‘ബിജു രമേശ് നൽകിയത് എഡിറ്റ് ചെയ്ത ശബ്ദരേഖ; മാണിക്കെതിരെ തെളിവില്ല’

vinson-m-paul
SHARE

തിരുവനന്തപുരം ∙ മുൻ മന്ത്രി കെ.എം. മാണിക്കെതിരെ വിജിലൻസിന്റെ പക്കൽ ഒരു തെളിവും ഉണ്ടായിരുന്നില്ലെന്നു സ്ഥാനമൊഴിഞ്ഞ മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൻ എം. പോൾ. എന്നാൽ കെ.എം. മാണിയെ ബാർ കോഴ കേസിന്റെ അന്വേഷണ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും താൻ പറഞ്ഞിട്ടില്ല.

കേസ് എഴുതിത്തള്ളാനും നിർദേശിച്ചിട്ടില്ല. ന്യൂനതകൾ പരിഹരിച്ച് അന്തിമ റിപ്പോർട്ട് നൽകാൻ മാത്രമാണ് നിർദേശിച്ചത്. ബാർ ഉടമ ബിജു രമേശ് നൽകിയ ശബ്ദരേഖ എഡിറ്റ് ചെയ്തതായിരുന്നു. കേസിൽ താൻ ഇടപെട്ടെന്നും അട്ടിമറിക്കാൻ ശ്രമിച്ചെന്നുമുള്ള തെറ്റായ പ്രചാരണം ഏറെ വേദനിപ്പിച്ചു. അതിനാലാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തു തുടരേണ്ടെന്ന് തീരുമാനിച്ചത്. രാഷ്ട്രീയമായി അതിനെ വിവാദമാക്കി. രാഷ്ട്രീയപരമായി അതു ദുർവ്യാഖ്യാനം ചെയ്തു എന്നു പറയുന്നതാകും ശരി.  

മാണിക്കെതിരായ കേസിൽ ഫയൽ പഠിച്ചിട്ട് വസ്തുത എന്തെന്ന് വിചിന്തനം ചെയ്യാൻ ആരും  താൽപര്യം കാണിച്ചിട്ടില്ല. വിശദ അന്വേഷണം നടത്തി കഴിഞ്ഞപ്പോഴാണ് മാണിക്കെതിരെ സാക്ഷി മൊഴിയോ രേഖാമൂലമായ തെളിവുകളോ ഇല്ലെന്ന രീതിയിലേക്ക് വന്നത്.  ബാർ  കേസിൽ തെളിവില്ലെന്ന തന്റെ  നിലപാടിൽ നിന്നു ഒരു പടി മുന്നോട്ടുപോകാൻ ഒരു അന്വേഷണ ഉദ്യോഗസ്ഥനും സാധിച്ചിട്ടില്ല.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും, മുൻ മന്ത്രി കെ. ബാബുവിനും എതിരെയുള്ള വെളിപ്പെടുത്തലുകളെ തുടർന്ന് ഇടതു സർക്കാർ ഇപ്പോൾ സ്വീകരിച്ച നിലപാടിനെക്കുറിച്ച് ഒന്നും പറയാനില്ല. 

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ അന്വേഷണ സംഘത്തിന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയ പ്രതികളെക്കാൾ ഒന്നും കണ്ടെത്താനായിട്ടില്ല.  ഐസ്ക്രീം പാർലർ കേസിൽ, ജഡ്ജിമാരെയും സാക്ഷികളെയും പി.കെ. കുഞ്ഞാലിക്കുട്ടി പണം നൽകി സ്വാധീനിച്ചു എന്ന പരാതിയിൽ തെളിവില്ലെന്നു കണ്ടെത്തിയതായും വിൻസൻ എം. പോൾ പറഞ്ഞു. 

വിൻസൻ എം. പോൾ വിരമിച്ചു

തിരുവനന്തപുരം ∙   മുഖ്യ വിവരാവകാശ കമ്മിഷണറെന്ന നിലയിൽ നാലര  വർഷം പൂർത്തിയാക്കി വിൻസൻ എം. പോൾ വിരമിച്ചു.   ബാർ  കേസ് വിവാദം കത്തി നിൽക്കെ, അന്നത്തെ പ്രതിപക്ഷ നേതാവായ വി.എസ്.അച്യുതാനന്ദന്റെ വിയോജനക്കുറിപ്പോടെയാണ്  കമ്മിഷന്റെ പടികൾ കയറിയത്. ബാർ  ഇടപാടിൽ കേസെടുക്കാനുള്ള തെളിവില്ലെന്നു ഫയലിൽ കുറിച്ചതാണു വിയോജനക്കുറിപ്പിനു കാരണം.  മന്ത്രിസഭാ തീരുമാനങ്ങൾ പൂർണമായും വിവരാവകാശ നിയമപ്രകാരം നൽകണമെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്ന് അദ്ദേഹംപറഞ്ഞു.   ഇനിയുള്ള മുഖ്യ വിവരാവകാശ കമ്മിഷണർമാർക്കുള്ള കാലാവധി മൂന്നു വർഷമായി കുറച്ചു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA