ADVERTISEMENT

തിരുവനന്തപുരം∙ മസാല ബോണ്ട് വഴി കിഫ്ബി 2150 കോടി രൂപ സമാഹരിച്ചതു ഭരണഘടനാ വിരുദ്ധമാണെന്നു രേഖപ്പെടുത്തുന്ന കാര്യം അന്തിമ റിപ്പോർട്ട് തയാറാക്കും മുൻപേ സിഎജി ധന വകുപ്പിനെ അറിയിച്ചിരുന്നു. ഇതിനു ധന വകുപ്പിൽ നിന്നു മറുപടിയും വാങ്ങി. അതിനു ശേഷമാണ് അന്തിമ റിപ്പോർട്ട് തയാറാക്കി ഇൗ മാസം 6 ന് ധന സെക്രട്ടറിക്കു കൈമാറിയത്. കരടു റിപ്പോർട്ടിൽ ഇല്ലാത്ത ഭാഗം തങ്ങളെ അറിയിക്കാതെ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയെന്നാണു മന്ത്രി തോമസ് ഐസക് ഇന്നലെ ആരോപിച്ചത്.

സർക്കാർ കൈമാറിയ കണക്കുകളുടെ അടിസ്ഥാനത്തിലാണു സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച 2018-19 ലെ റിപ്പോർട്ട് സിഎജി തയാറാക്കിയത്. ധനവകുപ്പിലെ ഉദ്യോഗസ്ഥരുമായി പലവട്ടം ചർച്ച നടത്തിയാണ് റിപ്പോർട്ടിന് അന്തിമ രൂപം നൽകിയത്. ഇൗ റിപ്പോർട്ട് അംഗീകാരത്തിനായി ഡൽഹിയിലെ ആസ്ഥാനത്തേക്ക് അയച്ചു.

ജിഡിപിയുടെ 3% മാത്രം വായ്പയെടുക്കാനാണു കേരളത്തിന് അനുമതിയുള്ളത്. എന്നാൽ, മസാല ബോണ്ട് വഴിയുള്ള 2150 കോടിയുടെ വായ്പ സമാഹരണം കാരണം ഇൗ പരിധി ലംഘിച്ചെന്നു ഡൽഹിയിലെ പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. മാത്രമല്ല, വിദേശത്തു നിന്നുള്ള കടമെടുപ്പും തെറ്റാണ്. കേരളം പോലൊരു ചെറിയ സംസ്ഥാനം ഇങ്ങനെ പരിധി വിട്ടുള്ള കടമെടുപ്പിലേക്കു നീങ്ങിയാൽ മറ്റു പല സംസ്ഥാനങ്ങളും ഇൗ പാത പിന്തുടരുമെന്നും അതിനാൽ മസാല ബോണ്ട് വഴിയുള്ള കടമെടുപ്പ് ഭരണഘടനാ ലംഘനമാണെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടണമെന്നും ഡൽഹി ഓഫിസിൽ നിന്നു തിരുവനന്തപുരത്തേക്ക് അറിയിപ്പെത്തി. 

തുടർ‌ന്നു തിരുവനന്തപുരത്തെ സിഎജി ഓഫിസിൽനിന്ന് റിപ്പോർട്ടിൽ ഇക്കാര്യവും ഉൾപ്പെടുത്തി അതിന്റെ പകർപ്പ് ധനവകുപ്പിന് അയച്ചു കൊടുത്തു. സർക്കാരിന്റെ കടമെടുപ്പു പരിധി കോർപറേറ്റ് സ്ഥാപനമായ കിഫ്ബിക്കു ബാധകമല്ലെന്ന വിശദമായി മറുപടി ധനവകുപ്പ് സിഎജിക്കും നൽകി. എന്നാൽ, തങ്ങളുടെ കണ്ടെത്തലിൽ സിഎജി ഉറച്ചു നിൽക്കുകയും കിഫ്ബിക്കെതിരായ പരാമർശങ്ങളോടെ തന്നെ അന്തിമ റിപ്പോർട്ട് ധന സെക്രട്ടറിക്ക് അയച്ചു കൊടുക്കുകയുമായിരുന്നു.

മസാല ബോണ്ടിന് അന്നത്തെ കുറഞ്ഞ പലിശ: കിഫ്ബി

തിരുവനന്തപുരം∙ ഏതു വിധത്തിൽ നോക്കിയാലും അന്നു കിട്ടാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണു മസാല ബോണ്ട് വഴി 2150 കോടി രൂപ സമാഹരിച്ചതെന്ന് കിഫ്ബി.

ആഭ്യന്തര വിപണിയിൽ ബോണ്ട് ഇറക്കാൻ കിഫ്ബി ടെൻഡർ ചെയ്തപ്പോൾ കിട്ടിയതു 10.15% പലിശ നിരക്കാണ്. ആന്ധ്രപ്രദേശ് കാപ്പിറ്റൽ റീജൻ ഡവലപ്മെന്റ് അതോറിറ്റി ശ്രമിച്ചപ്പോൾ കിട്ടിയത് 10.72%. എന്നാൽ, കിഫ്ബി മസാല ബോണ്ട് വഴി പണം സമാഹരിച്ചത് 9.723 ശതമാനത്തിനാണ്. അന്നു മറ്റു സ്ഥാപനങ്ങൾ കുറഞ്ഞ പലിശയ്ക്കു ബോണ്ടിറക്കിയെന്നു പറയുന്നവർ അതൊക്കെ യുഎസ് ഡോളർ ബോണ്ടുകളായിരുന്നെന്ന് ഓർക്കണം; അതിനായിരുന്നു കുറഞ്ഞ പലിശ.

വിദേശ വിപണികളിൽ ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കി ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് ഇറക്കാൻ കഴിയുന്ന ബോണ്ടാണ് മസാല ബോണ്ട്. യുഎസ് ഡോളറിലെ ബോണ്ട് ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കിയുളള മസാല ബോണ്ടിലേക്കു പരിവർത്തനം ചെയ്താൽ പലിശ 4.68 ശതമാനമേ വരൂ. ഇങ്ങനെ മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപയുടെ 90 ശതമാനവും വിനിയോഗിച്ചു കഴിഞ്ഞെന്നും കിഫ്ബി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com