ബാർ കോഴ: ചെന്നിത്തല ഉൾപ്പെടെ 3 പേർക്കെതിരെ അന്വേഷണാനുമതി

1200-ramesh-chennithala-congress-leader
SHARE

തിരുവനന്തപുരം ∙ ബാർ കോഴ ആരോപണത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസിനു സർക്കാർ അനുമതി നൽകി. പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിനു ഗവർണറുടെയും ശിവകുമാറിനും ബാബുവിനുമെതിരായ അന്വേഷണത്തിനു സ്പീക്കറുടെയും അനുമതി തേടി. ഇവ ലഭിക്കുന്ന മുറയ്ക്കേ അന്വേഷണം നടത്താനാകൂ.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു ബാർ ലൈസൻസ് ഫീ കുറയ്ക്കാൻ ബാറുടമകൾ പിരിച്ച ഒരു കോടി രൂപ കെപിസിസി ഓഫിസിൽ പോയി രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ ബാബുവിനും 25 ലക്ഷം രൂപ ശിവകുമാറിനും കൈമാറിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി. അതേസമയം, ആരോപണത്തിൽനിന്നു പിന്മാറാൻ ജോസ് കെ.മാണി 10 കോടി വാഗ്ദാനം ചെയ്‌തെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണമില്ല. കേസ് കോടതിയുടെ പരിഗണനയിലായതിനാലും 2 തവണ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ലെന്നു കോടതിയെ വിജിലൻസ് അറിയിച്ചിട്ടുള്ളതിനാലും പുതിയ അന്വേഷണത്തിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ടു രമേശ് ചെന്നിത്തല ഗവർണർക്കു നിവേദനം നൽകിയിട്ടുണ്ട്. 

രഹസ്യാന്വേഷണത്തിനു ശേഷമാണു പ്രാഥമികാന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം വിജിലൻസ് അന്വേഷണത്തിനു സർക്കാരിന്റെ അനുമതി വേണം. പ്രാഥമികാന്വേഷണം നടത്തുന്നതിനുള്ള ഫയലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മുഖ്യമന്ത്രി ഒപ്പുവച്ചത്. 

ജോസ് കെ.മാണി 10 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണവും അന്വേഷിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

സോളർ പീഡനം: പരാതിക്കാരിയുടെ രഹസ്യമൊഴി 26 ന്

കൊച്ചി ∙ സോളർ കേസുമായി ബന്ധപ്പെട്ട പീഡനക്കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി 26ന് എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ രേഖപ്പെടുത്തും. കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന കൊച്ചിയിലെ ഹോട്ടൽ മുറിയിൽ ഇരയുടെ സാന്നിധ്യത്തിൽ അന്വേഷണ സംഘം തെളിവെടുത്തു സീൻ മഹസർ തയാറാക്കിയിരുന്നു.

ഇതിനു ശേഷമാണു സിആർപിസി 164 പ്രകാരം മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി നൽകാനുള്ള അപേക്ഷ നൽകിയത്. ഇരയുടെ മൊഴി പരിശോധിച്ച ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA