ബാർ കോഴക്കേസ് കുത്തിപ്പൊക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് അറിഞ്ഞ്: ഉമ്മൻ ചാണ്ടി

oommen-chandy-walayar
SHARE

തിരുവനന്തപുരം∙ നിയമപരമായി നിലനിൽക്കില്ലെന്ന്   അറിഞ്ഞു തന്നെയാണ് ബാർ കോഴക്കേസ്   സർക്കാർ വീണ്ടും കുത്തിപ്പൊക്കുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഞ്ചുവർഷം സർക്കാരിന്റെ മുന്നിലുണ്ടായിരുന്ന വിഷയമാണിത്. നിയമപരമായ നിലനിൽപിന്റെ നേരിയ സാധ്യത ഉണ്ടായിരുന്നെങ്കിൽ നേരത്തെ കേസ് എടുക്കുമായിരുന്നു.

സ്വർണക്കടത്തു കേസിലും സർക്കാർ പദ്ധതികളിലെ അഴിമതിയുടെ പേരിലും ഇടതു മന്ത്രിമാർ ഒന്നിനു പിറകെ ഒന്നായി പ്രതിക്കൂട്ടിലേക്കു കയറുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് ഇത്. ബാർ കോഴക്കേസ് നിലവിൽ ഹൈക്കോടതിയുടെയും തിരുവനന്തപുരം വിജിലൻസ് കോടതിയുടെയും പരിഗണനയിലാണ്. 

നിശ്ശബ്ദനാക്കാമെന്ന് കരുതേണ്ട: ചെന്നിത്തല

തിരുവനന്തപുരം ∙ വിജിലൻസ് കേസ് കൊണ്ടൊന്നും തന്നെ നിശ്ശബ്ദനാക്കാമെന്നു മുഖ്യമന്ത്രി കരുതേണ്ടന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ യഥാർഥ മുഖം കേരളത്തിലെ ജനങ്ങൾക്കു മുന്നിൽ അനാവരണം ചെയ്യാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ മുൻകൈ എടുക്കുമെന്നും രമേശ് പറഞ്ഞു.  

‘വിജിലൻസും ലോകായുക്തയും അന്വേഷിച്ച് തെളിവില്ലെന്നു കണ്ടു തള്ളിയതാണു ബാർ കോഴ ആരോപണം. അന്വേഷണ റിപ്പോർട്ടുകൾ വിജിലൻസ് കോടതിയുടെയും ഹൈക്കോടതിയുടെയും മുന്നിലുള്ളപ്പോൾ പുതിയ വെളിപ്പെടുത്തലൊന്നുമില്ലാതെ വീണ്ടും അന്വേഷണം നടത്താൻ അനുമതി നൽകിയ മുഖ്യമന്ത്രി കോടതിയലക്ഷ്യമാണു കാണിച്ചത്. ബാർ കോഴ ആരോപണം കള്ളമാണ്. ബിജു രമേശ് മജിസ്ട്രേട്ടിനു മുന്നിൽ നൽകിയ മൊഴിയിലാണ് ഒരു ഓഡിയോ ടേപ്പ് ഉണ്ടെന്നു പറഞ്ഞത്. ആ ശബ്ദരേഖ വ്യാജമാണെന്നു കേരളത്തിലും അഹമ്മദാബാദിലും നടത്തിയ പരിശോധനയിൽ തെളിഞ്ഞതാണ്. 

ഈ സർക്കാർ വികസനം എന്ന പേരിൽ കൊണ്ടുവന്ന എല്ലാ പദ്ധതികളും കമ്മിഷൻ താൽപര്യങ്ങളുള്ള തട്ടിപ്പായിരുന്നു. കള്ളക്കടത്തും അഴിമതിയും സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടക്കുന്ന ഗൂഢാലോചനയെക്കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വരുമ്പോൾ സിപിഎം എന്തിനാണ് ഇത്ര പേടിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA