ADVERTISEMENT

കണ്ണൂർ ∙ ബൂത്തുപിടിത്തവും അക്രമവുമുണ്ടായേക്കുമെന്ന് ആരോപിച്ച്, കണ്ണൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിനു കേന്ദ്രസേനയെ നിയോഗിക്കണമെന്ന ആവശ്യവുമായി കോൺഗ്രസും ബിജെപിയും. എന്നാൽ കേന്ദ്രസേന വരേണ്ട സാഹചര്യം ഇല്ലെന്നാണ് സിപിഎം നിലപാട്.

ജില്ലയുടെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങൾ നടക്കുന്നുണ്ട്. ചില സ്ഥാനാർഥികൾക്കു നേരെ കയ്യേറ്റശ്രമമുണ്ടായി. കഴിഞ്ഞദിവസം ചെറുതാഴം പഞ്ചായത്ത് ഒന്നാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭർത്താവിന്റെ സ്കൂട്ടർ കത്തിച്ചിരുന്നു. ജില്ലയിൽ ആയിരത്തിലധികം പ്രശ്നബാധിത ബൂത്തുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സിപിഎം ഭരിക്കുമ്പോൾ ബൂത്തുകളിൽ പൊലീസിന്റെ സംരക്ഷണം ലഭിക്കില്ലെന്നു കോൺഗ്രസും ബിജെപിയും പറയുന്നു. എന്നാൽ, 15 വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചതിന്റെ ജാള്യം മറയ്ക്കാനാണീ ആവശ്യമെന്നു സിപിഎം പറയുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലാണു സംസ്ഥാനങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കാറുള്ളത്. പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക സംരക്ഷണം നൽകുന്നതിനപ്പുറം തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കേന്ദ്രസേനയെ വിളിച്ചിട്ടില്ല.

കണ്ണൂരിൽ തദ്ദേശ തിരഞ്ഞെടുപ്പ് സിപിഎമ്മിന്റെ അക്രമമില്ലാതെ സുഗമമായി നടക്കണമെങ്കിൽ കേന്ദ്രസേന വരണം. വരാനിരിക്കുന്ന അക്രമത്തിന്റെ സൂചന സിപിഎം പലയിടത്തും നൽകുന്നുണ്ട്.

 സതീശൻ പാച്ചേനി, ഡിസിസി പ്രസിഡന്റ്

കേന്ദ്ര സേനയുടെ ആവശ്യം കണ്ണൂരിലില്ല. ജനങ്ങൾ സമാധാനപരമായാണു രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ഇതുവരെ ഒരു സംഘർഷവുമുണ്ടായിട്ടില്ല. പുകമറ സൃഷ്ടിക്കാനാണു കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമം.

 പി.ജയരാജൻ, സിപിഎം സംസ്ഥാന സമിതിയംഗം

പത്രിക സമർപ്പിച്ചവരെയും പിന്താങ്ങിയവരെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ സിപിഎം ശ്രമിച്ചത്, തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സുരക്ഷയൊരുക്കാൻ കേന്ദ്രസേനയെ നിയോഗിക്കണം.

 എൻ.ഹരിദാസ്, ബിജെപി ജില്ലാ പ്രസിഡന്റ്

കണ്ണൂരിൽ കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രശ്നബാധിത ബൂത്തുകളെക്കുറിച്ചു പൊലീസ് പ്രാഥമികമായി കണക്കെടുപ്പു നടത്തിയിട്ടുണ്ട്. കലക്ടറുമായിക്കൂടി ചർച്ച നടത്തും.

 ജി.എച്ച്.യതീഷ്ചന്ദ്ര, ജില്ലാ പൊലീസ് മേധാവി

English Summary: Kannur local body election, security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com