ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പിന്തുണച്ച ശേഷമുള്ള കോടിയേരി ബാലകൃഷ്ണന്റെ മാറ്റം മുൻകൂട്ടി തയാറാക്കിയ തിരക്കഥയോ? പാർട്ടി നേതൃത്വത്തിലെ രസക്കേടുകളും ചർച്ചകളിലേക്കു കൊണ്ടുവരുന്നതായി കോടിയേരിയുടെ മാറ്റം.

രോഗത്തെക്കുറിച്ച് ഇക്കഴിഞ്ഞ കേന്ദ്ര–സംസ്ഥാന കമ്മിറ്റികൾ നടക്കുമ്പോഴും കോടിയേരി ബോധവാനായിരുന്നു. അമേരിക്കയിൽ ചികിത്സയ്ക്കു പോയപ്പോഴും സെക്രട്ടറി പദവിയിൽ തുടർന്നതിനാൽ മറിച്ചൊരു തീരുമാനം ആവശ്യമില്ലെന്നാണ് അടുപ്പമുള്ളവരോട് അദ്ദേഹം പറഞ്ഞത്. അതേസമയം, ബിനീഷിന്റെ കാര്യത്തിൽ പാർട്ടി പ്രതിരോധത്തിലാകുന്നതും ഒരു പിന്തുണയും ലഭിക്കാത്തതും അദ്ദേഹത്തിന് ഉൾക്കൊള്ളേണ്ടിവന്നു.

ബിനീഷിന്റെ വീട്ടിലെ ഇഡി റെയ്ഡിനെ പാർട്ടിയോ മുഖ്യമന്ത്രിയോ വിമർശിക്കാത്തതു കോടിയേരിയെ അലട്ടിയിരുന്നുവെന്നു കരുതുന്നവരുമുണ്ട്. ബിനീഷിനെതിരേ അന്വേഷണം നടക്കട്ടെ എന്ന പരസ്യ നിലപാട് എടുത്തശേഷം അന്വേഷണത്തിന്റെ ഭാഗമായ റെയ്ഡിനെ വിമർശിക്കാനില്ലെന്ന നയത്തിൽ സിപിഎം ഉറച്ചുനിന്നു. സ്വർ‌ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ സർക്കാരിനെ കുലുക്കിയ ശേഷം പാർട്ടി നേതൃനിരയിലെ ചിലർക്കിടയിലെ അവിശ്വാസം കടുത്തു.

മന്ത്രി ഇ.പി. ജയരാജന്റെ മകനും വിവാദത്തിൽ പെട്ടതു ജയരാജനും കോടിയേരിയും തമ്മിലെ ബന്ധം വഷളാക്കിയെന്നാണു സൂചന. ബിനീഷ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുമെന്ന ജയരാജന്റെ ഭാര്യാ സഹോദരി കൂടിയായ പി.കെ. ശ്രീമതിയുടെ കുറിപ്പ് കുറിക്കു കൊള്ളുന്നതായി. കോടിയേരി തുടരാൻ തീരുമാനിച്ച കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിലും സംസ്ഥാന കമ്മിറ്റിക്കു ശേഷം ചേർന്ന ഇന്നലത്തെ സെക്രട്ടേറിയറ്റ് യോഗത്തിലും ഇരുവരും വിട്ടുനിൽക്കുകയും ചെയ്തു.

കോടിയേരി മാറിയാൽ എം.വി. ഗോവിന്ദൻ പകരക്കാരനാകുമെന്നായിരുന്നു സൂചനയെങ്കിൽ, അതു നടക്കാതെ പോയതിനും നേതാക്കൾക്കിടയിലെ രസക്കേടു കാരണമായെന്നു കരുതുന്നവരുണ്ട്. ജയരാജനും ഗോവിന്ദനും പണ്ടേ അകൽച്ചയിലാണ്. ഗോവിന്ദനെ കോടിയേരി പിന്തുണക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനു വിശ്വാസം ജയരാജനെയാണ്. ഈ ഭിന്നതയും പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയുടെ പിന്തുണയും എ. വിജയരാഘവന് അനുകൂലമായി.

Content Highlights: Kodiyeri Balakrishnan's leave pre planned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com