ADVERTISEMENT

കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണ കള്ളക്കടത്ത് കേസിൽ 10 പ്രതികൾക്കു പ്രത്യേക കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ നൽകിയ ഹർജിയിൽ പ്രതികൾക്ക് നോട്ടിസ് നൽകാൻ ഹൈക്കോടതി നിർദേശം. എട്ടാം പ്രതി സെയ്ത് അലവി, ഒൻപതാം പ്രതി പി. ടി. അബ്ദു, 11ാം പ്രതി മുഹമ്മദ് അലി ഇബ്രാഹിം, 14ാം പ്രതി മുഹമ്മദ് ഷഫീഖ്, 16ാം പ്രതി മുഹമ്മദ് അൻവർ, 19ാം പ്രതി അംജദ് അലി, 21ാംപ്രതി സി.വി. ജിഫ്സൽ, 22ാം പ്രതി പി.അബൂബക്കർ, 23ാംപ്രതി മുഹമ്മദ് അബ്ദുൽ ഷമീം, 24ാം പ്രതി പി.എം. അബ്ദുൽ ഹമീദ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടത്.

കഴിഞ്ഞ മാസം 15നാണ് ഇവർക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.മുഖ്യപ്രതികളുമായി പ്രതികൾക്കുള്ള അടുത്ത ബന്ധം പ്രത്യേക കോടതി പരിഗണിച്ചില്ലെന്നും വിദേശത്തും സ്വദേശത്തുമുള്ള പ്രതികളുമായി ചേർന്നു ജാമ്യം ലഭിച്ചവർ തെളിവ‌ു നശിപ്പിക്കാനും സാക്ഷികളെ നിശബ്ദരാക്കാനും സാധ്യതയുണ്ടെന്നും എൻഐഎ അപ്പീലിൽ പറയുന്നു.

കള്ളക്കടത്തിന്റെ സൂത്രധാരന്മാരായ സരിത്, സ്വപ്ന, റമീസ്, മുഹമ്മദ് ഷാഫി, റബിൻസ് ഹമീദ് തുടങ്ങിയവർ ഉൾപ്പെടെയുള്ളവരുമായി നേരിട്ടോ ഇടനിലക്കാർ വഴിയോ ഇവർക്കുള്ള ബന്ധം വ്യക്തമാകാൻ കൂടുതൽ അന്വേഷണം നടത്തണം. മുഖ്യ പ്രതികളെയും കുറ്റകൃത്യത്തിന‌ു സാമ്പത്തിക സഹായം തേടിയവരെയും ആദ്യഘട്ടത്തിൽ വേർതിരിക്കാൻ കോടതി ശ്രമിക്കരുത്. മുഖ്യ പ്രതികളെപ്പോലെ തന്നെ കുറ്റകൃത്യത്തിലെ ഓരോ കണ്ണിയെയും ഗൗരവത്തോടെ കാണണമെന്നും എൻഐഎ അപ്പീലിൽ പറയുന്നു.

77 ഉപകരണങ്ങളിലെ തെളിവ‌ു കാത്ത്

കേസുമായി ബന്ധപ്പെട്ട് 99 ഇലക്ട്രോണിക് ഉപകരണങ്ങളിൽ 77എണ്ണത്തിൽനിന്നുള്ള തെളിവുകൾ ഇനിയും ലഭിക്കാനുണ്ട്. ഇവയും കൂടി പരിഗണിച്ചതിനു ശേഷമേ ഗൂഢാലോചന, പ്രതികളുടെ പങ്ക് എന്നിവയെക്കുറിച്ചു അന്തിമമായി സ്ഥാപിക്കാൻ കഴിയൂ. ഡികോഡ് ചെയ്യുകയും പരിശോധിക്കുകയും ചെയ്ത ഉപകരണങ്ങളിൽ നിന്ന് ഒട്ടേറെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എൻഐഎ പറയുന്നു.

ദേശീയ സുരക്ഷയെ ബാധിക്കുന്ന കടുത്ത സാമ്പത്തിക കുറ്റകൃത്യം ചെയ്യുന്നവർ മുന്തിയ ഉപകരണങ്ങളാകും ഉപയോഗിക്കുക. ഇക്കാര്യം പ്രത്യേക കോടതി കണക്കിലെടുത്തില്ല. അന്വേഷണ ഏജൻസിയെ വഴിതെറ്റിക്കാനും തെളിവ് നശിപ്പിക്കാനുമായി എല്ലാ പ്രതികളും അവരുടെ ഇലക്ട്രോണിക്/മൊബൈൽ ഉപകരണങ്ങളിലെ ഡേറ്റ നശിപ്പിച്ചിരുന്നു എന്നതു പ്രത്യേകം ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com