ADVERTISEMENT

കൊല്ലം / കൊച്ചി / കോട്ടയം ∙ പാർട്ടി മാറി സ്ഥാനാർഥിയാകുന്നതു തിരഞ്ഞെടുപ്പു വേളയിൽ പതിവാണെങ്കിലും ഓരോ അഞ്ചാം കൊല്ലവും പുതിയ പാർട്ടിയിൽ ചേർന്നു മത്സരിക്കുന്നവരും ഏറെയുണ്ട് ഇക്കുറി. 3 തിരഞ്ഞെടുപ്പിനിടയിൽ 3 മുന്നണികളുടെ സ്ഥാനാർഥികളായവരുമുണ്ട്.

കൊല്ലം ജില്ലയിലെ ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് കഴുതുരുട്ടി വാർഡിലെ ബിജെപി സ്ഥാനാർഥി മാമ്പഴത്തറ സലിം ഇതു മൂന്നാമത്തെ പാർട്ടിയുടെ കുപ്പായമാണു ധരിക്കുന്നത്. 2005ൽ ഇതേ പഞ്ചായത്തിലെ പാലരുവി വാർഡിൽ സിപിഎം സ്ഥാനാർഥിയായി ജയിച്ച സലിം പ്രസിഡന്റായി. പാർട്ടി നടപടിക്കു പിന്നീടു വിധേയനായ ശേഷം കോൺഗ്രസിൽ ചേർന്നു. 2010ലും 2015ലും 2017ലെ ഉപതിരഞ്ഞെടുപ്പിലും ഇതേ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി. 2010ൽ ജയിച്ചു വൈസ് പ്രസിഡന്റുമായി. 3 വർഷം മുൻപ് കോൺഗ്രസ് വിട്ട സലിം ബിജെപിയിൽ ചേരുകയായിരുന്നു. നിലവിൽ ബിജെപി സംസ്ഥാന കമ്മിറ്റിയംഗമാണ്.

എറണാകുളം ജില്ലയിലെ കാലടി ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡിലെ ബിജെപി സ്ഥാനാർഥി രമ ഗോപാലനും മൂന്നാം തവണയാണു പാർട്ടി മാറുന്നത്. 2000ൽ ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷനിൽ സിപിഐ സ്ഥാനാർഥിയായെങ്കിലും തോറ്റു. 2005ൽ കാലടി ഗ്രാമപ്പഞ്ചായത്തിലേക്കു മത്സരിച്ചു ജയിച്ചു. പിന്നീടു പാർട്ടി വിട്ട ഇവർ 2010ൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാലടി ഡിവിഷനിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടു.

കോട്ടയം ജില്ലയിൽ, 2 തവണ സ്വതന്ത്രനായും ഒരു തവണ ബിജെപി ചിഹ്നത്തിലും മത്സരിച്ച പാലാ നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടം ഇക്കുറി സിപിഎം ചിഹ്നത്തിൽ മത്സരിക്കുന്നു.     2003 വരെ കോൺഗ്രസിൽ ആയിരുന്നു ബിനു; തുടർന്ന് ഡിഐസിയിൽ. 2005ലും 2010ലും സ്വതന്ത്രനായി ജയിച്ചു; 2015ൽ ബിജെപി ടിക്കറ്റിലും. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സിപിഎമ്മിൽ ചേർന്നു.

English Summary: Ready to contest for all parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com