ADVERTISEMENT

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പ്രത്യേക തപാൽ വോട്ടു ചെയ്യുന്നതു സംബന്ധിച്ച ചട്ടങ്ങൾ സർക്കാർ ഇന്നു പുറത്തിറക്കിയേക്കും. ഇക്കാര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ മാർഗനിർദേശങ്ങളും പിന്നാലെ ഇറങ്ങും. ചട്ടങ്ങൾ പുറത്തിറക്കുന്നതിനു മുന്നോടിയായി നിയമ , തദ്ദേശ സെക്രട്ടറിമാർ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ വി.ഭാസ്കരനുമായി ഇന്നലെ ചർച്ച നടത്തി.

ക്വാറന്റീനീൽ കഴിയുന്നവർക്കും കോവിഡ് പോസിറ്റീവായവർക്കും വീട്ടിലോ ആശുപത്രിയിലോ എത്തി തപാൽ ബാലറ്റ് പോളിങ് ഉദ്യോഗസ്ഥൻ കൈമാറുന്ന തരത്തിലും വോട്ടെടുപ്പിനു തലേന്നു വൈകിട്ട് 3 വരെ തപാൽ വോട്ടിന് അപേക്ഷിക്കാൻ അവസരം നൽകുന്ന തരത്തിലുമുള്ള ക്രമീകരണം നിശ്ചയിച്ചിരുന്നു. ഇതിൽ മാറ്റമില്ല.

 നടപടിക്രമങ്ങൾ 

ഏറെക്കുറെ ഇങ്ങനെ

∙ ക്വാറന്റീനിൽ കഴിയുന്നവരുടെയും കോവിഡ് പോസിറ്റീവായവരുടെയും പട്ടിക തിരഞ്ഞെടുപ്പിനു 10 ദിവസം മുൻപു മുതൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ദിവസേന കലക്ടർക്കു കൈമാറും. കലക്ടർ ഇതു പരിശോധിച്ചു വരണാധികാരികൾക്കു നൽകും.

∙ പിന്നീട് പോളിങ് ഉദ്യോഗസ്ഥർ പൊലീസിന്റെ അകമ്പടിയോടെ വീട്ടിലോ ആശുപത്രിയിലോ എത്തി വോട്ടർക്കു തപാൽ ബാലറ്റും ഡിക്ലറേഷനും കൈമാറും. തപാൽ വോട്ടിനുള്ള അപേക്ഷയും വോട്ടറിൽ നിന്ന് ഒപ്പിട്ടു വാങ്ങും.

∙ വോട്ട് രഹസ്യമായി രേഖപ്പെടുത്തിയ ശേഷം എല്ലാം പ്രത്യേക കവറുകളിലാക്കി ഒട്ടിക്കും. ഇക്കാര്യങ്ങൾ വിഡിയോയിൽ പകർത്തും.

∙ പോൾ ചെയ്ത തപാൽ ബാലറ്റ് ഉദ്യോഗസ്ഥരുടെ കൈവശം ഏൽപിക്കാനോ അല്ലെങ്കിൽ പിന്നീടു ബന്ധുവിന്റെയോ ദൂതന്റെയോ കൈവശമോ തപാൽ മാർഗമോ വരണാധികാരിക്കു കൈമാറാനോ വോട്ടർക്ക് അവകാശമുണ്ടാകും.

∙ തപാൽ ബാലറ്റുകൾ വോട്ടെണ്ണൽ ദിവസം വരെ സ്ട്രോങ് റൂമിൽ സൂക്ഷിക്കും.

∙ വോട്ടെടുപ്പിനു തലേന്ന് ഉച്ചയ്ക്ക് 3 മണിക്കു ശേഷം കോവിഡ് പോസിറ്റീവാകുന്നവർക്കും ക്വാറന്റീലാകുന്നവർക്കും (ഇവർക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മുൻകൂട്ടി സർട്ടിഫിക്കറ്റ് നൽകും) പോളിങ് ബൂത്തിൽ എത്തി, മറ്റു വോട്ടർമാർ വോട്ടു ചെയ്ത ശേഷം അവസാന മണിക്കൂറിൽ പിപിഇ കിറ്റ് ധരിച്ചു വോട്ടു ചെയ്യാം. 

ഈ സമയം പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും പിപിഇ കിറ്റ് ധരിക്കണം.

English Summary: Covid patients to vote in local body elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com