ADVERTISEMENT

തിരുവനന്തപുരം ∙ സ്വപ്ന സുരേഷിന്റേത് എന്ന നിലയിൽ പുറത്തുവന്ന ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ജയിൽ ഡിജിപിക്കു കത്തു നൽകി. ശബ്ദസന്ദേശം പുറത്തു വന്നതു സ്വർണക്കടത്തു കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നതിനു തെളിവാണെന്ന് ഇഡി കോടതിയിലും അറിയിക്കും.

ജുഡീഷ്യൽ കസ്റ്റഡിയിലുളള പ്രതിയുടെ ശബ്ദസന്ദേശം പുറത്തു വന്നതിന്റെ ദുരൂഹത കോടതിയെ ധരിപ്പിക്കും. ശബ്ദ സന്ദേശ ഉറവിടം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുകയാണ്. അവർ നൽകിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണ അട്ടിമറി സാധ്യത ഇഡി ഗൗരവമായി എടുത്തത്. കേസ് അന്വേഷിക്കുന്ന മറ്റ് ഏജൻസികളുമായി ചേർന്നുള്ള നീക്കമാണ് ഇഡി ഉദ്ദേശിക്കുന്നത്.

ഇഡി അന്വേഷണം ആവശ്യപ്പെടുകയാണെങ്കിൽ ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിക്കേണ്ടി വരുമെന്നു പൊലീസ് കരുതുന്നു. എന്നാൽ, ജയിൽ ഡിജിപി വ്യാഴാഴ്ച നൽകിയ കത്തിന്മേൽ അന്വേഷണം വേണമോ എന്നതിൽ പൊലീസ് തീരുമാനമെടുത്തിട്ടില്ല.

ജയിൽ വകുപ്പിന്റെ പരാതിയിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണു പൊലീസ്. അതല്ലെങ്കിൽ തന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായി സ്വപ്ന പരാതി നൽകണം. ജയിൽ വകുപ്പിനു കേസ് അന്വേഷിക്കാനുള്ള അധികാരമില്ല. ജയിലിനുള്ളിൽ അടിപിടി ഉണ്ടായാൽ പോലും അന്വേഷിക്കാൻ പൊലീസിനാണ് അധികാരം. അതുകൊണ്ടാണു ജയിൽ ഡിജിപി പൊലീസിനു കത്തു നൽകിയത്.

ശബ്ദ സന്ദേശത്തിൽ പറയുന്നത് അഭിഭാഷകൻ തന്നോടു പറഞ്ഞ കാര്യങ്ങൾ എന്നാണ്. കഴിഞ്ഞ 14 ന് അട്ടക്കുളങ്ങര ജയിലിലെത്തിയ ശേഷം അഭിഭാഷകനെ കാണാനോ വിളിക്കാനോ സ്വപ്നയ്ക്ക് അനുമതി നൽകിയിട്ടില്ല. അഭിഭാഷകനെ കണ്ടതു മറ്റ് ഏജൻസികളുടെ കസ്റ്റഡിയിലോ വിയ്യൂർ ജയിലിലോ കഴിയുമ്പോഴാണ്. അട്ടക്കുളങ്ങര ജയിലിൽ നിന്നല്ല ഇൗ ശബ്ദസന്ദേശം പുറത്തുപോയതെന്ന് ജയിൽ വകുപ്പ് പറയുന്നതിന് ഒരു കാരണമതാണ്.

സ്വർണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നു എന്നതുൾപ്പെടെ നിർണായക മൊഴി ഇഡിക്കു സ്വപ്ന നൽകുന്നത് അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞ 10 നു ചോദ്യം ചെയ്തപ്പോഴാണ്. അതിനു മുൻപ് ഇത്തരം കാര്യങ്ങൾ ഏത് ഏജൻസിയാണു ചോദിച്ചതെന്നോ സമ്മർദം ചെലുത്തിയതെന്നോ വ്യക്തമല്ല.

English Summary: Swapna Suresh voice record, crime branch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com