ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന വിവാദ ശബ്ദരേഖ സംബന്ധിച്ചു ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. ക്രൈംബ്രാഞ്ചിനാണ് ചുമതലയെങ്കിലും ഹൈടെക് സെല്ലിന്റെ ചുമതലയുള്ള റൂറൽ എഎസ്പി ഇ.എസ്. ബിജിമോന്റെ നേതൃത്വത്തിലാകും അന്വേഷണം. 

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കർശന നിലപാടാണ് അന്വേഷണത്തിനു വഴിതുറന്നത്. ജയിലിലുള്ള പ്രതിയുടെ ശബ്ദരേഖ പുറത്തുവന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ഇഡി ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിനു കത്ത് നൽകിയിരുന്നു. അദ്ദേഹം അതു ബെഹ്റയ്ക്കു കൈമാറിയതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ശബ്ദരേഖ എവിടെവച്ച്, ആരു റെക്കോർഡ് ചെയ്തെന്ന് കണ്ടുപിടിക്കണമെന്നും ജയിൽ വകുപ്പിന്റെ വിശ്വാസ്യത സംരക്ഷിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി ഋഷിരാജ് സിങ് നേരത്തേ ബെഹ്റയ്ക്കു കത്ത് നൽകിയിരുന്നെങ്കിലും പൊലീസ് അന്വേഷണം തുടങ്ങിയിരുന്നില്ല. സ്വപ്നയുടെ പരാതി ലഭിച്ചാലേ അന്വേഷണത്തിന്റെ കാര്യമുള്ളൂ എന്നായിരുന്നു നിലപാട്.

എന്നാൽ സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ശബ്ദസന്ദേശം പുറത്തുവിട്ടതിനു പിന്നിലെന്ന് ഇഡി നിലപാട് എടുത്തതോടെ അന്വേഷണം ഒഴിവാക്കാനാവില്ലെന്നായി. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സമാന്തര അന്വേഷണം തുടങ്ങുകയും ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിലുളള പ്രതിയുടെ ശബ്ദസന്ദേശം പുറത്തുപോയതിന്റെ ദുരൂഹത കോടതിയെ ധരിപ്പിക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്.

ഇഡി രംഗത്തുവന്നതിങ്ങനെ

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജൻസികളിലൊന്ന് വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടേതായി പുറത്തുവന്ന സന്ദേശം. മുഖ്യമന്ത്രിയെ കുടുക്കാനുള്ള നീക്കത്തിനു തെളിവായി ശബ്ദരേഖ ചൂണ്ടിക്കാട്ടി സിപിഎം പ്രചാരണവും തുടങ്ങി. 

ഇഡിയെക്കുറിച്ചാണു പരാമർശമെന്നു ശബ്ദരേഖയിലില്ലെങ്കിലും ഇതു പുറത്തുവിട്ട പോർട്ടൽ അവതാരകയുടെ വിവരണത്തിൽ ഇഡിയെന്നു സൂചിപ്പിച്ചിരുന്നു. ഇതാണ് ശബ്ദസന്ദേശത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നു സംശയിക്കാൻ ഒരു കാരണം. 

സി.എം രവീന്ദ്രനെ  ഇഡി ഇൗയാഴ്ച ചോദ്യം ചെയ്യും

കൊച്ചി ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈയാഴ്ച ചോദ്യം ചെയ്യും. നേരിട്ടു ഹാജരാകാനുള്ള പുതിയ നോട്ടിസ് നാളെ നൽകും.

ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനായി ഈ മാസം 6നു ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും തലേന്നു കോവിഡ് സ്ഥിരീകരിച്ചതായി രവീന്ദ്രൻ അറിയിക്കുകയായിരുന്നു. രോഗം മാറിയതായി കഴിഞ്ഞദിവസം അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചു. 

സ്വപ്നയ്ക്ക് ഹൃദ്രോഗ പരിശോധന നടത്തി

തിരുവനന്തപുരം∙ സ്വപ്ന സുരേഷിന് മെഡിക്കൽ കോളജ് ആശുപത്രി ഹൃദ്രോഗ വിഭാഗത്തിൽ പരിശോധന നടത്തി. നേരത്തെ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ നെഞ്ചുവേദനയുണ്ടായി ചികിത്സ തേടിയിരുന്നു. തുടർന്നു മാസംതോറുമുള്ള പതിവു പരിശോധനയ്ക്കാണു കൊണ്ടുപോയതെന്ന് അട്ടക്കുളങ്ങര ജയിൽ അധികൃതർ വ്യക്തമാക്കി. പൊലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com