വോട്ട് ചെയ്തേ പറ്റൂ; 5 ദിനം കൊണ്ട് വോട്ടർ പട്ടികയിൽ പേര് ചേർത്തത് 7.34 ലക്ഷം പേർ

voters-skech
SHARE

തിരുവനന്തപുരം ∙ കോവിഡ് കാലമായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ 5 ദിവസം നൽകിയപ്പോൾ ഇടിച്ചുകയറിയത് 7.34 ലക്ഷം പേർ. മരിച്ചതും സ്ഥലംമാറിപ്പോയതുമായ 2.06 ലക്ഷം പേർ പട്ടികയിൽനിന്നു പുറത്തായി. ഇതോടെ, 11ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സപ്ലിമെന്ററി വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ ആകെ വർധന 5.27 ലക്ഷമാണ്. സംസ്ഥാനത്തെ വോട്ടർമാർ 2.76 കോടിയായി. പുരുഷ വോട്ടർമാരെക്കാൾ 13.11 ലക്ഷം അധികമാണു സ്ത്രീ വോട്ടർമാരുടെ എണ്ണം.

കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലാണ് – 33.54 ലക്ഷം. സ്ത്രീ, പുരുഷ, ട്രാൻസ്ജെൻഡർ വോട്ടർമാരുടെ എണ്ണത്തിലും മലപ്പുറം തന്നെയാണു മുന്നിൽ (17.25 ലക്ഷം സ്ത്രീകൾ, 16.29 ലക്ഷം പുരുഷന്മാർ, 49 ട്രാൻസ്ജെൻഡർമാർ). കുറവ് വോട്ടർമാർ വയനാട് ജില്ലയിലാണ് – 6.25 ലക്ഷം. ഇതിൽ 3.19 ലക്ഷം സ്ത്രീകളും 3.05 ലക്ഷം പുരുഷന്മാരും 6 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർമാരുടെ എണ്ണത്തിൽ ഇത്തവണ റെക്കോർഡ് വർധനയാണ്. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ 3 തവണയായി അവസരം നൽകിയപ്പോൾ 25 ലക്ഷം വോട്ടർമാരാണു വർധിച്ചത്. 

∙ 2015 തദ്ദേശ തിരഞ്ഞെടുപ്പ് പട്ടികയിലെ വോട്ടർമാർ 2,51,58,230.

∙ 2020 ജൂണിൽ പട്ടിക പുതുക്കിയപ്പോൾ വോട്ടർമാർ 2,62,24,501

∙ ഒക്ടോബറിൽ പുതുക്കിയപ്പോൾ 2,71,28,799

∙ നവംബറിൽ പുതുക്കിയപ്പോൾ 2,76,56,579

∙  സ്ത്രീകൾ: 1,44,83,668  ∙  പുരുഷന്മാർ: 1,31,72,629   ∙ ട്രാൻസ്ജെൻഡർ: 282

അതിഥിമന്ദിരം: മാർഗനിർദേശമായി

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പു മാതൃകാ പെരുമാറ്റച്ചട്ടം അടിസ്ഥാനമാക്കി സർക്കാർ അതിഥിമന്ദിരങ്ങളിൽ മുറി അനുവദിക്കുന്നതിനു പൊതുഭരണ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി. കാബിനറ്റ് പദവിയുള്ളവർ, എംപി, എംഎൽഎ, മുൻ എംപി, മുൻ എംഎൽഎ, തദ്ദേശസ്ഥാപന അധികാരികൾ, ബോർഡ്, കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരല്ലാത്ത ഔദ്യോഗികപദവി വഹിക്കുന്നവർ എന്നിവരുടെ താമസത്തിനു മുറിവാടക പൂർണ നിരക്കിൽ ഈടാക്കണം. തുടർച്ചയായി പരമാവധി 48 മണിക്കൂർ മാത്രമേ മുറി അനുവദിക്കാവൂ.

സെ‍ഡ് കാറ്റഗറിയിലുളള രാഷ്ട്രീയപ്രവർത്തകർക്കു മുറികൾ അനുവദിക്കണം. അധികാരത്തിലിരിക്കുന്ന കക്ഷികൾക്കും മറ്റു കക്ഷികളിൽപെട്ടവർക്കും താമസസൗകര്യങ്ങൾ നീതിയുക്തമായി നൽകണം. സ്ഥാനാർഥികളോ കക്ഷികളോ അതിഥിമന്ദിരം, കോൺഫറൻസ് ഹാൾ, പരിസരം എന്നിവ തിരഞ്ഞെടുപ്പു പ്രചാരണം, മാധ്യമ സംവാദം, പൊതുയോഗം എന്നിവയ്ക്കു വേദിയാക്കരുത്. സ്ഥാനാർഥികളുടെയും കക്ഷികളുടെയും ഓഫിസുകളായി അതിഥിമന്ദിരങ്ങൾ പ്രവർത്തിപ്പിക്കരുത്. വോട്ടെടുപ്പ് പൂർത്തിയാകുന്നതിനു 48 മണിക്കൂർ മുൻപു മുതൽ രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്കു മുറി അനുവദിക്കരുത്. കാബിനറ്റ് പദവിയുള്ളവർക്ക് അനുവദിച്ച ടൂറിസം വാഹനങ്ങൾ ഔദ്യോഗിക യാത്രകൾക്കു മാത്രമേ ഉപയോഗിക്കാവൂ. തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർക്കു മുറി അനുവദിക്കുന്നതിനു പ്രഥമ പരിഗണന നൽകാം. ഔദ്യോഗിക നിരക്കിൽ വാടക ഈടാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.