ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്നു കരുതുന്ന ശബ്ദരേഖയിലെ വിവാദപരാമർശം എം. ശിവശങ്കറിനും കുരുക്കാകുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദമുണ്ടായെന്ന തരത്തിലാണു കഴിഞ്ഞദിവസം പുറത്തായ ശബ്ദരേഖയിലുള്ളത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമോപദേശം തേടി.

ശിവശങ്കറിനൊപ്പം ഒക്ടോബറിൽ സ്വപ്ന നടത്തിയ യുഎഇ സന്ദർശനം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ കേസിന്റെ അന്വേഷണ പരിധിയിൽ ഇതുവരെ വരാത്ത വിഷയമായതിനാലാണു നിയമോപദേശം തേടിയത്.

കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി കേന്ദ്ര ധനകാര്യ വകുപ്പിനും ഇഡി റിപ്പോർട്ട് നൽകും. കോടതിയുടെ അനുമതിയോടെ സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ശബ്ദരേഖയിലുള്ളതു സ്വപ്നയുടെ തന്നെ ശബ്ദമാണെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി.

നേരത്തെ ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോൾ സ്വപ്നയുമായി വിദേശത്തു കണ്ടുമുട്ടിയ സാഹചര്യങ്ങൾ വെളിപ്പെട്ടിരുന്നു. 2017 ഏപ്രിലിൽ ഇരുവരും ഒരുമിച്ചു യുഎഇ സന്ദർശിച്ചിരുന്നു. 2018 ഏപ്രിലിൽ ശിവശങ്കറിന്റെ ഒമാൻ യാത്രയ്ക്കിടയിൽ സ്വപ്ന അവിടെയെത്തി അദ്ദേഹത്തെ കണ്ടു, അന്ന് മടക്കയാത്രയിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. 2018 ഒക്ടോബറിൽ പ്രളയദുരിതാശ്വാസ സഹായം തേടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഉദ്യോഗസ്ഥ സംഘത്തിന്റെ യുഎഇ യാത്രയിലും ശിവശങ്കറിനെ സ്വപ്ന അനുഗമിച്ചു.

ഈ യാത്രയെക്കുറിച്ചാണു സ്വപ്നയുടെ പുതിയ ശബ്ദരേഖയിലുള്ളതെന്നാണ് ഇഡിയുടെ അനുമാനം. പ്രളയദുരിതാശ്വാസം തേടിയുള്ള ഉദ്യോഗസ്ഥ സംഘത്തെ സ്വപ്ന അനുഗമിക്കുന്ന വിവരം മുഖ്യമന്ത്രിക്ക് അറിയില്ലായിരുന്നുവെന്നാണ് ശിവശങ്കറിന്റെയും സ്വപ്നയുടെയും മൊഴികൾ.

1200-swapana-suresh-sivasankar-arrest

ആധികാരികത കണ്ടെത്താൻ തിരുവനന്തപുരത്ത് സൗകര്യം

തിരുവനന്തപുരം ∙ സ്വപ്ന സുരേഷിന്റെ പേരിലുള്ള ശബ്ദ സന്ദേശത്തെ ചൊല്ലി വിവാദം മുറുകുമ്പോൾ, അതിന്റെ ആധികാരികത പരിശോധിക്കാൻ തലസ്ഥാനത്തു തന്നെ സൗകര്യം. ശബ്ദം പരിശോധിച്ച് ഉടമയെ കണ്ടെത്താൻ ഓഡിയോ അനാലിസിസിലൂടെ കഴിയും. തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ ഫിസിക്സ് ഡിവിഷനു കീഴിലെ ഓഡിയോ–വിഡിയോ ലാബിലാണ് ഇതിനു സൗകര്യമുള്ളത്.

ശബ്ദ സന്ദേശങ്ങൾ സംബന്ധിച്ചു തർക്കമുണ്ടാകുമ്പോൾ കോടതി മുഖേനയാണു പരിശോധന നടത്തുക. ആരോപണവിധേയനെ ഇവിടെ എത്തിച്ചു ശബ്ദം രേഖപ്പെടുത്തും. തർക്കമുള്ള സന്ദേശത്തിലെ വാക്യങ്ങളാണ് ആവർത്തിച്ചു പറയിപ്പിക്കുക. ഒരാഴ്ചയ്ക്കകം ഫലം ലഭിക്കും.

മന്ത്രി എം.എം. മണി തൊടുപുഴ മണക്കാട് നടത്തിയ വിവാദ പ്രസംഗത്തിന്റെ വിഡിയോ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. അതിൽ കൃത്രിമം നടന്നിട്ടില്ലെന്നു തെളിഞ്ഞിരുന്നു.ശബ്ദ ആവൃത്തിയും മറ്റു സവിശേഷതകളും സൂക്ഷ്മമായി പരിശോധിക്കുന്നതാണ് ഓഡിയോ അനാലിസിസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com