വള്ളത്തോൾ കുടുംബങ്ങൾ ചെറുതുരുത്തി വിടുന്നു

house
SHARE

ചെറുതുരുത്തി ∙  മഹാകവി വള്ളത്തോൾ നാരായണ മേനോൻ സ്ഥാപിച്ച  കലാമണ്ഡലത്തിന്റെ നവതി വർഷത്തിൽ അദ്ദേഹത്തിന്റെ കുടുംബം സ്ഥാപനം സ്ഥിതിചെയ്യുന്ന ചെറുതുരുത്തി വിടുന്നു.  പഴയ കലാമണ്ഡലത്തോടു ചേർന്നു വള്ളത്തോൾ കുടുംബം നിർമിച്ചിരുന്ന 2 വീടുകളും വിൽക്കുകയാണ്. 

നിളയോടു ചേർന്നുള്ള വള്ളത്തോൾ മ്യൂസിയത്തിന്  ഇടതും വലതുമായി രണ്ടു വീടുകളാണു  കുടംബത്തിനുണ്ടായിരുന്നത്. 90 വർഷം മുൻപാണ് വള്ളത്തോൾ കുടംബം ഇവിടെ എത്തിയത്.   കവിയുടെ പുത്രിമാരിൽ ഒരാളായ പരേതയായ മല്ലികയുടെ സ്ഥലവും വീടും കഴിഞ്ഞ ദിവസം വിറ്റു. ഇതു മ്യൂസിയത്തിനു വലതു വശത്തായാണ്. ഇവിടെ താമസിച്ചിരുന്നവർ ഈ മാസം തന്നെ ചെറുതുരുത്തി വിടും.

വള്ളത്തോളിന്റെ ഇളയ മകളും പരേതയുമായ വാസന്തി മേനോന്റെ   ഭൂമിയും വീടുമാണ് മ്യൂസിയത്തിന് ഇടതു വശത്തുള്ളത്. ഇത് ഫെബ്രുവരിയിൽ വിൽക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

മഹാകവിയുടെ എട്ടു മക്കളിൽ ആറു പേർ വർഷങ്ങൾക്കു മുൻപേ ചെറുതുരുത്തിയിലെ ഭൂമി വിറ്റിരുന്നു.   പേരക്കുട്ടികൾ എല്ലാവരും പല ഭാഗങ്ങളിലായി താമസിക്കുന്നതിനാലാണ് ചെറുതുരുത്തിയിലെ വീടുകൾ വിറ്റു തൃശൂരിലേക്കു താമസം മാറുന്നതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. കലാമണ്ഡലം സ്ഥാപിച്ചപ്പോഴാണു വള്ളത്തോളും  കുടുംബവും ഇവിടേക്കു താമസം മാറ്റിയത്. കലാമണ്ഡലം കുന്നംകുളത്തു തുടങ്ങിയ കാലത്തു കവി അവിടെ തുടർന്നിരുന്നു. 

സ്ഥാപനം അമ്പലപുരത്തേക്കു മാറ്റിയപ്പോൾ അവിടെയും താമസിച്ചിരുന്നു.  അദ്ദേഹം തന്നെയാണു കലാമണ്ഡലത്തിലെ എല്ലാ കാര്യവും നേരിട്ടു നോക്കി നടത്തിയിരുന്നത്.

കലാമണ്ഡലം നവതി ആഘോഷത്തിന് തുടക്കം 

ചെറുതുരുത്തി ∙ കേരള കലാമണ്ഡലത്തിന്റെ  നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികൾക്ക് തിരി തെളിഞ്ഞു. രാവിലെ വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തി.  കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി  നിലവിളക്ക് തെളിച്ചു. അദ്ദേഹം രചിച്ച കാവ്യഹൃദയം എന്ന കവിത കലാമണ്ഡലം വിനോദ് ആലപിച്ചു. ഇതിനുശേഷമുള്ള പരിപാടികൾ  ഓൺലൈനായാണ് നടത്തിയത്. 

ഡോ. എൻ.അജയകുമാർ വള്ളത്തോൾ ജയന്തി പ്രഭാഷണം നടത്തി. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു.അക്കാദമിക് കോ ഓർഡിനേറ്റർ കലാമണ്ഡലം വി. അച്യുതാനന്ദൻ, ഭരണസമിതി അംഗങ്ങളായ പെരുവനം കുട്ടൻ മാരാർ, ഡോ. എൻ.ആർ.ഗ്രാമപ്രകാശ്, ടി.കെ.വാസു,കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

നവതി ആഘോഷങ്ങളുടെ ഭാഗമായി പ്രതിഫലമില്ലാതെ കലാമണ്ഡലം അവതരണം നടത്തിക്കൊടുക്കുമെന്ന് കലാമണ്ഡലം ഗോപി. താമസം, ഭക്ഷണം, യാത്രാബത്ത എന്നിവ ഏർപ്പെടുത്തുന്ന കഥകളി ആസ്വാദക സംഘങ്ങൾക്കും സ്കൂൾ, കോളജുകൾക്കുമാണ് സോദാഹരണ പ്രഭാഷണങ്ങളും ഹ്രസ്വ കഥകളി അവതരണങ്ങളും പ്രതിഫലമില്ലാതെ നടത്തിക്കൊടുക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA