഎഫിന്റെ വൻ മുന്നേറ്റം ഉണ്ടാകും. എ. വിജയരാഘവൻ (എൽഡിഎഫ് കൺവീനർ)

ഏറ്റവും കൂടുതൽ തദ്ദേശ സീറ്റുകൾ നേടുക എൻഡിഎ ആയിരിക്കും. ഇടതു–വലതു മുന്നണികൾ ജനങ്ങളിൽ നിന്നു പൂർണമായി ഒറ്റപ്പെട്ടു. കെ. സുരേന്ദ്രൻ (ബിജെപി സംസ്ഥാന പ്രസിഡന്റ്)

English Summary: Kerala local body election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com