ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര പാഴ്സൽ പരിശോധന ഒഴിവാക്കി ദുബായിലേക്കു തിരികെയയപ്പിച്ചു സ്വർണം തട്ടിയെടുക്കാൻ, യുഎഇ കോൺസുലേറ്റിലെ ധനകാര്യവിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രി പദ്ധതിയിട്ടതായി സ്വപ്ന സുരേഷ് അന്വേഷണ സംഘത്തോടു പറഞ്ഞു. തിരികെക്കയറ്റിവിടുന്ന പാഴ്സൽ ദുബായിലെ കാർഗോ കോംപ്ലക്സിൽനിന്നു ഫൈസൽ ഫരീദിനു നൽകാതിരിക്കാൻ ഖാലിദ് ഏർപ്പാടാക്കിയിരുന്നു. പാഴ്സലിൽ കൂടുതൽ സ്വർണമുണ്ടെന്നു മനസ്സിലാക്കിയായിരുന്നു ഖാലിദിന്റെ നീക്കമെന്നും സ്വപ്ന സൂചിപ്പിച്ചു.

ജൂൺ 30നു കസ്റ്റംസ് തടഞ്ഞുവച്ചപ്പോഴാണു നയതന്ത്ര പാഴ്സലിൽ സ്ഥിരമായി കടത്തിക്കൊണ്ടു വരുന്നതു സ്വർണമാണെന്നു ഖാലിദ് മനസ്സിലാക്കിയതെന്നാണു സ്വപ്നയുടെ മൊഴി. യുഎഇ അംബാസഡറുടെ സ്വാധീനം ഉപയോഗപ്പെടുത്തി തിരുവനന്തപുരത്തെ പരിശോധന ഒഴിവാക്കി പാഴ്സൽ തിരികെയയപ്പിക്കാൻ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. അതിലുള്ള സ്വർണം കെ.ടി. റമീസിനും കൂട്ടാളികൾക്കും തിരികെ നൽകേണ്ടതില്ലെന്നും അതു വീതിച്ചെടുക്കാമെന്നും ജൂലൈ 4നു ഖാലിദ് തന്നോടു നേരിട്ടു പറഞ്ഞതായി സ്വപ്ന അറിയിച്ചു.

14 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണം തട്ടിയെടുക്കാനുള്ള ഖാലിദിന്റെ പദ്ധതി മറ്റാരോടും വെളിപ്പെടുത്തിയില്ലെന്നു വ്യക്തമാക്കിയ സ്വപ്ന പക്ഷേ, ഇക്കാര്യം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനോടു പറഞ്ഞോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി പറഞ്ഞില്ല.

പാഴ്സലിൽ കൂടുതൽ സ്വർണമുണ്ടെന്നു മനസ്സിലാക്കിയ സ്വപ്ന ഈ ഇടപാടിൽ റമീസും സന്ദീപ് നായരും അറിയാതെ ഖാലിദിനോടു സഹകരിക്കാൻ തീരുമാനിച്ചു. സ്വർണം തിരികെ അയപ്പിക്കുന്നതാണു ലാഭമെന്നു മനസ്സിലാക്കിയതോടെയാണു ശിവശങ്കറിനെ നേരിട്ടുകണ്ടു സ്വാധീനിക്കാൻ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ സ്വപ്ന ഭർത്താവിനൊപ്പം എത്തിയത്. സ്വർണം തട്ടിയെടുക്കാനുള്ള പദ്ധതിക്കു കോൺസൽ ജനറലിന്റെയും അംബാസഡറുടെയും അനുവാദം വാങ്ങിയെന്നാണു ഖാലിദ് പറഞ്ഞതെന്നു സ്വപ്ന മൊഴി നൽകി.

English Summary:  Diplomatic Baggage Gold Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com