ADVERTISEMENT

ന്യൂഡൽഹി / തിരുവനന്തപുരം ∙ വിവാദ പൊലീസ് നിയമ ഭേദഗതിയോടു സിപിഎം കേന്ദ്ര നേതൃത്വത്തിനും സിപിഐക്കും കടുത്ത വിയോജിപ്പ്. ക്രിയാത്മക അഭിപ്രായങ്ങളും നിർദേശങ്ങളും തീർച്ചയായും പരിഗണിക്കുമെന്നു സിപിഎം കേന്ദ്ര നേതൃത്വം ട്വിറ്ററിൽ വ്യക്തമാക്കി.

വിഷയത്തിൽ ആശങ്ക വേണ്ടെന്ന നിലപാടാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫെയ്സ്ബുക്കിൽ ആവർത്തിച്ചതെങ്കിലും, മാറ്റങ്ങളുണ്ടാകുമെന്ന സൂചന പോസ്റ്റിന്റെ അവസാനം നൽകുന്നുണ്ട്.കേന്ദ്ര നേതൃത്വത്തിന്റെ കർശന നിലപാടിന്റെ പശ്ചാത്തലത്തിലാണിതെന്നും അറിയുന്നു. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ ഇംഗ്ലിഷ് വിവർത്തനം കേന്ദ്ര നേതൃത്വം വിവിധ മാധ്യമങ്ങൾക്കു കൈമാറുകയും ചെയ്തു.

നിയമത്തെക്കുറിച്ച് ആശങ്കകളുണ്ടെന്നു മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ തന്നെ വ്യക്തമാണെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ സൂചിപ്പിച്ചു. എൽഡിഎഫ് ആശങ്കകൾ പരിഗണിക്കണമെന്നും ഇത്തരം വിഷയങ്ങൾ ഓർഡിനൻസിലൂടെ നിയമമാക്കുന്നതിനു തത്വത്തിൽ തങ്ങൾ എതിരാണെന്നും അദ്ദേഹം പറ‍ഞ്ഞു.പൊലീസ് നിയമ ഭേദഗതി പ്രാവർത്തികമാകുന്ന ഘട്ടത്തിൽ കുറവുകൾ പരിശോധിക്കാമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ഓർഡിനൻസ് ഇനി ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുന്ന ഘട്ടത്തിൽ വിവാദ വ്യവസ്ഥകൾ ഒഴിവാക്കുമെന്നാണു സൂചന.

യഥാർഥത്തിൽ സിപിഐയുടെ എതിർപ്പ് നിലനിൽക്കെയാണു ഓർഡിനൻസ് ഇറക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാർട്ടിയുടെ എതിർപ്പ് എത്ര കണ്ടു പരസ്യപ്പെടുത്തണമെന്നു ചർച്ച ചെയ്യുന്നതേയുള്ളൂ. ചികിത്സയിലായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശുപത്രി ഇന്നലെ ആശുപത്രി വിട്ടെങ്കിലും വീട്ടിൽ വിശ്രമത്തിലാണ്.നിയമഭേദഗതി മന്ത്രിസഭ ചർച്ച ചെയ്തപ്പോൾ സിപിഐയുടെ മന്ത്രി ഇ.ചന്ദ്രശേഖരൻ ആശങ്ക അറിയിച്ചിരുന്നു. സിപിഎമ്മിനെയും അഭിപ്രായ വ്യത്യാസം അറിയിച്ചു. തുടർന്നു പാർട്ടി മുഖപത്രമായ ‘ജനയുഗം’ ഒക്ടോബർ 26നു മുഖപ്രസംഗത്തിലൂടെ വിയോജിപ്പു പരസ്യമാക്കി. 

നിയമവൃത്തങ്ങളിലും മനുഷ്യാവകാശ പ്രവർത്തകർക്കിടയിലും മാധ്യമ ലോകത്തും ഇത് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പൊലീസിനു ലഭിക്കുന്ന അധികാരം ദുരുപയോഗപ്പെടുത്താൻ ഇടയുണ്ടെന്നും ‘ജനയുഗം’ ചൂണ്ടിക്കാട്ടി. അമിതാധികാരം ആർജിക്കാനുള്ള പൊലീസ് സമ്മർദങ്ങൾക്കു സർക്കാർ പലപ്പോഴും വഴങ്ങിക്കൊടുക്കുന്നുവെന്ന വിമർശനം എൽഡിഎഫിൽ ശക്തമാണ്. 

ഉദ്യോഗസ്ഥ സമ്മർദങ്ങളല്ല, എൽഡിഎഫ് സർക്കാരിനെ നയിക്കേണ്ടതു രാഷ്ട്രീയ നയമായിരിക്കണമെന്നു സിപിഐ ചൂണ്ടിക്കാട്ടുന്നു. ചില ഉദ്യോഗസ്ഥർ സർക്കാരിനെ വൻ കുഴപ്പത്തിലാക്കിയതു മറന്നോയെന്നും ചോദിക്കുന്നു.അതേസമയം, നിയമം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ വ്യക്തമായ നടപടിക്രമം (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ–എസ്ഒപി) തയാറാക്കുമെന്നാണു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചത്.

പരമാവധി ശിക്ഷ 3 വർഷം

തിരുവനന്തപുരം ∙ സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ തടയാനെന്ന പേരിൽ കൊണ്ടുവന്ന പൊലീസ് ഭേദഗതി നിയമം എല്ലാത്തരം വിനിമയ ഉപാധികൾക്കും ബാധകമാക്കിയാണു സർക്കാരിന്റെ വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്.

 ‍ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയാനെന്ന പേരിലുള്ള ഭേദഗതി, മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനാണെന്ന ആക്ഷേപം ഇതോടെ ശക്തമായി. സൈബർ മാധ്യമങ്ങളെന്ന പരാമർശം നിയമത്തിലെവിടെയുമില്ല.

5 വർഷം വരെ തടവു നൽകണമെന്നായിരുന്നു മന്ത്രിസഭാ ശുപാർശയെങ്കിലും ഗവർണറുടെ അംഗീകാരത്തിനു ശേഷം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇതു 3 വർഷമായി കുറച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ആനുപാതികമല്ലാത്ത ശിക്ഷ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കുമെന്നതാണു കാരണമെന്നു സൂചനയുണ്ട്.

ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി എന്നീ ലക്ഷ്യങ്ങളോടെ ഏതു വിനിമയ ഉപാധിയിലൂടെയും മറ്റുള്ളവർക്കെതിരെ വ്യാജ പ്രചാരണം നടത്തിയാൽ മൂന്നു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ നൽകാനാണു നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

നിർ‍ദയ നിയമം:പ്രശാന്ത് ഭൂഷൺ

അടിച്ചമർത്തൽ ലക്ഷ്യമിട്ടുള്ള നിർദയ നിയമമെന്നു മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. ഇത്തരം തീരുമാനങ്ങളെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നു കോൺഗ്രസ് നേതാവ് പി. ചിദംബരം ചോദിച്ചു. ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന രാജ്യത്തെ പ്രമുഖ ഗ്രൂപ്പുകളും ഭേദഗതി പിൻവലിക്കണമെന്ന്ആ വശ്യമുന്നയിച്ചു.

English Summary; Controversial police act amendment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com