ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്തു വീണ്ടും റെക്കോർഡ് ടിക്കറ്റ് വിൽപനയുമായി ലോട്ടറി വകുപ്പ്. നാളെ നറുക്കെടുക്കുന്ന വിൻവിൻ ഡബ്ല്യു 591 ഭാഗ്യക്കുറിയുടെ അച്ചടിച്ച 1,00,20,000 ടിക്കറ്റുകളും ഇന്നലെ ഉച്ചയോടെ വിറ്റഴിച്ചു. ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ച ശേഷം ആദ്യമായാണ് ഒരു ടിക്കറ്റിന്റെ വിൽപന ഒരു കോടി കടക്കുന്നത്. നേരത്തെ 30 രൂപ വിലയുള്ള ടിക്കറ്റുകൾ 1.08 കോടി വരെ വിറ്റു പോയിട്ടുണ്ട്. 2020 ജനുവരി-ഫെബ്രുവരി കാലത്തായിരുന്നു ഇത്. രാജ്യത്തു തന്നെ ഏതെങ്കിലും സംസ്ഥാന ഭാഗ്യക്കുറി ഈ നേട്ടം കൈവരിച്ചിരിക്കാൻ ഇടയില്ലെന്നു ലോട്ടറി വകുപ്പു വൃത്തങ്ങൾ വ്യക്തമാക്കി.

40 രൂപയുടെ 1,00,20,000 ടിക്കറ്റുകൾ വിൽക്കുന്നതിലൂടെ 23.5 കോടിയുടെ സമ്മാനങ്ങളാണു വിതരണം ചെയ്യാനാകുന്നത്. 28% തുക ജിഎസ്ടി ഇനത്തിൽ സർക്കാരിനും ലഭിക്കും. ബാക്കി ഏജന്റ് കമ്മിഷനും ലാഭവുമാണ്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളെ തുടർന്ന് മാർച്ച് 23 മുതൽ രണ്ടു മാസത്തോളം ടിക്കറ്റുകൾ റദ്ദാക്കുകയും ഏതാനും നറുക്കെടുപ്പുകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ജൂലൈയിൽ പുനരാരംഭിച്ച ഭാഗ്യക്കുറി ഇപ്പോൾ ആഴ്ചയിൽ 3 നറുക്കെടുപ്പാണു നടത്തുന്നത്. ലോക്ഡൗൺ ഇളവുകൾ വന്നപ്പോൾ ഓരോ ലോട്ടറിക്കും 48 ലക്ഷം ടിക്കറ്റുകൾ വീതം അച്ചടിച്ചു.

ഇതിൽനിന്നു വകുപ്പിനു വലിയ നേട്ടം ഉണ്ടായില്ലെങ്കിലും ഭാഗ്യക്കുറി വിൽപനക്കാർക്കു കോവിഡ് പ്രതിസന്ധിയിലും പിടിച്ചുനിൽക്കാനായി. തുടർന്നു ക്രമാനുഗതമായി ടിക്കറ്റ് വിൽപന 60, 72, 78, 90 ലക്ഷം, ഒരു കോടി എന്ന നിലയിൽ വർധിച്ചു. കച്ചവടം പുനരാരംഭിക്കാൻ വിൽപനക്കാർക്കു ധനസഹായം അനുവദിച്ചതും പ്രതിവാര ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ചതും വിൽ‌പന മെച്ചപ്പെടാൻ സഹായിച്ചു.
ഇപ്പോൾ ആഴ്ചയിൽ 3 ഭാഗ്യക്കുറി നറുക്കെടുപ്പ് എന്നതു ഡിസംബർ 1 മുതൽ ആഴ്ചയിൽ 5 ആയി വർധിപ്പിക്കും. തിങ്കൾ വിൻ വിൻ, ചൊവ്വ സ്ത്രീശക്തി, ബുധൻ അക്ഷയ, വെള്ളി നിർമൽ, ശനി കാരുണ്യ എന്നിങ്ങനെയാകും നറുക്കെടുപ്പ്. ഇതിനൊപ്പം എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുക്കുന്ന ഒന്നാം സമ്മാനം ഒരു കോടി വീതം 5 പേർക്കു ലഭിക്കുന്ന ഭാഗ്യമിത്ര, ജനുവരി 17നു നറുക്കെടുക്കുന്ന 12 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ് - പുതുവത്സര ബംപർ എന്നീ ടിക്കറ്റുകളും വിപണിയിലുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com