ADVERTISEMENT

കോഴിക്കോട് ∙ വിവാദം ഭയന്നു സ്ഥാനാർഥികളെ പിൻവലിച്ചെങ്കിലും അടവുനയം തിരുത്താതെ സിപിഎം. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുകേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിനെ കൊടുവള്ളി നഗരസഭയിൽ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം തിരുത്തിയെങ്കിലും സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ ഫൈസലിനൊപ്പമാണ് പ്രാദേശിക എൽഡിഎഫ് പ്രവർത്തകർ.

2013ൽ സ്വർണക്കടത്തുകേസിൽ പ്രതിയായപ്പോൾ പോലും കാരാട്ട് ഫൈസലിനെ പിന്തുണച്ച എൽഡിഎഫ് ഇക്കുറി പിന്തുണ പിൻവലിച്ചത്, തിരഞ്ഞെടുപ്പിൽ സ്വർണക്കടത്തുകേസ് വിവാദത്തിന് കൂടുതൽ എണ്ണ പടരാതിരിക്കാനാണ്.

പിഡിപി വൈസ് ചെയർമാനായിരുന്ന പൂന്തുറ സിറാജിനെ തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം പിൻവലിച്ചപ്പോഴും മലപ്പുറം ജില്ലയിലെ പിഡിപി സ്ഥാനാർഥികളെ പിന്തുണയ്ക്കുന്ന അടവുനയത്തിൽ മാറ്റമില്ല.സിറാജിന്റെ കാര്യത്തിൽ, തിരുവനന്തപുരത്ത് ഭൂരിപക്ഷ വോട്ടുകളിലായിരുന്നു കണ്ണെങ്കിൽ, മലപ്പുറത്ത് പിഡിപിയിലൂടെ ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വോട്ട്.

മലപ്പുറത്തു തിരൂരങ്ങാടി നഗരസഭയിലും മുന്നിയൂർ പഞ്ചായത്തിലുമാണ് പിഡിപി സ്ഥാനാ‍ർഥികൾക്ക് എൽഡിഎഫ് പിന്തുണ നൽകുന്നത്. മൂന്നിയൂർ 16–ാം വാർഡിൽ മത്സരിക്കുന്നത് പിഡിപി ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂർ ആണ്; തിരൂരങ്ങാടി    25–ാം വാർഡിൽ പിഡിപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം തിരൂരങ്ങാടിയും. ഒന്നര മാസം മുൻപു പിഡിപിയിൽനിന്നു രാജിവച്ചതാണെന്നു ഇബ്രാഹിം പറയുന്നു.

വളാഞ്ചേരി നഗരസഭയിൽ മുൻ ലീഗ്, കോൺഗ്രസ്, പിഡിപി നേതാക്കളുടെ നേതൃത്വത്തിലുള്ള വളാഞ്ചേരി ഡവലപ്മെന്റ് ഫോറത്തിന് (വിഡിഎഫ്) എൽഡിഎഫ് പിന്തുണ നൽകുന്നു. ആകെയുള്ള 33 വാർഡിൽ 10 വാർഡുകളിൽ വിഡിഎഫും 23 വാർഡുകളിൽ എൽഡിഎഫും മത്സരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com