ADVERTISEMENT

തിരുവനന്തപുരം ∙ ജനങ്ങളുടെ ‘പൾസ്’ മനസ്സിലാക്കി 2015 ൽ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് പിടിച്ച ‘ട്വന്റി ട്വന്റി’ മോഡൽ ഇക്കുറി പടരുകയാണോ? പ്രാദേശിക കൂട്ടായ്മകൾ മുന്നണികളുടെ ‘പിച്ച്’ കവർന്നെടുക്കുമോ? ഒരുപിടി ജനകീയകൂട്ടായ്മകൾ സ്ഥാനാർഥികളുമായി ഇത്തവണയും രംഗത്തിറങ്ങിയിട്ടുണ്ട്.

കിഴക്കമ്പലത്തെ ട്വന്റി ട്വന്റിക്ക് ഇക്കുറി സ്ഥാനാർഥികൾ 93 പേരാണ്. കിഴക്കമ്പലത്തിനു പുറമേ കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലും അവർ കളം പിടിക്കാൻ ഇറങ്ങി.കിഴക്കമ്പലത്തിന്റെ ആവേശം കൊച്ചി നഗരത്തിലേക്കും പടർന്നപ്പോൾ ‘വി 4 കൊച്ചി’ ഉദയം ചെയ്തു. ‘അധികാരം ജനങ്ങളിലേക്ക്’ എന്നതാണു മുദ്രാവാക്യം. 39 ഡിവിഷനുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഉദയംപേരൂരിൽ ടീം ട്വന്റിയും ചെല്ലാനം പഞ്ചായത്തിൽ മറ്റൊരു ട്വന്റി ട്വന്റിയും മുന്നണികൾക്കു വെല്ലുവിളിയായി രംഗത്തുണ്ട്. തൃപ്പൂണിത്തുറയിൽ ‘വി ഫോർ തൃപ്പൂണിത്തുറ’യും.

കോൺഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന പാലക്കാട് വടകരപ്പതി അവരെ കൈവിട്ടതിനു കാരണം ജലക്ഷാമം. ‘റൈറ്റ് ബാങ്ക് കനാൽ’ എന്ന പേരിൽ പ്രതിഷേധം ഉയർത്തി പ്രാദേശിക കൂട്ടായ്മ രംഗത്തെത്തിയപ്പോൾ പഞ്ചായത്തിലെ 17 ൽ 17 സീറ്റും 2015 ൽ പിടിച്ചെടുത്തു. ഇത്തവണയും രംഗത്തുണ്ട്. മറ്റൊരു കോൺഗ്രസ് ശക്തികേന്ദ്രമായിരുന്ന കാസർകോട് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ വെല്ലുവിളിയായതു ജനകീയ വികസന മുന്നണി. കോൺഗ്രസിലെ കലഹമാണു പ്രാദേശിക മുന്നണി രൂപീകരണത്തിനു വഴി തുറന്നത്. 2015 ൽ പഞ്ചായത്ത് പിടിച്ച അവർ ഇത്തവണ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ കൂടി ഒരു കൈ നോക്കുന്നു.

സിപിഎമ്മിനെയും അലട്ടുന്നു ജനകീയ കൂട്ടായ്മകൾ. സിപിഎം ശക്തികേന്ദ്രമായ കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിൽ, വികസന മുരടിപ്പിൽ പ്രതിഷേധിച്ചു കൈനകരി വികസന സമിതിയുണ്ടാക്കിയവർ 3 വാർഡുകളിൽ ഒറ്റയ്ക്കു മത്സരിച്ചു ജയിച്ചു. ഇത്തവണയും 3 സീറ്റുകളിൽ മത്സരിക്കുന്നു.ആസൂത്രണ ബോർഡ് മുൻ അംഗം ജി. വിജയരാഘവന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം വികസന മുന്നേറ്റം (ടിവിഎം) കോർപറേഷൻ തിരഞ്ഞെടുപ്പിൽ 12 വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

അഭിപ്രായ സർവേയിലൂടെ സ്ഥാനാർഥികൾ

ജനങ്ങൾക്കിടയിൽ അഭിപ്രായ സർവേ നടത്തി സ്ഥാനാർഥികളെ കണ്ടെത്തുന്ന രീതിയാണ് ജനകീയ സമിതികളിൽ പലതും സ്വീകരിക്കുന്നത്. കിഴക്കമ്പലത്ത് ഓരോ വാർഡിലും സർവേ നടത്തി വനിതകൾക്കു മുൻതൂക്കമുള്ള പട്ടികയാണു പ്രസിദ്ധീകരിച്ചത്. ചെല്ലാനത്തു വാട്സാപ് കൂട്ടായ്മകൾ സർവേ നടത്തി സ്ഥാനാർഥികളെ നിശ്ചയിച്ചു.

ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ തഹസിൽദാറിൽ നിന്നു ലഭിച്ച ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 3 വർഷ സാധുതാ കാലയളവുള്ള ജാതി സർട്ടിഫിക്കറ്റുകളും ഇതിനു പരിഗണിക്കാം.

English Summary: New Twenty20 to contest in different districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com